ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പെരുന്നാള്‍ യാത്രയില്‍ പങ്കെടുത്തവര്‍
കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി അമ്പതോളം പേരടങ്ങുന്ന പ്രവര്‍ത്തകരുമായി ഇത്തവണ ചെറിയ പെരുന്നാളിന് ഹത്തയിലേക്ക് ഒരു ടൂര്‍ സംഘടിപ്പിച്ചു. ഇതൊരു നേരമ്പോക്ക് യാത്രയായിരുന്നില്ല. യുവ തലമുറയെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെയുള്ള പ്രഖ്യാപനങ്ങളും യാത്രയില്‍ ഉണ്ടായിരുന്നു. എല്ലാവരിലേക്കും ലഹരി വിരുദ്ധ സന്ദേശം കൂടി പകര്‍ന്നു.
പ്രവാസ ലോകത്തെ പെരുന്നാളിന് സന്തോഷവും വേദനയും ഒരുപോലെയുണ്ട്. കുടുംബം കൂടെയില്ലാത്ത പെരുന്നാളുകള്‍ ഹൃദയങ്ങളിലുണ്ടാക്കുന്ന വേദന ചെറുതല്ല. കുടുംബം കൂടെയില്ലെങ്കിലും എല്ലാവരും ഒത്തുചേര്‍ന്ന് കുടുംബം കണക്കെ നടത്തുന്ന പെരുന്നാള്‍ യാത്രകള്‍ ഇത്തരം വേദനകളെ അകറ്റുന്നു. പലരും അത്തരം ബാച്ചിലേഴ്‌സ് യാത്രകള്‍ നടത്താറുണ്ടെങ്കിലും ഒരു കുടുംബം കണക്കെ, ഒരു വീട് കണക്കെ ആ യാത്രകള്‍ വളരെ മനോഹരമായി തീരാറുണ്ട്.
കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി അമ്പതോളം പേരടങ്ങുന്ന പ്രവര്‍ത്തകരുമായി ഇത്തവണ ചെറിയ പെരുന്നാളിന് ഹത്തയിലേക്ക് ഒരു ടൂര്‍ സംഘടിപ്പിച്ചു. ഞാന്‍ അടക്കം പലരും കുടുംബസമേതം യാത്രക്കുണ്ടായിരുന്നു. തനിച്ച് വന്നവരും ഇല്ലാതില്ല. ഗള്‍ഫിലെത്തിയ ആദ്യകാലങ്ങളില്‍ ഇത്തരം യാത്രകളില്‍ അണിനിരന്നിട്ടുണ്ടെങ്കിലും കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പെരുന്നാള്‍ യാത്രയില്‍ ഞാന്‍ പങ്കാളിയാവുന്നത്.
കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടിയും ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആറും ട്രഷറര്‍ ഡോ. ഇസ്മായിലും സംസ്ഥാന കെ.എം.സി.സി ഭാരവാഹികളായ അഡ്വ. ഖലീലും അഫ്‌സല്‍ മെട്ടമ്മലും ജില്ലയുടെ പ്രധാന ഭാരവാഹികളും അവരുടെ കുടുംബവും അടക്കം അണിനിരന്ന യാത്ര. യാത്രയെ മനോഹരമാക്കാനുള്ള ജില്ലാ ഭാരവാഹികളായ സലാം തട്ടാനിച്ചേരി, സി.എച്ച് നൂറുദ്ദീന്‍, മൊയ്തീന്‍ ബാവ, റഫീഖ് പടന്ന, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മൊഹ്സിന്‍, പി.ഡി നൂറുദ്ദീന്‍, സുബൈര്‍ കുബണൂര്‍, സിദ്ദീഖ് ചൗക്കി, ബഷീര്‍ പാറപ്പള്ളി എന്നിവരുടെ ഉത്സാഹം യാത്രക്ക് പത്തരമാറ്റിന്റെ തിളക്കം ചാര്‍ത്തിയെന്ന് പറയാതിരിക്കാനാവില്ല.
പെരുന്നാള്‍ തിരക്ക് അതിന്റെ പാരമ്യത്തിലെത്തിയ നേരത്താണ് ഞങ്ങളും ഹത്തയില്‍ എത്തിച്ചേര്‍ന്നത്. കരുതി വെച്ചിരുന്ന സംസം മന്തിയും കഴിച്ചു പള്ളിയില്‍ പോയി പ്രാര്‍ത്ഥനയും മറ്റും കഴിഞ്ഞ് എല്ലാവരും ഹത്ത ഡാം കാണാന്‍ ചെന്നു. മരുഭൂമിയില്‍ വലിയ പാറമലകളുടെ ഇടയില്‍ അതി മനോഹരമായ അണക്കെട്ട്. നയന മനോഹരമായിരിക്കുന്നു ആ കാഴ്ചകള്‍. മില്യണ്‍സ് ദിര്‍ഹമുകള്‍ മുടക്കി അതിനോട് അനുബന്ധ സൗകര്യങ്ങള്‍ ഉണ്ടാക്കുകയും വിനോദ സഞ്ചാരികള്‍ക്ക് കയാക്കിംഗ് ബോട്ട് തുഴയാനും മറ്റും സൗകര്യം ഒരുക്കിയത് നല്ല ഹരം ജനിപ്പിച്ചു. ഇരുട്ടായപ്പോഴാണ് ഞങ്ങള്‍ മടങ്ങിയത്.
പോകുമ്പോഴും മടങ്ങുമ്പോഴും ബസ്സില്‍ അവതാരകന്‍ ഷംസു മാസ്റ്റര്‍ തന്റെ ആവനാഴിയിലെ എല്ലാ അമ്പുകളും തൊടുത്തു വിട്ട് യാത്രാവഴികളിലെ വിസ്മയങ്ങളെ ഞങ്ങള്‍ക്ക് മുന്നില്‍ വരച്ചിട്ടിരുന്നു. പോരാത്തതിന് ക്വിസ് മത്സരങ്ങളും യാത്രാസംഘത്തിലെ മികച്ച ഗായികാ-ഗായകന്മാരുടെ ഗാനാലാപനങ്ങളും യാത്രയുടെ ദൈര്‍ഘ്യം കുറച്ചുതന്നു. പിന്നീട് ചെന്നത് മരുഭൂമിയില്‍ ഒരുക്കിയ ബാര്‍ബിക്ക്യു മഹ്ഫിലിലാണ്. അവിടെ കുടുംബാംഗങ്ങളുടെ കലാമേളയും മത്സരങ്ങളും അരങ്ങേറി. പ്രതിഭാശാലികളായ കുരുന്നുകളുടെ അത്ഭുതപ്പെടുത്തുന്ന വിജ്ഞാനവും കഴിവും ഞങ്ങള്‍ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. സമൂഹത്തെ നയിക്കാന്‍ പ്രാപ്തരായ ഒരുനിര വളര്‍ന്നുവരികയാണെന്ന് ആ കുട്ടികളുടെ പ്രകടനങ്ങള്‍ കണ്ട് മനസ്സ് മന്ത്രിച്ചു. ആര്‍ക്കും മടങ്ങാന്‍ തോന്നിയില്ല. പുലര്‍ച്ചെ രണ്ട് മണിക്കാണ് അവിടെ നിന്ന് ഇറങ്ങിയത്.
ഇതൊരു നേരമ്പോക്ക് യാത്രയായിരുന്നില്ല. യുവ തലമുറയെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെയുള്ള പ്രഖ്യാപനങ്ങളും യാത്രയില്‍ ഉണ്ടായിരുന്നു. എല്ലാവരിലേക്കും ലഹരി വിരുദ്ധ സന്ദേശം കൂടി പകര്‍ന്നു. ലഹരി ഉപഭോഗം ഇന്ന് സമൂഹത്തെ വെല്ലുവിളിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ്. ഇതിന്റെ പിടിയില്‍ നിരവധി യുവാക്കള്‍ കുടുങ്ങുകയും കുടുംബങ്ങള്‍ തകര്‍ന്നുപോകുകയും ചെയ്യുന്നു. ലഹരിക്കെതിരെ ധാര്‍മിക മുന്നേറ്റം നടത്തേണ്ടത് അനിവാര്യമാണെന്നും വര്‍ത്തമാന കാലത്ത് പ്രായ ഭേദമന്യേ ലഹരിയുടെ ചതിക്കുഴിയില്‍ വീഴുന്ന ഭീകരമായ അവസ്ഥ തുറന്ന് കാട്ടിക്കൊടുക്കേണ്ടതുണ്ടെന്നും ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതില്‍ കുടുംബങ്ങള്‍ക്കുള്ള പങ്കിനെ ബോധവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞും യാത്രയെ കാര്യ ഗൗരവത്തിലേക്ക് കൂടി കൊണ്ടുപോവാന്‍ കഴിഞ്ഞു. ദുബായിലെ കാസര്‍കോട് പ്രദേശവാസികളുടെ വരാനിക്കുന്ന സംഗമമായ 'ഹല കാസ്രോട്' എന്ന ജില്ലാ കെ.എം.സി.സിയുടെ മെഗാ പരിപാടിയുടെ വിളംബരവും ഈ യാത്രയില്‍ വിളിച്ചോതി.
പ്രവാസം ഒറ്റപ്പെടലിന്റെ തുരുത്തല്ലെന്നും കൂടിച്ചേര്‍ന്നാല്‍ ഇമ്പമാര്‍ന്ന സംഗമങ്ങളായി അവ മാറുമെന്നും പ്രവാസ ലോകത്തെ ഇത്തരം ഓരോ യാത്രകളും വിളിച്ചുപറയുന്നു. റമദാനും പെരുന്നാളും യാത്രകളുടെ കാലമാണ് ഗള്‍ഫിന്.
റമദാനില്‍ ഉംറ നിര്‍വഹിക്കാനായി മക്ക-മദീന പുണ്യഭൂമിയിലേക്കാണെങ്കില്‍ പെരുന്നാളിനും തുടര്‍ന്നുള്ള ദിവസങ്ങളിലും ആഘോഷയാത്രകള്‍ ഗള്‍ഫിന്റെ മനോഹരമായ ഡസ്റ്റിനേറ്റുകളിലേക്കാണ്.
മത്സരവിജയികള്‍ക്കും കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വാരി നല്‍കി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ആഘോഷം പൂത്തുലഞ്ഞ 18 മണിക്കൂറുകള്‍ പിന്നിട്ടിരുന്നു.
ഹത്ത അണക്കെട്ടില്‍ നിന്നുള്ള കാഴ്ച
യാത്രയോടനുബന്ധിച്ച് നടത്തിയ ലഹരി വിരുദ്ധ സദസ്