അരിയെത്ര? പയറഞ്ഞാഴി

By :  Sub Editor
Update: 2024-11-22 06:20 GMT

ഇന്നലെ അപൂര്‍വമായ ഒരു സമരൈക്യമാണ് വയനാട്ടില്‍ സംഭവിച്ചത്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ട് മൂന്നരമാസം പിന്നിട്ടിട്ടും ഒരു പൈസപോലും പ്രത്യേക ദുരിതാശ്വാസനിധിയായി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഹര്‍ത്താലാചരിക്കുകയായിരുന്നു. ആദ്യം യു.ഡി.എഫും പിന്നീട് എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പുനരധിവാസത്തിന് പ്രത്യേകനിധി അനുവദിക്കണമെന്ന് സംസ്ഥാന നിയമസഭ ഒക്ടോബര്‍ 14ന് ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയതാണ്. എന്നിട്ടും ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ സമവായമുണ്ടായില്ല. ഏതായാലും വയനാടിന്റെ, കേരളത്തിന്റെ പൊതുപ്രശ്‌നമുയര്‍ത്തി ഭരണപക്ഷവും പ്രതിപക്ഷവും സമരരംഗത്തിറങ്ങിയത് ശ്ലാഘനീയമാണ്.

വയനാട്ടില്‍ ജൂലായ് 30ന് ഉണ്ടായ ദുരന്തത്തെ വിവരിക്കാന്‍ നമുക്കാര്‍ക്കും വാക്കുകള്‍പോലുമില്ല -അത്ര ഭയങ്കരമായ സംഭവമാണുണ്ടായത്. ഇരുട്ടിവെളുക്കുമ്പോഴേക്കും രണ്ട് ഗ്രാമങ്ങള്‍ ഇല്ലാതാവുകയായിരുന്നു. അഞ്ഞൂറിലധികം മനുഷ്യജീവനുകളാണ് ഒറ്റ രാത്രിയിലെ ഉരുള്‍പൊട്ടലിലൂടെ നഷ്ടപ്പെട്ടത്. ജന്തുജാല നഷ്ടവും പ്രകൃതിക്കുണ്ടായ നഷ്ടവും വിവരണാതീതം. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസപ്രവര്‍ത്തനവുമാണ് അവിടെ ജനകീയസഹകരണത്തോടെ നടത്തിയത്. ആയിരക്കണക്കിനാളുകള്‍ വീടും വിഭവങ്ങളുമെല്ലാം നഷ്ടപ്പെട്ട് താല്‍ക്കാലിക താമസസ്ഥലങ്ങളില്‍ കഴിയുകയാണ്. അവരെയെല്ലാം പുനരധിവസിപ്പിക്കാന്‍ രണ്ടായിരം കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് മതിയായ കേന്ദ്രസഹായം ലഭ്യമാക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. ആഗസ്ത് 10ന് തന്നെ കേന്ദ്ര സംഘം സ്ഥലത്തെത്തി പരിശോധന നടത്തി കണക്കെടുപ്പ് നടത്തിയതാണ്. ആഗസ്ത് 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥലത്തെത്തുകയും ദുരന്തഭൂമി സന്ദര്‍ശിക്കുകയും ആസ്പത്രിയിലെത്തി പരിക്കേറ്റവരെ കാണുകയും ചെയ്തതാണ്. അവലോകനയോഗവും നടത്തിയതാണ്. അത് കഴിഞ്ഞ് ഇപ്പോള്‍ നൂറുദിവസമാവുകയാണ്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല എന്നാണ് കേന്ദ്രം ഇപ്പോള്‍ പറയുന്നത്. തീവ്രദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക സഹായം നല്‍കുക, ദുരന്തത്തിനിരയായവരുടെ കടങ്ങള്‍ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുയാണ് കേന്ദ്രം. കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കോടതി പലതവണ ആവശ്യപ്പെട്ടിട്ടും കൃത്യമായ ഉത്തരം നല്‍കാന്‍ മടിക്കുകയാണ് കേന്ദ്രം.

അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന മട്ടിലുള്ള മറുപടിയാണ് കേന്ദ്രത്തിന്റേത്. എസ്.ഡി.ആര്‍.എഫില്‍ 388 കോടി അനുവദിച്ചതവിടെയില്ലേ, അതുപയോഗിക്കൂ എന്ന മറുപടിയുടെ അര്‍ത്ഥം മറ്റെന്താണ്. എസ്.ഡി.ആര്‍.എഫ്. അതായത് സ്റ്റേറ്റ് ഡിസാസ്റ്റര്‍ റസ്‌പോണ്‍സ് ഫണ്ട് ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് സ്ഥിരം സംവിധാനമാണ്. ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിനും മറ്റുമായി ഉള്ളത്. 2021 മുതല്‍ 26 വരെയുള്ള കാലത്തേക്ക് കേരളത്തിന് 1852 കോടി രൂപയാണ് എസ്.ഡി.ആര്‍. എഫ്. അതില്‍ 75 ശതമാനമാണ് കേന്ദ്രവിഹിതം. അതില്‍ ഈ വര്‍ഷത്തേക്കുള്ള തുകയാണ് 388 കോടി നല്‍കിയെന്ന് പറയുന്നത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പ്രത്യേക ദുരിതാശ്വാസമല്ല അത്. കേന്ദ്രഭരണകക്ഷി ഭരിക്കുന്ന പല സംസ്ഥാനങ്ങള്‍ക്കും കയ്യയച്ച് നല്‍കുമ്പോള്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ വല്ലാതെ ഞെരുക്കുകയാണ് കേന്ദ്രം എന്ന ആക്ഷേപമാണ് പ്രതിപക്ഷനേതാക്കള്‍ ഉന്നയിക്കുന്നത്.

കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണന കൂടിക്കൂടിവരികയാണെന്ന ആക്ഷേപം പൊതുവേ ഉയരുകയാണ്. വിദ്യാഭ്യാസനിലവാരവും ആരോഗ്യപരിരക്ഷാസംവിധാനവും കേരളത്തില്‍ മെച്ചപ്പെട്ടതായതിനാല്‍ ആ മേഖലയിലെ സഹായം വെട്ടിക്കുറക്കുന്നു. ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയതും ഫണ്ട് വെട്ടിക്കുറക്കുന്നതിന് കാരണമാകുന്നു. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് കേന്ദ്രനികുതി വിഹിതമായി കേരളത്തിന് കിട്ടിയത് 3.9 ശതമാനമാണ്. അതിപ്പോള്‍ 1.9 ശതമാനമായി പകുതിയിലും കുറഞ്ഞിരിക്കുന്നു. ജനസംഖ്യയും ഭൂവിസ്തൃതിയും കുറവാണെന്ന് പറഞ്ഞാണ് ഈ വിവേചനം. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രത്തില്‍നിന്ന് നേരത്തെ 4.54 ശതമാനം വരെ സഹായധനം ലഭിച്ചിരുന്നു -അതായത് കേന്ദ്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആകെ നല്‍കുന്ന ഫണ്ടിന്റെ 4.54 ശതമാനം വരെയാണ് 15 വര്‍ഷം മുമ്പുവരെ നല്‍കിയത്. അതിപ്പോള്‍ പകുതിയായി. കേരളത്തില്‍നിന്ന് കേന്ദ്രത്തിന് ലഭിക്കുന്ന നികുതിവരുമാനത്തിന്റെ തോതില്‍ ഇവിടെ വിഹിതം ലഭിക്കുന്നില്ലെന്ന നിലയിലേക്കാണെത്തുന്നത്. വലിയൊരു പ്രകൃതിദുരന്തമാണ് വയനാട്ടില്‍ ഉണ്ടായത്.

ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി അറച്ചുനില്‍ക്കാതെ അടിയന്തരമായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാതെ അവഗണന തുടരുകയാണിപ്പോള്‍.

മൂന്നു പതിറ്റാണ്ടോളം മുമ്പ് കേന്ദ്രത്തിന്റെ അവഗണന വല്ലാതെ മൂത്തപ്പോള്‍ അന്നത്തെ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ ഒരു പ്രസംഗം ഓര്‍ക്കുന്നവരുണ്ടാകാം. കേരളത്തിന് അനുവദിക്കുമെന്ന് വാഗ്ദത്തം ചെയ്യപ്പെട്ട കാപ്രോലാക്ടം പ്ലാന്റ്പഞ്ചാബിലേക്ക് മാറ്റുന്ന സ്ഥിതിവന്നപ്പോഴാണ് ബാലകൃഷ്ണപിള്ള വേണ്ടിവന്നാല്‍ പഞ്ചാബ് മോഡല്‍ സമരം എന്ന തെറ്റായ പ്രതികരണം നടത്തിയത്. കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പിള്ളയ്ക്ക് അതിന്റെ പേരില്‍ സ്ഥാനം രാജിവെക്കേണ്ടിവന്നു. കുറച്ചുകാലം കഴിഞ്ഞാണ് പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെത്തിയത്. കാപ്രോലാക്ടം പ്ലാന്റ് ഇപ്പോഴും വന്നില്ല.

അടുത്തതായി കേരളത്തിന് വാഗ്ദാനം ചെയ്യപ്പെട്ടതാണ് കോച്ച് ഫാക്ടറി. പാലക്കാട് അതിനായി സ്ഥലം ലഭ്യമാക്കി. കേന്ദ്ര റെയില്‍ ബജറ്റില്‍ പ്രാരംഭപ്രവര്‍ത്തനത്തിനായി തുക നീക്കിവെക്കുകയും കേന്ദ്ര റെയില്‍വെ മന്ത്രി പ്രണബ് മുഖര്‍ജി പാലക്കാട്ട് വന്ന് അതിന് തറക്കല്ലുമിട്ടു. നാലഞ്ചുകൊല്ലം അതിനെക്കുറിച്ച് വാദവും പ്രതിവാദവുമെല്ലാം നടന്നു. കോച്ച് ഫാക്ടറി സ്ഥാപിക്കാനുള്ള പദ്ധതിതന്നെ പിന്നീട് ഉപേക്ഷിക്കപ്പെട്ടു. ആ പദ്ധതി ഉത്തരേന്ത്യയിലേക്ക് മാറ്റി. കണ്ണൂര്‍ ഇരിണാവില്‍ സംസ്ഥാന വ്യവസായ വകുപ്പ് പൊന്നുംവില കൊടുത്ത് വാങ്ങിയ 90 ഹെക്ടര്‍ സ്ഥലം കേന്ദ്രത്തിന്റെ കോസ്റ്റ് ഗാഡ് അക്കാദമിക്കായി വിട്ടുകൊടുത്തു. അവിടെയും ഒരു കല്ലിട്ടു. ഇപ്പോള്‍ പദ്ധതി ഉപേക്ഷിച്ചുവെന്ന് മാത്രമല്ല സംസ്ഥാന സര്‍ക്കാറിന് സ്ഥലം തിരിച്ചുനല്‍കിയതുമില്ല. കേരളത്തിന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അനുവദിക്കണമെന്ന ആവശ്യം എത്രയോ കാലമായി ഉയരുന്നതാണ്. മറ്റ് മിക്ക സംസ്ഥാനത്തും എയിംസ് ആരംഭിച്ചിട്ടും കേരളത്തില്‍ അതനുവദിക്കാതെ നീട്ടിനീട്ടിക്കൊണ്ടുപോവുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ജില്ല, ആരോഗ്യമേഖലയില്‍ ഏറ്റവും അവഗണിക്കപ്പെട്ട സ്ഥലം എന്നെല്ലാമുള്ള പരിഗണനയില്‍ കാസര്‍കോട്ട് അത് സ്ഥാപിക്കണമെന്ന ആവശ്യം നേരത്തെ മുതല്‍ ശക്തമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നതാണ്. നിഷേധാത്മക സമീപനം മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാവുമോ? വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാന്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളത്തിന്റെയാകെ ഒറ്റക്കെട്ടായ സമ്മര്‍ദ്ദമുണ്ടാവണം.

-കെ. ബാലകൃഷ്ണന്‍