'തീപിടിച്ച പള്ളി'യിലെ 'ചെന്തീ...' ആരുടെ നേര്‍ക്കെറിഞ്ഞ പന്തം
എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍ എഴുതി, ഉത്തരദേശം പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന 'മാനവികാദര്‍ശം-സമൂഹത്തിലും ഉബൈദ് കവിതയിലും' എന്ന പുതിയ പുസ്തകം ഉബൈദിന്റെ കവിതകളിലെ ആശയങ്ങളെ പരിചയപ്പെടുത്തുന്നത് വ്യത്യസ്തമായ കോണിലൂടെയാണ്. ഉബൈദ് കവിതകളിലെ ചില വരികള്‍ ഉദ്ധരിച്ച് ഗ്രന്ഥകാരന്‍ വായനക്കാരനോട് പറയുന്നതെന്ത്? ഇതുവരെ ആരും ഉന്നയിക്കാത്ത നിഗമനങ്ങളും വ്യാഖ്യാനങ്ങളുമായി ഈ പുസ്തകം വലിയ ചര്‍ച്ചയാവുമെന്ന് തീര്‍ച്ച.
'തീപിടിച്ച പള്ളി' എന്ന അഗ്നിപന്തം ടി. ഉബൈദിന്റെ പേനത്തുമ്പില്‍ നിന്നിറങ്ങി വന്നിട്ട് അഞ്ച് പതിറ്റാണ്ടിലേറെയായി. ഉബൈദിന്റെ കവിതകളില്‍ ഏറെ ശ്രദ്ധേയമായതും വലിയ ചര്‍ച്ചയായതുമായ ഈ കവിതയിലെ പള്ളിക്ക് തീപിടിച്ച'ല്‍ല്ലാ'!യിച്ചെന്തീ കെടുത്തുവാനാരുമില്ലേ? എന്ന് തുടങ്ങുന്ന വരികളിലെ 'ചെന്തീ' എന്ന പ്രയോഗം ആര്‍ക്ക് നേരെയുള്ള തീ പന്തമാണ്?
അടുത്തയാഴ്ച പ്രകാശിതമാവുന്ന, അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്റെ 'മാനവികാദര്‍ശം-സമൂഹത്തിലും ഉബൈദ് കവിതയിലും' എന്ന പുസ്തകത്തിലെ ചില വിലയിരുത്തലുകള്‍ ഇത്തരമൊരു ചോദ്യം ഉയര്‍ത്തുന്നു. അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്റെ മൂന്നാമത്തെ പുസ്തകമായാണ് 'മാനവികാദര്‍ശം-സമൂഹത്തിലും ഉബൈദ് കവിതയിലും' അടുത്തമാസം ഒന്നിനാണ് പുസ്തകം വായനക്കാരുടെ കയ്യിലെത്തുന്നത്. ഉത്തരദേശമാണ് പ്രസാധകര്‍. ഉത്തരദേശം പബ്ലിക്കേഷന്‍സിന്റെ ബാനറില്‍ ആദ്യമായി ഇറങ്ങുന്ന പുസ്തകമാണിതെന്ന പ്രത്യേകത കൂടിയുണ്ട്.
ഉബൈദിനെ നന്നായി അറിയുകയും അദ്ദേഹത്തിന്റെ കവിതകളെ പഠനവിധേയമാക്കുകയും സസൂക്ഷമം നിരീക്ഷിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ പുതിയ പുസ്തകത്തില്‍ ബി.എഫ് വക്കീലിന്റെ നിഗമനങ്ങളും വിലയിരുത്തലുകളും വലിയ ചര്‍ച്ചയായേക്കും. അതില്‍, തീപിടിച്ച പള്ളിയിലെ 'ചെന്തീ' പ്രയോഗത്തെ അദ്ദേഹം വിലയിരുത്തുന്നത് കമ്മ്യൂണിസത്തിനെതിരെയുള്ള ഒളിയമ്പായാണ്. ഭൂപരിഷ്‌കരണ നിയമവുമായി ബന്ധപ്പെട്ടടക്കം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ചില തീരുമാനങ്ങള്‍ ഉബൈദിനെ പിണക്കിയിരുന്നോ എന്ന ചോദ്യവും പുസ്തക രചയിതാവ് മുന്നോട്ട് വെക്കുന്നുണ്ട്.
പുതിയ പുസ്തകത്തിലെ 48 മുതല്‍ 50 വരെയുള്ള പേജുകളിലാണ് അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍ ചെന്തീയെ വിലയിരുത്തി സംസാരിക്കുന്നത്. ആ ഭാഗം ഇങ്ങനെ പോവുന്നു:
'കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യവുമായി വന്ന ഭൂപരിഷ്‌കരണ നിയമം പല പ്രത്യാഘാതങ്ങളും ഉണ്ടാക്കി. ഭൂവുടമകള്‍ കുടിയാന്മാരെ വല്ലാതെ ചൂഷണം ചെയ്തത് മറക്കാവുന്നതല്ലെങ്കിലും ഭൂവുടമയുടെ മുഴുവന്‍ ഭൂമിയും ഒരു സുപ്രഭാതത്തില്‍ നിയമത്തിന്റെ ബലം പ്രയോഗിച്ച് കുടിയാന്മാര്‍ക്ക് പതിച്ച് കൊടുക്കുക എന്നത് ഭൂവുടമകളെ ദരിദ്രരാക്കാന്‍ കാരണമായി. അവര്‍ക്ക് വേറെ വരുമാനമോ ജോലിയോ ഇല്ലായിരുന്നു. ആ സാഹചര്യത്തില്‍ ഷംനാട് സാഹിബ് ഒരു ഭേദഗതി നിര്‍ദ്ദേശിച്ചു.
മുഴുവന്‍ ഭൂമിയും കുടിയാന്മാര്‍ക്ക് കൊടുക്കുന്നത് ഉചിതമല്ല, ജീവിക്കാനാവശ്യമായ ചെറിയൊരു ഭാഗം ഭൂവുടമയില്‍ തന്നെ നിക്ഷിപ്തമാക്കുക എന്നതായിരുന്നു നിര്‍ദ്ദേശം.
അത് അവതരിപ്പിച്ചപ്പോള്‍ ഗൗരിയമ്മ എണീറ്റ് നിന്ന് 'മുതാലാളിമാര്‍ പത്തായത്തില്‍ കിടന്നുറങ്ങുന്ന കാലം പോയി വക്കീലേ' എന്ന് പറഞ്ഞുകൊണ്ട് നഖശിഖാന്തം എതിര്‍ത്ത കാര്യം ചിരിച്ചുകൊണ്ട് ഷംനാട് സാഹിബ് അനുസ്മരിക്കുമായിരുന്നു. മതാത്മകമായി ജീവിക്കുന്ന കുടിയാന്മാര്‍ക്ക് തന്നെയും ഈ ഭൂപരിഷ്‌കരണ നിയമം ദഹിച്ചിരുന്നില്ലാ എന്നതും യാഥാര്‍ത്ഥ്യമാണ്...'
വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കാറുള്ള കവി തന്റെ കവിതയില്‍ 'ചെന്തീ' എന്ന് ഉപയോഗിച്ചത് തനിക്ക് ദഹിക്കാത്ത ഒരു പ്രത്യയശാസ്ത്രത്തെയും പ്രസ്ഥാനത്തെയും കുറിച്ചല്ലേഎന്നാണ് പുസ്തകം ചോദിക്കുന്നത്. കമ്മ്യൂണിസത്തിന്റെ നിറം ചുവപ്പാണല്ലോ എന്ന് ഇതിന് ഉദാഹരണമായി ഗ്രന്ഥകാരന്‍ വിശേഷിപ്പിക്കുന്നുണ്ട്. വള്ളത്തോള്‍ ഒരു സ്ഥലത്ത് ചെന്തീ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിലും. സാധാരണ ഗതിയില്‍ തീയെ ചെന്തീയെന്ന് പറയാറില്ലെന്നും കമ്മ്യൂണിസത്തെ തന്നയാണ് കവി വിമര്‍ശിച്ചതെന്നുമാണ് ഗ്രന്ഥകാരന്റെ വാദം.
ഇതേ കവിതയില്‍ മൗലവിമാരും മുസ്ലിയാക്കന്മാരും ഖാസിമാരും എവിടെയെന്ന് കവി ചോദിക്കുന്നതിനെയും പുസ്തകത്തില്‍ വിലയിരുത്തുന്നുണ്ട്. ഇത് സമുദായത്തെ കരിച്ചുകളയുന്ന എരിതീയാണെന്ന് ഉബൈദ് ഓര്‍മ്മപ്പെടുത്തുന്നത് അടിസ്ഥാനപരങ്ങളല്ലാത്ത അഭിപ്രായഭിന്നതകളെ ഊതിപ്പൊക്കി തമ്മിലടിക്കുകയും സാധുക്കളായ പൊതുജനങ്ങളുടെ ചെലവില്‍ പാതിരാ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തിരുന്ന പണ്ഡിതന്മാരെ കുറിച്ചാണെന്നും ചില വരികളെ ഉദ്ധരിച്ച് ഗ്രന്ഥകാരന്‍ വിലയിരുത്തുന്നുണ്ട്. കവിതയിലെ ആ വരികള്‍ ഇവയാണ്:
വട്ടമിട്ടോത്തുനടത്തുന്ന മൊല്ലാ
മുതഅല്ലി11മെങ്ങിരിപ്പൂ?
വാദവിവാദത്താല്‍ ജീവിക്കും
മൗലവി, മുസ്ലിയാരെങ്ങിരിപ്പൂ?
.............................................
.............................................
ഈടുറ്റൊരായത്തു3 കൊത്തിയ തൂണുകള്‍
മുറ്റും കരിഞ്ഞിടവേ;
ഇല്‍മിന്റെ4 കേദാരമാകും കിത്താബു5കള്‍
ചാരമായ്ത്തീര്‍ന്നീടവേ!
എഴുപതോളം പേജുകളുള്ള പുസ്തകത്തില്‍, ഉബൈദിന്റെ കവിതകളെ അടിസ്ഥാനമാക്കി വേറെയും കുറെ ചോദ്യങ്ങള്‍ സമൂഹത്തിന് നേരെ പുസ്തക രചയിതാവ് ഉയര്‍ത്തുന്നുണ്ട്. മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റിലാണ് പുസ്തകത്തിന് അവതാരിക എഴിതിയിരിക്കുന്നത്.
കല സമൂഹത്തിന് വേണ്ടിയാണെന്ന നിലപാടില്‍ ഉറച്ച് നിന്നുകൊണ്ട് ഉബൈദ് മാഷ് നിര്‍വഹിച്ച രചനകളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകമെന്നും ഉബൈദ് മാഷുടെ കൃതികളെക്കുറിച്ചും രചനാ ലോകത്തെ കുറിച്ചും പുതിയ ആഖ്യാനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വെളിച്ചം പകരാന്‍ ഈ കൃതി വഴികാട്ടിയാകുമെന്നും ഫൈസല്‍ എളേറ്റില്‍ അവതാരികയില്‍ കുറിക്കുന്നു.
അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍ ആദ്യം എഴുതിയ പുസ്തകവും ഉബൈദിനെ കുറിച്ചായിരുന്നു. 'ഉബൈദ് ഓര്‍മ്മ' എന്ന പുസ്തകം വായനക്കാര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 'മൊയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം' എന്ന പുസ്തകമാണ് രണ്ടാമത് ഇറങ്ങിയത്.