കുളിക്കാത്ത കൊക്കിനേക്കാള്‍ അഭികാമ്യം കുളിക്കുന്ന കാക്ക തന്നെ

Update: 2025-04-18 10:52 GMT

കറുക്കുന്നത് കുഴപ്പമാണെന്നറിഞ്ഞില്ല ഞാന്‍... -2

കറുപ്പ് വെറുമൊരു നിറമായതുകൊണ്ടല്ല, മറിച്ച് അധീശത്വ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് അതിനെ വെറുപ്പിന്റെയും വൈരൂപ്യത്തിന്റെയും പ്രതിരൂപമാക്കി മാറ്റിത്തീര്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് കറുപ്പിന് നിറമെന്നതിലപ്പുറമുള്ള ഒരു രാഷ്ട്രീയമാനം ഇന്ന് ലഭിക്കുന്നത്.

ശരിയാണ്, ഇന്നുപോലും പത്രങ്ങളില്‍ വെളുത്ത സുന്ദരികളും സുന്ദരന്മാരും മാത്രമാണ് വിവാഹപരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതെന്നറിയുമ്പോള്‍ ശാലിനിയെപ്പോലുള്ള കറുത്ത സുന്ദരികളെ കെട്ടിച്ചയക്കാന്‍ എത്രയെത്ര പൊന്നും പണവും ചെലവാക്കണമെന്ന് അവളുടെ അമ്മയെപ്പോലുള്ളവര്‍ വേവലാതിപ്പെടുമ്പോള്‍, ഈ ശരീരം മരിച്ചു മണ്ണടിയുന്നതിന് മുമ്പ് ഒന്ന് വെളുത്തുകാണുമോ എന്ന് എന്റെ ബന്ധത്തില്‍പ്പെട്ട പെണ്‍കുട്ടി ആശങ്കപ്പെടുമ്പോഴൊക്കെ വര്‍ണാന്ധതയുടെ മാരകമായ സാന്നിധ്യത്തോട് നിര്‍ദാക്ഷിണ്യം പൊരുതാനുള്ള വീര്യമാണ് നമുക്കുണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ ഇന്നുള്ളത്, സ്വന്തം നിറത്തെ രണ്ടാംതരമായിക്കണ്ട് അതിനെ ഒന്നാംതരമാക്കിത്തീര്‍ക്കാനുള്ള തത്രപ്പാടുകളാണ്. സൗന്ദര്യവര്‍ധക വസ്തുക്കളുടെ പ്രചരണം (വില്‍പനയല്ല) ഇന്ത്യയിലിന്ന് 350 ബില്യന്‍ രൂപയോളം എത്തിനില്‍ക്കുമ്പോള്‍ കറുത്ത മുതലാളിമാര്‍ മാത്രമല്ല, കറുത്ത തൊഴിലാളിയും ഒരേ വര്‍ണാന്ധതയുടെ 'ബ്യൂട്ടി പാര്‍ലറി'ലാണ് ശരീരം കൊണ്ടും മനസുകൊണ്ടും നിത്യവും കയറിയിറങ്ങുന്നത്.

യാതൊരു പരിചയമില്ലാത്തവര്‍പോലും ചുമ്മാ വന്ന് ചോദിച്ചുകളയും 'എന്താ കറുത്തുപോയല്ലോ; എന്തുപറ്റി?' എന്നൊക്കെ. ടെന്‍ഷനടിപ്പിക്കാനുള്ള ചോദ്യങ്ങളാണിവയൊക്കെ. മുമ്പും ഞാനത്ര വെളുത്തവളൊന്നുമായിരുന്നില്ല, കറുക്കുന്നതത്ര കുഴപ്പമാണോ? എന്നൊക്കെ തിരിച്ചു ചോദിച്ച് ചോദ്യകര്‍ത്താക്കളെ ഇളഭ്യരാക്കാനുള്ള ആത്മവിശ്വാസമാണ് നാം നമ്മുടെ കുട്ടികളിലുണ്ടാക്കേണ്ടത്. കറുപ്പ് വെറുമൊരു നിറമായതുകൊണ്ടല്ല, മറിച്ച് അധീശത്വ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അതിനെ വെറുപ്പിന്റെയും വൈരൂപ്യത്തിന്റെയും പ്രതിരൂപമാക്കി മാറ്റിത്തീര്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് കറുപ്പിന് നിറമെന്നതിലപ്പുറമുള്ള ഒരു രാഷ്ട്രീയമാനം ഇന്ന് ലഭിക്കുന്നത്. ലോകം കീഴടക്കാന്‍ വെള്ളക്കാരന് കഴിഞ്ഞതുകൊണ്ടും അപരവല്‍ക്കരണത്തെ മുറിച്ചുകടന്ന് സ്വന്തം കാലത്തെ അഭിമുഖീകരിക്കാന്‍ പലര്‍ക്കും പ്രയാസമുള്ളതുകൊണ്ടുമാണ് ഇന്ന് കറുപ്പ് പഴഞ്ചൊല്ലിലെ കാക്കയുടെ കുളിയെക്കുറിച്ചുള്ള പഴയ പരിഹാസത്തെ തന്നെ സര്‍വത്ര പുനര്‍ജനിപ്പിക്കുന്നത്. കുളിക്കാത്ത കൊക്കിനേക്കാള്‍ എന്തുകൊണ്ടും അഭികാമ്യം കുളിക്കുന്ന കാക്ക തന്നെയാണ് എന്നും നമ്മുടെ കുട്ടികളെ അറിയിക്കേണ്ടതുണ്ട്.

ആധുനിക മനുഷ്യന്റെ ഉത്ഭവം ആഫ്രിക്കയില്‍ നിന്നത്രെ. ചെങ്കടല്‍ കടന്ന് 'ബാബല്‍ മണ്ടപ്' നീന്തി അവര്‍ അറേബ്യന്‍ പെനിന്‍സുലയിലേക്കും ആസ്‌ത്രേലിയയിലേക്കും മറ്റു ഭൂഖണ്ഡങ്ങളിലേക്കുമൊക്കെ വ്യാപിച്ചത് പിന്നെയും എത്രയോ നൂറ്റാണ്ടുകള്‍ കഴിഞ്ഞ്. ചെന്നെത്തിയ ഇടത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും വൈറ്റമിന്‍ ഡിയുമൊക്കെ മനുഷ്യനെ കറുത്തവനും വെളുത്തവനും ഇരുനിറക്കാരനുമൊക്കെയാക്കി മാറ്റി എന്നാണ് നരവംശ ശാസ്ത്രം പറയുന്നത്. യഥാര്‍ത്ഥ മനുഷ്യരെ കാണാന്‍ ഡയോജനിസിനോടവര്‍ പറഞ്ഞത് പകല്‍ വെളിച്ചത്തില്‍ റാന്തല്‍ വിളക്കുമായി യൂറോപ്പില്‍ അലയാനല്ല. ആഫ്രിക്കയിലോട്ട് ചെല്ലണമെന്നാണ്. പക്ഷെ, ചരിത്രമെഴുതി വരുമ്പോള്‍ അങ്ങനെയല്ല സംഭവിച്ചത്. അവര്‍ നരഭോജികളും മറ്റെന്തൊക്കെയോ ആയി മാറി. യഥാര്‍ത്ഥ ചരിത്രം അറിയാന്‍ ഏറെയൊന്നും പോകേണ്ട. ഹേര്‍ദറുടെ 'ആഫ്രിക്കന്‍ ന്യായവിധി' മാത്രം വായിച്ചാല്‍ മതി. അധിനിവേശ ശക്തികളുടെ അല്‍പത്തവും കറുത്തവന്റെ ഔന്നത്യവുമാണതില്‍ പറയുന്നത്. മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെ ഇളഭ്യനാക്കിയ കഥയാണത്.

അധിനിവേശത്തിന്റെ നിഘണ്ടുവില്‍ ഒരാള്‍ വീരനും മഹാനുമാകുന്നത് അവര്‍ എത്രമാത്രം വെട്ടിപ്പിടിച്ചു, അവര്‍ എത്രമാത്രം ജനങ്ങളെ കൊന്നു എന്നതിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ ആഫ്രിക്കന്‍ രാജാവ് മുന്നില്‍ നിന്നത് ആര്‍ദ്രമായ മൂല്യവ്യവസ്ഥയുടെ കരുത്തിലാണ്. ഒരു വിശദീകരണവും കൂടാതെ ആ കഥ ഇവിടെ എടുത്തുചേര്‍ക്കുന്നു.

മാസിഡോണിയയിലെ അലക്‌സാണ്ടര്‍ ഒരിക്കല്‍ വിദൂരസ്ഥലമായ ഒരു ആഫ്രിക്കന്‍ പ്രദേശം സന്ദര്‍ശിച്ചു. ധാരാളം സ്വര്‍ണമുണ്ടായിരുന്ന ആ പ്രദേശത്തെ ജനങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ സ്വര്‍ണക്കനികള്‍ നിറച്ച താലങ്ങളുമായി വന്നു. അലക്‌സാണ്ടര്‍ പറഞ്ഞു: 'ഈ പഴങ്ങള്‍ നിങ്ങള്‍ തന്നെ ഭക്ഷിക്കുക, ഞാന്‍ നിങ്ങളുടെ നിധിനിക്ഷേപങ്ങള്‍ കാണുവാനല്ല, നിങ്ങളുടെ ആചാരങ്ങള്‍ പഠിക്കുവാനാണ് വന്നത്.' അപ്പോള്‍ അവര്‍ അദ്ദേഹത്തെ തങ്ങളുടെ രാജാവ് നീതി നടത്തിക്കൊണ്ടിരിക്കുന്ന കമ്പോളത്തിലേക്ക് നയിച്ചു. അപ്പോള്‍ തന്നെ ഒരു പൗരന്‍ പ്രവേശിച്ച് ഇപ്രകാരം പറഞ്ഞു: 'ഓ രാജാവേ, ഞാന്‍ ഈ മനുഷ്യനില്‍ നിന്ന് ഒരു ചാക്ക് ഉമി വാങ്ങിച്ചു. വിലയേറിയ ഒരു നിധി അതിന്റെ കൂടെ ഉണ്ടായിരുന്നു. ഉമി എന്റേതാണ്. പക്ഷെ, ആ പൊന്ന് എന്റെതല്ല. ഇയാളത് തിരിച്ചെടുക്കുന്നില്ല. ഓ രാജാവേ, അയാളോട് സംസാരിക്കുക. അതയാളുടെ വകയാണ്.' ആ സ്ഥലത്തെ മറ്റൊരു പൗരനായ അയാളുടെ എതിരാളി ഇങ്ങനെ ഉത്തരം പറഞ്ഞു: 'നിനക്ക് അവകാശമില്ലാത്തത് സൂക്ഷിക്കാന്‍ നീ ഭയപ്പെടുന്നു. നിന്നില്‍ നിന്ന് എനിക്കവകാശപ്പെട്ടത് എടുക്കാന്‍ ഞാന്‍ ഭയപ്പെടേണ്ടെന്നോ? ഞാന്‍ നിനക്ക് ഒരു ചാക്കും അതിലുണ്ടായിരുന്ന സാധനവും വിറ്റു. അതുകൊണ്ട് അത് നിന്റേതാണ്. ഓ രാജാവേ, അയാളോട് സംസാരിക്കുക.' രാജാവ് ഒന്നാമനോട് അയാള്‍ക്കൊരു പുത്രനുണ്ടോ എന്ന് ചോദിച്ചു. അയാള്‍ പറഞ്ഞു 'ഉണ്ട്'. രണ്ടാമനോട് അയാള്‍ക്കൊരു പുത്രിയുണ്ടോ എന്നും. 'ഉണ്ട്' എന്ന ഉത്തരം അദ്ദേഹത്തിന് ലഭിച്ചു. 'ശരി' രാജാവ് പറഞ്ഞു. 'നിങ്ങള്‍ രണ്ടുപേരും സത്യസന്ധരാണ്. നിങ്ങളുടെ സന്താനങ്ങളെ വിവാഹം ചെയ്യിക്കുകയും വിവാഹസമ്മാനമായി ഈ നിധി കൊടുക്കുകയും ചെയ്യുക. അതാണ് എന്റെ തീരുമാനം.' അലക്‌സാണ്ടര്‍ ഈ വിധിവാചകം കേട്ടപ്പോള്‍ വളരെയേറെ അത്ഭുതപ്പെട്ടു. 'നിങ്ങള്‍ ഇത്ര അത്ഭുതം കൊള്ളുന്നതെന്തിനാണ്? ഞാന്‍ തെറ്റായിട്ടാണോ വിധിച്ചത്?' രാജാവ് ചോദിച്ചു. 'തീര്‍ച്ചയായും അല്ല'- അലക്‌സാണ്ടര്‍ പറഞ്ഞു: 'ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെയല്ല വിധിക്കുക.' 'പിന്നെ എപ്രകാരം'-ആഫ്രിക്കന്‍ രാജാവ് ചോദിച്ചു. 'കക്ഷികള്‍ രണ്ടുപേരും കൊല്ലപ്പെടും. നിധി രാജാവിന്റെ കയ്യിലുമാകും.' അലക്‌സാണ്ടര്‍ പറഞ്ഞു. അപ്പോള്‍ കൈ കൂട്ടിയടിച്ചുകൊണ്ട് രാജാവ് ചോദിച്ചു: 'നിങ്ങളുടെ രാജ്യത്ത് സൂര്യന്‍ പ്രകാശിക്കുന്നുണ്ടോ? മേഘങ്ങള്‍ മഴ വര്‍ഷിക്കുന്നുണ്ടോ?' 'ഉണ്ട്'- അലക്‌സാണ്ടര്‍ പറഞ്ഞു. 'അങ്ങനെയെങ്കില്‍ അത് അവിടെ ജീവിക്കുന്ന നിഷ്‌കളങ്കരായ മൃഗങ്ങളെ ഓര്‍ത്തായിരിക്കണം. കാരണം ഇപ്രകാരമുള്ള മനുഷ്യര്‍ ജീവിക്കുന്നിടത്ത് സൂര്യന്‍ പ്രകാശിക്കുകയോ, മഴ പെയ്യുകയോ ചെയ്യരുത്.' എന്തിനേറെ, കലാദേവതയായ അഥീന കറുത്തവളായിരുന്നുവത്രെ. എന്നിട്ടും ചരിത്രമെഴുതപ്പെട്ടത് 'വെളുത്തമഷി' കൊണ്ടും.

Similar News