അവളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ക്കിടയ്‌ക്കൊക്കെ 'കറുപ്പ്' ഒരു കാര്‍മേഘമായി വന്നുമൂടുന്നതും അവളുടെ ആഗ്രഹങ്ങള്‍ക്ക് മീതെ 'വര്‍ണവെറി'യുടെ 'ഖഫന്‍ തുണി' വന്നു വീഴുന്നതും മുഖം മെല്ലെ മെല്ലെ മ്ലാനമാകുന്നതും അവളുടെ ചിന്തകള്‍ക്ക് തീ പിടിക്കുന്നതുമൊക്കെ മാറിനിന്ന് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ശാലീനസൗന്ദര്യം വഴിഞ്ഞൊഴുകുന്ന അവളെ ഒരു പേരിനുവേണ്ടി ഞാന്‍ ശാലിനി എന്ന് വിളിക്കട്ടെ. പെറ്റുവീണ കാലം തൊട്ടറിയാം എനിക്കവളെ. ഇന്നിപ്പോഴവള്‍ക്ക് പത്ത് വയസ്സുണ്ട്. ഒരാണ്‍കുട്ടിക്കുവേണ്ടിയുള്ള നേര്‍ച്ചകള്‍ക്കും അലച്ചിലുകള്‍ക്കുമൊടുവില്‍ പിന്നെയും ആ മാതാപിതാക്കള്‍ക്ക് പെണ്ണായി പിറന്നതാണവള്‍. മൂത്ത രണ്ട് ചേച്ചിമാരും തനി പത്തരമാറ്റ് തങ്കങ്ങള്‍. ശാലിനിയോ കറുത്തതും. ഇക്കഴിഞ്ഞ തിരുവോണം നാളിനെ വര്‍ണാഭമാക്കാന്‍ അത്തം നാളില്‍ തന്നെ അമ്മയോടൊപ്പം ഒരു ജൗളിക്കടയില്‍ വന്നപ്പോഴും ഞാനവളെ കണ്ടിരുന്നു. ഷോപ്പിന്റെ മുന്‍ഭാഗത്ത് തൂക്കിയിട്ടിരിക്കുന്ന ഒരു കടുംനീല വസ്ത്രത്തോട് അവള്‍ക്കെന്തോ അഭിനിവേശം തോന്നി അവളത് അമ്മയോട് വാങ്ങിത്തരാന്‍ നിര്‍ബന്ധിക്കുന്നത് കണ്ടു. അമ്മയുടെ ഭാഗത്തുനിന്ന് ഒരാട്ടായിരുന്നു അവള്‍ക്കുള്ള മറുപടി. 'ആ നിറങ്ങളൊന്നും നിനക്ക് ചേരില്ല കുഞ്ഞേ. കറുത്തവര്‍ക്കിണങ്ങുന്ന ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങള്‍, ദാണ്ടെ കടയുടെ ആ മൂലയിലിരിപ്പുണ്ട്. ചെന്നുപോയന്വേഷിക്ക്.' അവളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ക്കിടയ്‌ക്കൊക്കെ 'കറുപ്പ്' ഒരു കാര്‍മേഘമായി വന്നുമൂടുന്നതും അവളുടെ ആഗ്രഹങ്ങള്‍ക്ക് മീതെ 'വര്‍ണവെറി'യുടെ 'ഖഫന്‍ തുണി' വന്നു വീഴുന്നതും മുഖം മെല്ലെ മെല്ലെ മ്ലാനമാകുന്നതും അവളുടെ ചിന്തകള്‍ക്ക് തീ പിടിക്കുന്നതുമൊക്കെ മാറിനിന്ന് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ സംഭാഷണം ഞാന്‍ കേട്ടെന്നുള്ള ചമ്മലിലോ എന്തോ പിന്നെ അവളവിടെ നിന്നില്ല. 'എനിക്കിണങ്ങുന്ന സെലക്ഷനൊന്നും ഇവിടെ കാണാനില്ല. പോയ് വേറെ നോക്കാം' എന്നും പറഞ്ഞ് നിറങ്ങളൊഴിഞ്ഞ ഒരു കാന്‍വാസിലേക്ക് വേച്ചുവേച്ചു നടന്നുനീങ്ങുന്ന ഒരു കറുത്ത വരപോലെ അമ്മയുടെ കയ്യും പിടിച്ചവളപ്രത്യക്ഷയായി.
സത്യത്തില്‍ ശാലിനി കാപ്പിരിയൊന്നുമായിരുന്നില്ല. ഇന്ത്യക്കാരുടെ തനതു നിറമായ 'ഇരുനിറ'ക്കാരിയായിരുന്ന അവള്‍, പഠിപ്പില്‍ സമര്‍ത്ഥയും കലാ-കായിക പ്രകടനങ്ങളില്‍ അതീവ പ്രതിഭാവിലാസം കാത്തുസൂക്ഷിക്കുന്നവളുമായിരുന്നു. അള്‍ട്രാവയലറ്റ് രശ്മികളെയും ഇന്‍ഫ്രാ റേഡിയേഷന്‍ കിരണങ്ങളെയുമൊക്കെ ഭയന്ന് ആ അമ്മ മറ്റു കുട്ടികളോടൊപ്പം അവളെ കളിക്കാനയക്കുമായിരുന്നില്ല. അഞ്ചുവയസ്സു തൊട്ട് തേച്ചുതുടങ്ങിയതാണ് ആ താരിളം മേനിയില്‍ വെളുപ്പിക്കാനുള്ള സകല സൗന്ദര്യവര്‍ധക വസ്തുക്കളും. 'കറുപ്പിനേഴഴക്', 'കറുപ്പുതാന്‍ എനക്ക് പുടിച്ച കളറ്' എന്നൊക്കെ നീട്ടിനീട്ടി പാടുമ്പോഴും കറുപ്പിനേഴഴകേ ഉള്ളൂ ബാക്കി തൊണ്ണൂറ്റി മൂന്നഴകും വെളുപ്പിനാണെന്നും പലരുടെയും മനസിലിന്നത് തേച്ചുവെളുപ്പിക്കേണ്ട ഒരഴുക്കായി തുടരുകയാണെന്നും ക്രമേണ അവള്‍ക്ക് മനസ്സിലായിത്തുടങ്ങി.
ഇത്തരം തോന്നലുകള്‍ ശാലിനിയിലേക്ക് മാത്രം ചേര്‍ത്തുകെട്ടരുത്. ഇതുപോലുള്ള എത്രയോ ശാലിനിമാര്‍ 'വര്‍ണവെറി'യുടെ ഇരകളായി നമ്മോടൊപ്പം ജീവിച്ചുകൊണ്ടേയിരിക്കുന്നു.
മനുഷ്യനെ മനുഷ്യനായി തന്നെ കാണാനാവാത്ത വിധമുള്ള മലിനമായ മതില്‍ക്കാഴ്ചകള്‍ക്കിടയില്‍ വെച്ചാണ് വര്‍ണവ്യത്യാസത്തിന്റെ ഇത്തരം സൂത്രവാക്യങ്ങള്‍ പിറക്കുന്നത്. വെളുത്തവര്‍ കറുത്തവര്‍ക്കെതിരെ ബോധപൂര്‍വം നടത്തിയതും ഇന്നും അബോധപൂര്‍വ്വം നിര്‍വഹിക്കുന്നതുമായ വര്‍ണവേട്ടകള്‍ക്കിടയില്‍ വെച്ചാണ് 'ശാലിനി'മാര്‍ നിര്‍മ്മിക്കപ്പെടുന്നത്. ഒരു വിഭാഗത്തിന്റെ നിറം കറുത്തതുകൊണ്ടല്ല, മറിച്ച് കറുപ്പിനെ കളങ്കവും പാപവും വൈരൂപ്യവും അതിനാല്‍ കുറ്റകൃത്യവുമാക്കുന്ന ആരുടെയോ ഒക്കെ മേല്‍ക്കോയ്മയില്‍ വെച്ചാണ് ഇതുപോലുള്ള ഹൃദയഭേദകമായ കറുപ്പനുഭവങ്ങള്‍ ഉണ്ടാവുന്നത്.
ഇന്ന് സ്വതവേ കണ്ടുവരുന്ന ഒരു കാഴ്ച, അമ്മയുടെ വയറ്റില്‍ കുഞ്ഞിന്റെ ബീജാവാപം നടന്നുകഴിയുമ്പോഴേക്കും തുടങ്ങുകയായി കുഞ്ഞിനെ വെളുപ്പിക്കാനുള്ള സകല വിക്രിയകളും എന്നതാണ്. ആദ്യപടി ഇറാനിയന്‍ സാഫ്രാന്‍. അതായത് മുന്തിയ ഇനം കുങ്കുമപ്പൂവ് പാലില്‍ ചാലിച്ച് ഗര്‍ഭിണിയെ കുടിപ്പിക്കല്‍. കുങ്കുമപ്പൂവിന് ഗര്‍ഭസ്ഥ ശിശുക്കളെ വെളുപ്പിക്കാനുള്ള കഴിവുണ്ടത്രെ! എന്നിട്ടും ചിലരിലത് ചീറ്റിപ്പോകുമ്പോഴാണ് മാര്‍ക്കറ്റിലുള്ളതൊന്നും പോരാഞ്ഞ് അടുത്ത പടിയായി വിവിധയിനം ലോഷനുകള്‍, ചൈല്‍ഡ് വാഷുകള്‍, ബേബി ക്രീമുകളൊക്കെ വിദേശങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത് നവജാത ശിശുക്കളില്‍ പരീക്ഷിക്കുന്നത്. 'കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുക' എന്ന് കേട്ടിട്ടില്ലേ. അതുതന്നെ. കുഞ്ഞിനെ മാത്രമല്ല, മുതിര്‍ന്നവരെയും കൂടി തണുപ്പില്‍ നിന്നും ചൂടില്‍ നിന്നും കാത്തുസൂക്ഷിക്കുന്ന തൊലിയിലെ 'മെലാനി'നെ തേച്ചുമായ്ച്ചുകളയാനുള്ള ശ്രമങ്ങളാണ് അവിടന്നങ്ങോട്ട് മുന്നേറിക്കൊണ്ടിരിക്കുന്നത്.
എന്റെ റിലേഷനിലൊരു പെണ്‍കുട്ടിയുണ്ട്. ശാലിനിയുടെ 'ഫോട്ടോസ്റ്റാറ്റ് കോപ്പി'യാണവള്‍. സൗന്ദര്യവര്‍ധക വസ്തുക്കളെന്ന പേരില്‍ 'മുള്‍ട്ടാനി മട്ടി' തൊട്ട് 'ചാവുകടല്‍ ചെളി' വരെ മാറിമാറി പരീക്ഷിച്ചിട്ടും ഫലമില്ലെന്ന് വന്ന് പപ്പായയുടെ പള്‍പ്പിലും കക്കിരിയിലുമാണിപ്പോള്‍ അവള്‍ അഭയം കണ്ടെത്തിയിരിക്കുന്നത്. കൈകളിലും മുഖത്തും പപ്പായയും കണ്‍കളില്‍ കക്കിരിയുടെ 'ഠ' വട്ടവും വെച്ചുപിടിപ്പിച്ച് 'ദേ, ഇപ്പം വെളുക്കും' എന്ന മട്ടിലുള്ള ആ ഇരുത്തം കാണാന്‍ നല്ല രസമുണ്ട്. ഒരിക്കല്‍ ഞാനവളോട് പറഞ്ഞു: 'കൊഴുത്തുവെളുത്ത് അഴകിയ രാവണനേക്കാള്‍ ഗോപികമാര്‍ക്കിഷ്ടം കറുത്തിരുണ്ട കാര്‍വര്‍ണന്‍ കൃഷ്ണനെയായിരുന്നു'വെന്ന്. സുന്ദരികളില്‍ സുന്ദരിയായ പാഞ്ചാലി കറുത്തവളായിരുന്നുവെന്ന്.
അങ്ങനെയാണല്ലോ പാഞ്ചാലി കൃഷ്ണയാവുന്നത്. കരിനിലത്തിലെ കരിച്ചാലില്‍ നിന്നും അല്ലെങ്കില്‍ ഉഴവുചാലില്‍ നിന്നും കിട്ടിയ സീതയുടെ നിറവും എണ്ണക്കറുപ്പാവാനേ വഴിയുള്ളൂ എന്ന്.
അവളതിന് മറുപടി പറഞ്ഞത് 'കറുത്ത ആളുകളെ നാം സ്‌നേഹിക്കുമ്പോള്‍ മാത്രമേ കൃഷ്ണന്‍ എന്ന് വിളിക്കാറുള്ളൂ എന്നും സ്‌നേഹിക്കാതിരിക്കുമ്പോള്‍ 'കറുപ്പന്‍' എന്നാണ് വിളിക്കാറ്' എന്നുമായിരുന്നു.
'വ്യത്യസ്ത നിറങ്ങള്‍ക്ക് സ്വന്തം വ്യതിരിക്തത സൂക്ഷിച്ചുകൊണ്ട് തുല്യനിലയില്‍ നൃത്തംവെക്കാന്‍ കഴിയുന്ന ഒരു കാലം വരിക തന്നെ ചെയ്യുമെന്നും അന്ന് വര്‍ണ കേന്ദ്രീകൃതമായ വിവേചനങ്ങളൊക്കെയും ഭൂതകാലത്തെ ഭീതിതമായ ഓര്‍മ്മ മാത്രമാവുകയും അപരത്വനിര്‍മ്മാണം അസാധ്യമാവുകയും ചെയ്യുമെന്നും' പിന്നീടൊരിക്കല്‍ ഞാനവളോട് വാദിച്ചപ്പോള്‍ അവളെന്നെ മുട്ടുകുത്തിച്ചത് 'ഏതെങ്കിലും പുരോഗമന വാദിയോ മനുഷ്യസ്‌നേഹിയോ, എനിക്ക് കറുപ്പും വെളുപ്പും പ്രശ്‌നമല്ലെന്ന് നിഷ്‌കളങ്കമായി പ്രഖ്യാപിക്കുന്നതോടെ വര്‍ണം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അപരത്വ നിര്‍മ്മാണശാലകള്‍ സ്വയം അടച്ചുപൂട്ടുമെന്ന് നിന്നെപ്പോലുള്ളവര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍, അവര്‍ സാമൂഹിക സത്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ തലങ്ങളെക്കുറിച്ച് സഹതാപാര്‍ഹമാം വിധം അജ്ഞരാണെന്ന് പറയേണ്ടിവരും' എന്നുള്ള എതിര്‍വാദമുന്നയിച്ചായിരുന്നു.
(രണ്ടാംഭാഗം അടുത്തയാഴ്ച)