'ദേശീയ അവാര്‍ഡിനായി ആഗ്രഹിച്ചിരുന്നു, കാരണവും ഉണ്ട്'; തുറന്നുപറഞ്ഞ് സായ് പല്ലവി

Update: 2025-02-18 05:57 GMT

താന്‍ ദേശീയ അവാര്‍ഡിനായി ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാക്കി നടി സായ് പല്ലവി. ഒരു അഭിമുഖത്തിലാണ് തന്റെ ഈ ആഗ്രഹം താരം തുറന്നുപറയുന്നത്. അതിനുള്ള കാരണവും താരം വ്യക്തമാക്കുന്നു. ഒട്ടുമിക്ക ആരാധകരും കഴിഞ്ഞ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സായ് പല്ലവിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് കരുതിയിരുന്നു.

ഗാര്‍ഗിയിലെ താരത്തിന്റെ അഭിനയമാണ് അവര്‍ അവാര്‍ഡിനായി പരിഗണിച്ചത്. എന്നാല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനോനായിരുന്നു. ധനുഷിനൊപ്പം അഭിനയിച്ച തിരുച്ചിട്രമ്പലം എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിനാണ് നിത്യ പുരസ്‌കാരത്തിന് അര്‍ഹയായത്.

'മുത്തശ്ശി സമ്മാനിച്ച സാരി ധരിക്കണമെന്നും അതിനായാണ് താന്‍ എല്ലായ്‌പ്പോഴും ദേശീയ അവാര്‍ഡ് ആഗ്രഹിച്ചിരുന്നതെന്നുമാണ് ഇതേ കുറിച്ച് സായ് പല്ലവി പറയുന്നത്.

എനിക്കെപ്പോഴും ദേശീയ അവാര്‍ഡ് വേണമായിരുന്നു. കാരണം എനിക്ക് 21 വയസായപ്പോള്‍ മുത്തശ്ശി ഒരു സാരി സമ്മാനിച്ചിരുന്നു. കല്യാണത്തിന് ധരിച്ചോളൂവെന്ന് പറഞ്ഞാണ് തന്നത്. ആ സമയത്ത് മുത്തശ്ശി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.

അപ്പോഴൊന്നും താന്‍ സിനിമ ചെയ്തിട്ടുണ്ടായിരുന്നില്ല. 24 വയസിനോടടുക്കുമ്പോഴാണ് ആദ്യ സിനിമയായ പ്രേമത്തില്‍ അഭിനയിക്കുന്നത്. പിന്നീട് ഏതെങ്കിലും വലിയ അവാര്‍ഡ് കിട്ടുമെന്ന് കരുതി. ദേശീയ അവാര്‍ഡായിരുന്നു ആ സമയത്തെ വലിയ അവാര്‍ഡുകളിലൊന്ന്. അതിനാല്‍ സാരി എപ്പോഴും ദേശീയ അവാര്‍ഡുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നും സായ് പല്ലവി പറയുന്നു.

അടുത്തിടെയാണ് നാഗചൈതന്യയും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തണ്ടേല്‍ റിലീസായത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ചന്ദു മൊണ്ടേട്ടിയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

Similar News