പുത്തന്‍ റീലുമായി പ്രാര്‍ഥനയും നക്ഷത്രയും; ഏറ്റെടുത്ത് ആരാധകര്‍

Update: 2025-03-06 11:32 GMT

സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് താരദമ്പതികളായ ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മക്കളായ പ്രാര്‍ഥനയും നക്ഷത്രയും. ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കുവച്ച ഇരുവരും ഒരുമിച്ചുള്ള റീല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

കാറില്‍ ഇരുന്ന് പാട്ടിനനുസരിച്ച് ഇരുവരും പ്രകടനം നടത്തുന്ന ദൃശ്യങ്ങളാണ് പങ്കുവച്ചത്. 'മൈ ട്വിന്‍' എന്ന അടിക്കുറിപ്പോടെ നക്ഷത്രയെ ടാഗ് ചെയ്ത് പ്രാര്‍ഥന പങ്കുവച്ച റീല്‍ ചുരുങ്ങിയ സമയം കൊണ്ടുതന്നെ വൈറലായി. ഇതിനകം തന്നെ മില്യനിലേറെ ആളുകള്‍ റീല്‍ കണ്ടുകഴിഞ്ഞു. റീല്‍ കണ്ട് നിരവധി പേരാണ് പ്രതികരണങ്ങള്‍ അറിയിക്കുന്നത്. 'പ്രാര്‍ഥനയില്‍ നല്ലൊരു ഗായികയുണ്ട്, നക്ഷത്രയില്‍ നല്ലൊരു ഭാവി നായികയുണ്ട്' എന്നാണ് ചിലരുടെ അഭിപ്രായ പ്രകടനങ്ങള്‍.

2018ല്‍ പുറത്തിറങ്ങിയ 'മോഹന്‍ലാല്‍' എന്ന ചിത്രത്തിലെ 'ലാലേട്ടാ...' എന്ന പാട്ടിലൂടെയാണ് പ്രാര്‍ഥന ഇന്ദ്രജിത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലന്‍, ഓ ബേബി എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും ഗാനങ്ങള്‍ ആലപിച്ചു.

ഗായകന്‍ വരുണ്‍ ജോണിനൊപ്പം പ്രാര്‍ഥന പുറത്തിറക്കിയ വിത്ത് /ഔട്ട് യു എന്ന സംഗീത വിഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാന്റെ തീം സോങ് ആലപിച്ചതും പ്രാര്‍ഥനയാണ്.

Similar News