ഭിന്നശേഷി വിദ്യാര്‍ഥികളുടെ പ്രവേശന അപേക്ഷ നിരസിക്കരുത്; മുന്നറിയിപ്പുമായി 'അഡെക്'
അബുദാബി: ഭിന്നശേഷി ((നിശ്ചയദാര്‍ഢ്യമുള്ളവര്‍) വിദ്യാര്‍ഥികളുടെ പ്രവേശന അപേക്ഷ നിരസിക്കരുതെന്ന മുന്നറിയിപ്പുമായി അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). പ്രത്യേക ആവശ്യങ്ങളോ പഠന വൈകല്യങ്ങളോ ഉള്ള വിദ്യാര്‍ഥികളുടെ അപേക്ഷ പൂര്‍ണമായും നിരസിക്കാന്‍ സ്‌കൂളുകള്‍ക്ക് കഴിയില്ലെന്നും പുതിയ വിദ്യാഭ്യാസനയത്തില്‍ അഡെക് വ്യക്തമാക്കുന്നു. അപേക്ഷ സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അഡെക് ആണെന്നും എല്ലാ അപേക്ഷകളും സ്വീകരിക്കണമെന്നും അഡെക് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.
അപേക്ഷ നിരസിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സ്‌കൂളുകള്‍ പിഴ ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ നയ ഓഫിസ് ഡയറക്ടര്‍ സില്‍വി വാള്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് കാര്യകാരണ സഹിതം അഡെക്കിനെ അറിയിക്കണമെന്ന് പറഞ്ഞ അദ്ദേഹം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അഡെക്കിലെ വിദഗ്ധര്‍ അവലോകനം ചെയ്യുമെന്നും വ്യക്തമാക്കി.
വിദ്യാര്‍ഥിയെ പിന്തുണയ്ക്കാനുള്ള സാഹചര്യം ഉണ്ടെങ്കില്‍ സ്‌കൂളിന്റെ തീരുമാനം റദ്ദാക്കി കുട്ടിക്ക് ഇതേ സ്‌കൂളില്‍ പ്രവേശനം നല്‍കാന്‍ നിര്‍ദേശിക്കും. ഇത്തരം കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിക്കാന്‍ പ്രയാസം നേരിടുന്നവര്‍ വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ ഉപഭോക്തൃ കേന്ദ്രത്തെ സമീപിക്കണമെന്നും സഹായം നല്‍കാന്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, കാഴ്ച പരിമിതി ഉള്‍പ്പെടെ പഠനത്തിന് നിര്‍ദിഷ്ട ഉപകരണങ്ങള്‍ ആവശ്യമുള്ള വിദ്യാര്‍ഥികളുണ്ടെങ്കില്‍ സാങ്കേതിക സഹായത്തിന് സ്‌കൂളുകള്‍ക്ക് അഡെക് വഴി അപേക്ഷിക്കാം.
ഭിന്നശേഷിക്കാരായ കുട്ടികളുടെ നിലവാരം ഉള്‍ക്കൊണ്ട് അവരെ പഠിപ്പിക്കാന്‍ അതത് സ്‌കൂളുകള്‍ തയാറാകണം. ഇത്തരം കുട്ടികള്‍ക്കായി സപ്പോര്‍ട്ട് സ്റ്റാഫിന് പകരം പൂര്‍ണ യോഗ്യതയുള്ള അധ്യാപകരെ ഉള്‍പ്പെടുത്തണമെന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത കുട്ടിയോടൊപ്പം ക്ലാസില്‍ ഇരുന്ന് ആവശ്യമായ സഹായം നല്‍കുന്നതാണ്. അല്ലെങ്കില്‍ വ്യക്തിഗത പരിശീലനത്തിന് അധ്യാപകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാം എന്നും നിര്‍ദേശത്തില്‍ പറയുന്നു.
മൊത്തം പ്രവൃത്തി ദിവസത്തിന്റെ പകുതി ദിവസമെങ്കിലും സ്‌കൂളില്‍ ഹാജരാകേണ്ട കുട്ടിയാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ സപ്പോര്‍ട്ട് സ്റ്റാഫിനെ (എല്‍.എസ്.എ) നിയമിക്കാന്‍ അനുവാദമുള്ളൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ 39 പുതിയ വിദ്യാഭ്യാസ നയങ്ങളാണ് അഡെക് പുറത്തിറക്കിയത്. പുതിയ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സ്‌കൂളുകള്‍ക്ക് 2026 സെപ്റ്റംബര്‍ വരെ സാവകാശം നല്‍കിയിട്ടുണ്ട്.