കാസര്‍കോട് ജില്ലയിലെ വൈദ്യുതി വിതരണം മെച്ചപ്പെടുത്താന്‍

By :  Sub Editor
Update: 2025-01-20 11:20 GMT

കാസര്‍കോട് ജില്ലയിലെ വൈദ്യുതി വിതരണം ഇനിയും മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതിന് ആനുപാതികമായി വൈദ്യുതി വിതരണരംഗം കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇതിന് വേണ്ട നിര്‍ദ്ദിഷ്ട പദ്ധതികളൊക്കെയും അനിശ്ചിതാവസ്ഥയിലാണ്. കാസര്‍കോട് ജില്ലയിലെ വൈദ്യുതി മേഖലയില്‍ വിവിധ കാലയളവുകളിലായി 383 കോടി രൂപയുടെ പദ്ധതികളാണ് തുടങ്ങാനുള്ളത്. എന്നാല്‍ ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിക്കാത്തത് വലിയൊരു പോരായ്മയാണ്. വെള്ളരിക്കുണ്ട്, പെരിയ, പൈവളിഗെ 110 കെ.വി സബ് സ്റ്റേഷന്‍, പടന്ന, പടന്നക്കാട്, ചിത്താരി 33 കെ.വി സബ് സ്റ്റേഷന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സീതാംഗോളി 110 കെ.വി, അഡൂര്‍ തലമര്‍വ 33 കെ.വി സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ഇതൊക്കെ എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമല്ല. ജില്ലയിലെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണതടസം ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. വൈദ്യുതി തടസവും വോള്‍ട്ടേജ് ക്ഷാമവും മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്നു. കര്‍ണ്ണാടകയിലെ ഉഡുപ്പിയില്‍ വൈദ്യുതി ജനറേറ്റര്‍ സ്റ്റേഷനിലെ തകരാര്‍ കാസര്‍കോട്ടെ ചില മേഖലകളിലെ വൈദ്യുതി വിതരണതടസത്തിന് കാരണമായിട്ടുണ്ട്. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ രാത്രി ഫീഡറുകള്‍ മാറിയുള്ള അരമണിക്കൂര്‍ വരെ പവര്‍കട്ട് തുടരുകയാണ്. ചിലപ്പോള്‍ വൈദ്യുതി നിലച്ചാല്‍ പുനഃസ്ഥാപിക്കപ്പെടുന്നതിന് മണിക്കൂറുകള്‍ തന്നെ വേണ്ടിവരുന്നു.

രണ്ട് താലൂക്കുകളിലായി മൂന്നരലക്ഷത്തോളം വൈദ്യുതി ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. മഞ്ചേശ്വരം, കുബനൂര്‍, വിദ്യാനഗര്‍, മുള്ളേരിയ 110 കെ.വി സബ് സ്റ്റേഷനുകളുടെയും ബദിയടുക്ക, പെര്‍ള, കാസര്‍കോട്, അനന്തപുരം 33 കെ.വി സബ് സ്റ്റേഷനുകളുടെയും പരിധികളിലാണ് വൈദ്യുതി വിതരണം കൂടുതല്‍ പ്രതിസന്ധിയിലാകുന്നത്. വൈദ്യുതി മുടങ്ങുന്നത് കാരണം ഇവരുടെ നിത്യജീവിതം തന്നെ ദുരിതത്തിലാണ്. ശുദ്ധജലവിതരണം മുടങ്ങുന്നുവെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ആസ്പത്രികളില്‍ ലാബ് പരിശോധന മുടങ്ങുന്നത് രോഗികളുടെ ചികിത്സയെയും ബാധിക്കുകയാണ്.

കര്‍ണ്ണാടകയില്‍ വൈദ്യുതി മുടങ്ങിയാല്‍ മയിലാട്ടി 220 കെ.വി ലൈനില്‍ നിന്ന് വിദ്യാനഗര്‍ 110 കെ.വി സബ് സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തിക്കാന്‍ നിലവിലുള്ള ലൈനിന് ശേഷിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് 2019ല്‍ മയിലാട്ടി- വിദ്യാനഗര്‍ 110 കെ.വി ലൈന്‍ ഡബിള്‍ സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ലൈന്‍ പദ്ധതി ആരംഭിച്ചത്. ആറ് വര്‍ഷം കഴിഞ്ഞിട്ടും ഈ പദ്ധതി പൂര്‍ത്തീകരിക്കാനായിട്ടില്ല.

ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്ന വൈദ്യുതി ജീവനക്കാരുടെ ഒഴിവുകള്‍ നികത്താത്തത് ഈ മേഖലയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാല്‍ ജില്ലയിലെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകും.

Similar News