പെരിയ കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ എറണാകുളം സി.ബി.ഐ കോടതി ശിക്ഷ വിധിച്ചിരിക്കുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ. മുന്‍ എം.എല്‍.എ അടക്കമുള്ളവര്‍ക്ക് അഞ്ചുവര്‍ഷമാണ് ശിക്ഷ. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് കൈമാറാന്‍ ആവശ്യമായ നിയമപോരാട്ടങ്ങള്‍ നടന്നത്. പ്രതികള്‍ക്ക് ലഭിച്ചത് കടുത്ത ശിക്ഷ തന്നെയാണെങ്കിലും കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം വിധിയില്‍ പൂര്‍ണ്ണ തൃപ്തരല്ല. വധശിക്ഷയാണ് കുടുംബം പ്രതീക്ഷിച്ചത്. എന്നാല്‍ വധശിക്ഷ ലഭിക്കാന്‍ മാത്രം അപൂര്‍വത്തില്‍ അപൂര്‍വമായ കേസല്ല പെരിയ ഇരട്ടക്കൊലപാതകമെന്നാണ് കോടതിയുടെ നിരീക്ഷണം. അതേ സമയം നിഷ്ഠൂരമായ കൊലപാതകമാണ് നടന്നതെന്ന് വിധിന്യായത്തില്‍ പറയുന്നുണ്ട്. പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചുകൊണ്ടുള്ള കോടതിയുടെ വിധിന്യായത്തില്‍ വളരെ പ്രസക്തമായ ചില വാചകങ്ങളുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തില്‍ പൊലിഞ്ഞുപോയത് ഊര്‍ജസ്വലരായ രണ്ട് യുവാക്കളാണെന്നും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ഉയര്‍ന്ന നേതാക്കള്‍ വ്യക്തിപരമായ വിരോധങ്ങളൊന്നുമില്ലാതെ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ഇടപെടുകയും ചെയ്യാറുണ്ടെന്നും ആരോഗ്യകരമായ ഈ പെരുമാറ്റം താഴേതട്ടിലുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ അവര്‍ ശ്രമിക്കുന്നില്ലെന്നത് സങ്കടകരമായ കാര്യമാണെന്നും കോടതിയുടെ വിധിന്യായത്തില്‍ പറയുന്നു. വ്യത്യസ്ത പാര്‍ട്ടികളുടെ നേതാക്കള്‍ ഒരുമിച്ച് വേദി പങ്കിടുകയും സൗഹൃദം നിലനിര്‍ത്തുകയും ചെയ്യുമ്പോള്‍ അണികള്‍ക്കിടയില്‍ മാത്രമാണ് വെറുപ്പും വൈരാഗ്യവും നിലനില്‍ക്കുന്നത്. ഇത് കൂടി വരുമ്പോഴാണ ്അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നത്. സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളെല്ലാം മുമ്പ് നടന്ന കൊലപാതകങ്ങളിലെല്ലാം പങ്കാളികളാണ്. തങ്ങളുടെ പ്രവര്‍ത്തകര്‍ കൊലപാതകങ്ങളിലും അക്രമങ്ങളിലും ഉള്‍പ്പെട്ടാല്‍ ഒരു പാര്‍ട്ടിയും അതിനെ തള്ളിപ്പറയാറില്ല. കൂടാതെ കൊല നടത്തിയവര്‍ക്ക് എല്ലാ വിധത്തിലുള്ള സംരക്ഷണവും നല്‍കുകയും ചെയ്യുന്നു. കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ മാത്രമല്ല പ്രതികള്‍ക്ക് വേണ്ടിയുള്ള നിയമപോരാട്ടങ്ങളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. ഏത് പാര്‍ട്ടി ഉള്‍പ്പെട്ട കൊലക്കേസുകളായാലും സ്ഥിതി ഇതുതന്നെ. ഇനിയെങ്കിലും ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണം.
പെരിയ ഇരട്ടക്കൊലക്കേസ് വിധി കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്നതിനുള്ള വിധിയാകട്ടെ.