തദ്ദേശ തിരഞ്ഞെടുപ്പ്

Update: 2025-12-11 10:41 GMT

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. സമാധാനപരമായാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് ഇന്ന് നടക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഏഴ് ജില്ലകളില്‍ നടന്ന വോട്ടെടുപ്പില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് അനുസരിച്ച് 70.9 ശതമാനം പോളിംഗാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 73.85 ശതമാനമായിരുന്നു. ഏറ്റവും കൂടുതല്‍ പോളിംഗ് എറണാകുളം ജില്ലയിലാണ് (74.58%). കുറവ് പോളിംഗ് പത്തനംതിട്ടയിലാണ് (66.78%). തിരുവനന്തപുരം (67.4%), കൊല്ലം (70.36%), ആലപ്പുഴ (73.76%), കോട്ടയം (70.96%), ഇടുക്കി (71.77%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ്.

വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും പലയിടത്തും ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര കാണാമായിരുന്നു. വരിയില്‍ ഉള്ളവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടുചെയ്യാനും അനുവദിച്ചിരുന്നു. രണ്ടാംഘട്ട വോട്ടെടുപ്പിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ മുതല്‍ ബൂത്തുകളില്‍ തിരക്ക് തുടങ്ങിയിരുന്നു. 7 മണിക്കാണ് പോളിംഗ് തുടങ്ങിയതെങ്കിലും അതിനും മുമ്പെ ആളുകളെത്തി വരിനിന്നു. ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറില്‍ പോളിംഗ് കുതിച്ചപ്പോള്‍ പ്രതീക്ഷിച്ചത് കനത്ത പോളിംഗാണ്. പക്ഷെ ഉച്ചയോടെ മന്ദഗതിയിലായി. ഉച്ചക്ക് ശേഷമാണ് പിന്നീട് പോളിംഗ് ശതമാനം കൂടിത്തുടങ്ങിയത്. ഇഞ്ചോടിഞ്ച് ത്രികോണപ്പോരുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുന്നണികളുടെ കണക്ക് തെറ്റിച്ചാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. പക്ഷെ വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങളാണ് ശതമാനത്തിലെ കുറവിന് കാരണമെന്നാണ് നേതാക്കള്‍ ആശ്വസിക്കുന്നത്. കോര്‍പ്പറേഷനില്‍ ശക്തമായ മത്സരമുള്ള വാര്‍ഡുകളില്‍ 70ന് മുകളിലേക്ക് പോയിട്ടുണ്ട് പോളിംഗ്.

എറണാകുളം കോര്‍പ്പറേഷനിലും പ്രതീക്ഷിച്ച പോളിംഗ് ഉണ്ടായില്ല. പക്ഷെ ജില്ലയില്‍ തുടക്കം മുതല്‍ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയത്. ആലപ്പുഴയില്‍ രാവിലെ മുതല്‍ പോളിംഗ് ശതമാനം മേലോട്ടായിരുന്നു. ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും രാവിലെ മുതല്‍ തിരക്കായിരുന്നു. രണ്ടാംഘട്ട വോട്ടെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ഉച്ചവരെ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ചരിത്രമുന്നേറ്റം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

അതേസമയം, ഭരണമാറ്റത്തിന്റെ തുടക്കമായിരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. കേരളം മാറി ചിന്തിക്കുമെന്ന് ബി.ജെ.പി. നേതൃത്വവും അഭിപ്രായപ്പെടുന്നു. കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞത് വലിയ ആശ്വാസം തന്നെയാണ്.

Similar News