പുതുതലമുറക്ക് ഇതെന്ത് പറ്റി

By :  Sub Editor
Update: 2025-02-26 09:52 GMT

പുതിയ തലമുറക്ക് ഇതെന്ത് പറ്റിയെന്ന ചോദ്യം വളരെ ശക്തമായി ഉയര്‍ന്നുവരാന്‍ ഇടവരുത്തുന്ന നടുക്കുന്ന സംഭവവികാസങ്ങളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓരോ ദിവസവും നടന്നുകൊണ്ടിരിക്കുന്നത്. പൊതുസമൂഹത്തെ അസ്വസ്ഥമാക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ പതിവായി മാറിയിരിക്കുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ഒരു യുവാവ് കൂട്ടക്കൊല ചെയ്ത സംഭവമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. ഇത് ചെയ്തത് ഏതെങ്കിലും വൈരാഗ്യത്തിന്റെ പേരിലായിരുന്നില്ല. മയക്കുമരുന്ന് ലഹരിയിലായിരുന്നു എന്നതാണ് അത്യന്തം ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം. ചുറ്റിക കൊണ്ട് തലക്കടിച്ചും വാക്കത്തികൊണ്ട് വെട്ടിയുമുള്ള ക്രൂരമായ കൂട്ടക്കുരുതിയാണ് നടന്നത്. കൊലയ്ക്ക് ശേഷം 23കാരനായ യുവാവ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. എപ്പോഴും കൂടെയുണ്ടായിരുന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ പോലും യുവാവ് കൊലപ്പെടുത്തിയെന്നറിയുമ്പോള്‍ മയക്കുമരുന്ന് ഉപയോഗം എത്ര വലിയ സ്വാധീനമാണ് പ്രതിയില്‍ ചെലുത്തിയിരിക്കുന്നതെന്ന് വ്യക്തമാവുകയാണ്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മയക്കുമരുന്ന് ലഹരിയില്‍ മാതാവിനെയും പിതാവിനെയും സഹോദരനെയും ഒക്കെ കൊലപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കണ്ണൂരില്‍ അടുത്തിടെയാണ് മകന്‍ മയക്കുമരുന്ന് ലഹരിയില്‍ മാതാവിനെ കൊലപ്പെടുത്തിയത്. നിരന്തരമായ മയക്കുമരുന്ന് ഉപയോഗം കാരണം പ്രതിയുടെ മനസ് എന്തും ചെയ്യാന്‍ മടിയില്ലാത്ത അവസ്ഥയിലെത്തിയാണ് പൊലീസ് പറയുന്നത്. മയക്കുമരുന്ന് വാങ്ങാന്‍ പണം സ്വരൂപിക്കുന്നതിനായി പ്രതി പിതൃമാതാവിനോട് ആഭരണങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും നല്‍കാതിരുന്നതാണ് കൂട്ടക്കൊലക്ക് കാരണമെന്നും പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു.

എം.ഡി.എം.എ പോലുള്ള മാരകമായ മയക്കുമരുന്നിന്റെ വില്‍പ്പനയും ഉപയോഗവും സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും സജീവമായിരിക്കുകയാണ്. ഇത് ഗുരുതരമായ സാമൂഹ്യവിപത്തായി മാറിയിരിക്കുന്നു. രാസലഹരി ഉപയോഗിക്കുന്നവരിലേറെയും കൗമാരക്കാരും യുവാക്കളുമാണ്. മയക്കുമരുന്ന് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ ഏറെയും ഈ വിഭാഗത്തില്‍ പെട്ടവരുമാണ്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളില്‍ ഒരുവിഭാഗം മയക്കുമരുന്നിന് അടിമകളാണ്. മയക്കുമരുന്ന് ലഹരിയിലാണ് സംസ്ഥാനത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിംഗ് പോലുള്ള ക്രൂരകൃത്യങ്ങള്‍ അരങ്ങേറുന്നത്. ഇതിന് പുറമെയാണ് കുടുംബങ്ങളിലുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍. ലഹരിക്കടിമകളാകുന്ന മക്കള്‍ കുടുംബങ്ങള്‍ക്ക് വലിയ ഭീഷണിയായി മാറുകയാണ്. മാതാപിതാക്കളെ കൊല്ലാന്‍ പോലും മടിയില്ലാത്ത മനക്കരുത്ത് ഇവര്‍ക്ക് നല്‍കുന്നത് ലഹരി തന്നെയാണ്.

സംസ്ഥാനത്ത് ശക്തമായി വേരുറപ്പിച്ചിരിക്കുന്ന ലഹരി മാഫിയകളുടെ വേരറുത്തേ മതിയാകൂ. എല്ലായിടങ്ങളിലും ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണവും നടപടികളും ശക്തിപ്പെടുത്തണം.

Similar News