വാട്സ്ആപ്ഹാക്ക് ചെയ്തുള്ളതട്ടിപ്പുകള്‍ പെരുകുമ്പോള്‍

By :  Sub Editor
Update: 2024-11-26 11:19 GMT

പല തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് സംസ്ഥാനത്ത് വ്യാപകമായിരിക്കുന്നത്. ഇപ്പോള്‍ വാട്‌സ്ആപ് ഹാക്ക് ചെയ്തുകൊണ്ടുള്ള തട്ടിപ്പുകള്‍ പെരുകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിനാളുകളുടെ വാട്‌സ്ആപ് അക്കൗണ്ടുകള്‍ തട്ടിപ്പ് സംഘങ്ങളുടെ നിയന്ത്രണത്തിലാണുള്ളത്. തട്ടിപ്പിനിരകളായവര്‍ ഇതുസംബന്ധിച്ച് പൊലീസിന് വാട്‌സ്ആപ്പിനും പരാതി നല്‍കിയിട്ടുപോലും ഫലമുണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ ഹാക്ക് ചെയ്ത വാട്‌സ്ആപ് അക്കൗണ്ടുകള്‍ വീണ്ടെടുക്കാന്‍ സാധിക്കാത്തത് ഉടമകളെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുകയാണ്. പാസ്‌വേഡ് മാറ്റി സുരക്ഷിതമാക്കാനോ ലോഗ് ഔട്ട് ചെയ്ത ശേഷം വീണ്ടും ലോഗിന്‍ ചെയ്യാനോ സാധിക്കാത്ത വിധത്തിലാണ് തട്ടിപ്പുകാര്‍ അക്കൗണ്ടില്‍ മാറ്റംവരുത്തുന്നത്. ജനങ്ങളില്‍ ഭൂരിഭാഗവും വാട്‌സ്ആപ് സൗകര്യങ്ങളോടെയുള്ള മൊബൈല്‍ ഫോണുകളുപയോഗിക്കുന്നവരാണ്. ഫേസ്ബുക്കുകളെക്കാള്‍ കൂടുതലാണ് വാട്‌സ്ആപ്പിന്റെ ഉപയോഗം. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് വാട്‌സ്ആപ്പുകളിലാണ്. ഉപഭോക്താക്കളെ കബളിപ്പിച്ച് ഒ.ടി.പി സംഘടിപ്പിച്ചാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്. അക്കൗണ്ടുകളുടെ നിയന്ത്രണം കൈക്കലാക്കുന്ന സംഘം മിനിട്ടുകള്‍ക്കുള്ളിലാണ് വാട്‌സ്ആപ്പിന്റെ സുരക്ഷാ സംവിധാനങ്ങളിലൊന്നായ ടു സ്റ്റേജ് വെരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുന്നത്. ഉടമയ്ക്ക് ലഭിക്കേണ്ട ഒ.ടി.പി., സുരക്ഷാ സന്ദേശങ്ങള്‍ എന്നിവ തട്ടിപ്പുകാരുടെ ഇ-മെയില്‍ വിലാസത്തിലേക്കോ മൊബൈല്‍ നമ്പറിലേക്കോ പോകുന്ന വിധത്തില്‍ മാറ്റംവരുത്തുകയാണ്. ഇതോടെ അക്കൗണ്ടുകള്‍ വീണ്ടെടുക്കാനുള്ള സാധ്യതകളാണ് ഇല്ലാതാകുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ഈ പ്രശ്‌നം ഗുരുതരമായി ബാധിക്കുകയും ബ്ലാക്ക് മെയിലിംഗ് അടക്കമുള്ള തട്ടിപ്പുകള്‍ അരങ്ങേറുകയും ചെയ്യുന്നു. നിരവധി പേരുടെ വ്യക്തിപരമായ സന്ദേശങ്ങള്‍, സ്വകാര്യ ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭ്യമാകുകയാണ് ചെയ്യുന്നത്. ഇതൊക്കെ ഉപയോഗിച്ച് തട്ടിപ്പുകാര്‍ ബ്ലാക്ക് മെയിലിംഗിലൂടെ പണമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഈ അക്കൗണ്ടുകളുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ പോലും തട്ടിപ്പുകാര്‍ വീഡിയോ കോളുകള്‍ വിളിക്കുന്നുണ്ട്. ദേശസാല്‍കൃത ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലുമായി തട്ടിപ്പുകാര്‍ അനവധി അക്കൗണ്ടുകളാണ് തുറന്നിരിക്കുന്നത്. തട്ടിപ്പിനിരകളായവരുടെ പേരുകളിലാണ് അക്കൗണ്ടുകള്‍ തുറക്കുന്നതെന്നതിനാല്‍ നിയമപ്രശ്‌നങ്ങള്‍ വരെ നേരിടേണ്ടിവരുന്നു. ഇത്തരം അക്കൗണ്ടുകളില്‍ വന്‍ തുകകള്‍ എത്തുകയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകള്‍ മുഖേന പിന്‍വലിക്കുകയും ചെയ്യുന്നുണ്ട്.

Similar News