EDITORIAL | കാസര്‍കോട് ജില്ല കൊടും വരള്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍

By :  Sub Editor
Update: 2025-04-04 11:28 GMT

കൊടും ചൂടില്‍ വലയുകയാണ് ജനങ്ങള്‍. കാസര്‍കോട് ജില്ലയാകട്ടെ കൊടും വരള്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജില്ലയിലെ പ്രധാന പുഴകളെല്ലാം വറ്റി വരണ്ടുകൊണ്ടിരിക്കുന്നു. കിണറുകളും കുഴല്‍ക്കിണറുകളു പോലും വറ്റുകയാണ്. ജില്ലയിലെ പല ഭാഗങ്ങളിലും ജനങ്ങള്‍ കുടിവെള്ളത്തിനായി പരക്കം പായുകയാണ്. അസഹ്യമായ ചൂടിനിടെയുള്ള വൈദ്യുതി മുടക്കങ്ങള്‍ മറ്റൊരു ദുരിതമാവുകയാണ്. കാര്‍ഷിക വിളകളെല്ലാം ഉണങ്ങി നശിച്ചുകൊണ്ടിരിക്കുന്നു. വേനല്‍മഴ ചതിച്ചത് ജില്ലയുടെ വരള്‍ച്ചക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളില്‍ നല്ല വേനല്‍മഴ ലഭിച്ചപ്പോള്‍ ജില്ലയില്‍ മഴ മാറിനില്‍ക്കുകയാണ്. ചില പ്രദേശങ്ങളില്‍ മഴ പെയ്തെങ്കിലും അതിന് ശക്തിയുണ്ടായില്ല. മലയോര പ്രദേശങ്ങളില്‍ മാത്രമാണ് തുടര്‍ച്ചയായി മഴ പെയ്തത്. മറ്റിടങ്ങളിലാകട്ടെ ചാറ്റല്‍ മഴയാണ് പെയ്തത്. പിന്നെയും ചൂട് കൂടാനല്ലാതെ ഈ മഴ കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല. കാസര്‍കോടിന്റെ മധ്യത്തിലും തീര പ്രദേശങ്ങളിലും മഴ പെയ്തിട്ടില്ല. മാര്‍ച്ച് മാസത്തില്‍ സംസ്ഥാനത്ത് വേനല്‍മഴ കുറഞ്ഞ ഏക ജില്ല കാസര്‍കോടാണ്. കോട്ടയം, തിരുവനന്തപുരം, കൊല്ലം, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളി്ല്‍ അധികമഴ ലഭിച്ചിരുന്നു. 16.2 മില്ലി ലിറ്റര്‍ മഴയാണ് ജില്ലക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കിട്ടിയതാകട്ടെ വെറും 6.1 മില്ലി ലിറ്റര്‍ മാത്രമാണ്. കാഞ്ഞങ്ങാട്, നീലേശ്വരം, കാസര്‍കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലും ഇത്തവണ വേനല്‍മഴ ലഭിച്ചിട്ടില്ല. ഇനി കൊടും വരള്‍ച്ചയെ അഭിമുഖീകരിക്കാതെ മറ്റ് മാര്‍ഗങ്ങളില്ല. ഇനി ചെയ്യാനുള്ളത് വരള്‍ച്ചയെ അതിജീവിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ അതിനുവേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയും രംഗത്തിറങ്ങിയിട്ടുണ്ട്. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമാക്കേണ്ടതുണ്ട്. കുടിവെള്ളപ്രശ്നം നേരിടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി കുടിവെള്ള വിതരണം നടത്തുന്നതിനുള്ള നടപടികളും അടിയന്തിരമായി സ്വീകരിക്കണം. വെയിലില്‍ ജോലി ചെയ്യുന്നവര്‍ ഏറെ ജാഗ്രത പാലിക്കേണ്ട സമയം കൂടിയാണിത്. പകല്‍ നേരങ്ങളില്‍ കൊടുംവെയിലില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. തൊഴിലാളികള്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിച്ചില്ലെങ്കില്‍ തൊഴില്‍ ചെയ്യിക്കുന്നവരുടെ ശ്രദ്ധ ആവശ്യമാണ്. സൂര്യാഘാതം അടക്കമുള്ളവ നേരിടേണ്ടിവന്നാല്‍ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് മാത്രമല്ല, ജീവന്‍ തന്നെ നഷ്ടമാകാന്‍ ഇടവരുത്തും. കുട്ടികളുടെ കാര്യത്തിലും ശ്രദ്ധ വേണം. തീവെയിലില്‍ കുട്ടികളെ പുറത്തുവിടുന്നത് ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഈ വരള്‍ച്ചാകാലത്തെയും അതിജീവിച്ച് മുന്നോട്ടു പോകാം.

Similar News