അതിരുവിട്ട വിദ്യാര്‍ത്ഥി സംഘര്‍ഷം; പകവീട്ടലില്‍ പൊലിഞ്ഞത് ഒരു ജീവന്‍; ആക്രമണം ആസൂത്രിതം
കോഴിക്കോട്: താമരശ്ശേരിയില്‍ ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് പരിപാടിയുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് പത്താംക്ലാസുകാരന്‍ ഷഹബാസ് മരിച്ചത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. വട്ടോളി എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനുമായ മുഹമ്മദ് ഷഹബാസിനാണ് ദാരുണാന്ത്യം ഉണ്ടായത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ട്യൂഷന്‍ സെന്ററില്‍ നടന്ന യാത്രയയപ്പ് പരിപാടിയുമായി ബന്ധപ്പെട്ടാണ്
എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്റി സ്‌കൂളിലെ കുട്ടികളും തര്‍ക്കമുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായി വ്യാഴാഴ്ച വൈകുന്നേരവും സംഘര്‍ഷമുണ്ടായി. തമ്മില്‍തല്ലിയ വിദ്യാര്‍ത്ഥികളെ നാട്ടുകാരും കടക്കാരും ഇടപെട്ടാണ് പിന്തിരിപ്പിച്ചെങ്കിലും മറ്റൊരിടത്ത് വെച്ച് വീണ്ടും വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി.
ഷഹബാസിനെ അതിക്രൂരമായാണ് പ്രതികള്‍ ആക്രമിച്ചത്. കരാട്ടെ പരിശീലകര്‍ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ച് ഷഹബാസിനെ മര്‍ദ്ദിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് കോഴിക്കോട് റൂറല്‍ എസ് പി കെ ഇ ബൈജു പറഞ്ഞു.
'അഞ്ച് വിദ്യാര്‍ത്ഥികളാണ് ഷഹബാസിനെ മര്‍ദ്ദിച്ചത്. ഒരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കരാട്ടെയില്‍ ഉപയോഗിച്ച നഞ്ചക്ക് ഉപയോഗിച്ച് തലയ്ക്കടിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ പരിശോധിച്ചുവരികയാണ്. ഗ്രൂപ്പില്‍ പ്രായപൂര്‍ത്തിയായ ആളുകള്‍ ഉണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കില്‍ കേസെടുക്കും', എസ്പി കെ ഇ ബൈജു പറഞ്ഞു. സംഘര്‍ഷത്തിന് ശേഷം ഷഹബാസ് മാളിലേക്ക് ഓടിക്കയറുകയായിരുന്നു. അവിടെ നിന്നും ഒരാളുടെ ബൈക്കില്‍ കയറി പോയി. സ്വന്തം വീട്ടിലേക്കല്ല പോയത്. ബൈക്കില്‍ പോയ സമയത്ത് തന്നെ ഛര്‍ദ്ദിച്ചിരുന്നു. സുഹൃത്തിന്റെ വീട്ടില്‍പോയി കിടന്ന ശേഷമാണ് സ്വന്തം വീട്ടിലേക്ക് പോയത്. ചികിത്സ ലഭിക്കുന്നതില്‍ ചെറിയ താമസം നേരിട്ടിട്ടുണ്ടെന്നും കെ ഇ ബൈജു പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ കുട്ടികളെ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി.
ഷഹബാസിനെ ആസൂത്രിതമായാണ് ആക്രമിച്ചത് എന്നതിനുള്ള തെളിവുകള്‍ പുറത്തുവരുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ ശബ്ദസന്ദേശം പുറത്തുവന്നു. ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊന്നിരിക്കുമെന്നാണ് ഗ്രൂപ്പിലെ ശബ്ദസന്ദേശത്തിലുള്ളത്. ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊല്ലും, അവന്റെ കണ്ണൊന്ന് നീ പോയി നോക്ക് , കണ്ണൊന്നും ഇല്ല എന്നാണ് ശബ്ദസന്ദേശത്തില്‍ ഒരാള്‍ പറയുന്നത്.കൂട്ടത്തില്‍ ഒരാള്‍ മരിച്ചുകഴിഞ്ഞാലും ഒരു വിഷയവുമില്ല, പൊലീസ് കേസെടുക്കില്ല എന്നാണ് മറ്റൊരു വിദ്യാര്‍ത്ഥി പറയുന്നത്. കേസ് തള്ളിപ്പോകുമെന്നും വിദ്യാര്‍ത്ഥികള്‍ പരസ്പരം പറയുന്നുണ്ട്.
ഷഹബാസിന്റെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കുമെന്നും ഷഹബാസിന്റെ മരണം ഏറെ ദു;ഖകരമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.