'ഫുട് ബോള്‍ താരമായ എട്ടാം ക്ലാസുകാരന് വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം'; കര്‍ണപുടം തകര്‍ന്നു

Update: 2025-02-18 06:50 GMT

കോഴിക്കോട്: ഫുട് ബോള്‍ താരമായ എട്ടാം ക്ലാസുകാരന് നേരെ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനമെന്ന് പരാതി. പയ്യോളി ചിങ്ങപുരം സികെജിഎം ഹയര്‍സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ കര്‍ണപുടം തകര്‍ന്ന കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇത് സംബന്ധിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോള്‍ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തല്ലരുതെന്നും അസുഖമുണ്ടെന്നുമെല്ലാം എട്ടാം ക്ലാസുകാരന്‍ അപേക്ഷിക്കുന്നത് വിഡിയോയില്‍ കാണാമായിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ വിദ്യാര്‍ഥികള്‍ ആക്രമണം തുടരുകയായിരുന്നു.

തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മര്‍ദിച്ചതെന്നാണ് പരാതി. ഈ മാസം ഒന്നിന് നടന്ന ആക്രമണത്തിന്റെ വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. തിക്കോടിയന്‍ സ്‌കൂള്‍ മൈതാനത്ത് ഫുട്‌ബോള്‍ പരിശീലനത്തിനെത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. നേരത്തെ തന്നെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നുവെന്നും അത് വീണ്ടും തുടരുകയായിരുന്നുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.

Similar News