നഴ്‌സിങ് കോളജിലെ റാഗിങ്ങ്: 'പ്രതികളായ വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടയും'

Update: 2025-02-15 09:29 GMT

തിരുവനന്തപുരം: ഗാന്ധിനഗര്‍ ഗവ. നഴ്‌സിങ് കോളജിലെ റാഗിങ്ങില്‍ പൊലീസ് പ്രതി പട്ടികയില്‍ ചേര്‍ത്ത അഞ്ച് വിദ്യാര്‍ഥികളുടെയും തുടര്‍പഠനം തടയാന്‍ തീരുമാനം. സനിയാഴ്ച ചേര്‍ന്ന നഴ്‌സിങ് കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇക്കാര്യം കോളജ് അധികൃതരെ അറിയിക്കുമെന്ന് പ്രതിനിധികള്‍ പറഞ്ഞു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന അഭിപ്രായമായിരുന്നു കൗണ്‍സിലിലെ ഭൂരിപക്ഷം പേരും ഉന്നയിച്ചത്.

'കോട്ടയത്ത് നടന്നത് ഏറ്റവും ഹീനപ്രവൃത്തിയാണ്. ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. അത്തരം ആളുകള്‍ നഴ്‌സിങിലേക്ക് കടന്നുവരുന്നത് മേഖലയ്ക്ക് ഒരു ദുരന്തമായിരിക്കും. ഇതൊരു സേവനമേഖലയാണ്. അതില്‍ മനുഷ്യത്വമുള്ളവരാണ് കടന്നുവരേണ്ടത്. ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ ഒരിക്കലും അതിന് അര്‍ഹരല്ല. അതുകൊണ്ട് കുറ്റം ചെയ്തവരുടെ തുടര്‍പഠനസാധ്യത ഇല്ലാതാക്കാനാണ് നഴ്സിങ് കൗണ്‍സില്‍

തീരുമാനിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് ഹാള്‍ ടിക്കറ്റ് കൊടുക്കുന്നത് ഉള്‍പ്പെടെ തടയും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടര്‍പഠനത്തില്‍ മുന്നോട്ട് പോവേണ്ടെന്ന് കോളജ് അധികൃതരെ അറിയിക്കുമെന്നും കൗണ്‍സില്‍ പ്രതിനിധികള്‍ പറഞ്ഞു.

അതിനിടെ നഴ്‌സിങ് കോളജില്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ക്രൂരമായ റാഗിങ് നടക്കുമ്പോള്‍ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. വിദ്യാര്‍ഥികളില്‍ ഒരാള്‍ വിവരം സെക്യൂരിറ്റിയെ അറിയിച്ചിട്ടും ഇടപെട്ടിരുന്നില്ലെന്ന ആരോപണങ്ങളാണ് ഉയരുന്നത്. ഇക്കാര്യത്തെ കുറിച്ച് പൊലീസ് ചോദിച്ചപ്പോള്‍ റാഗിങ് നടന്നത് അറിഞ്ഞില്ലെന്നും ഇരയായ കുട്ടികള്‍ നിലവിളിക്കുന്നത് കേട്ടിട്ടില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഇതില്‍ പൊലീസിന് സംശയം ഉണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ അന്വേഷണം ഉണ്ടാകും.

റാഗിങ് നടന്ന മുറിയില്‍ നിന്നും കത്തിയും കോമ്പസും ഡമ്പലും കരിങ്കല്‍ കഷണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. റാഗിങ്ങിനെതിരെ 4 വിദ്യാര്‍ഥികള്‍ കൂടി കോളജിന്റെ ആന്റി റാഗിങ് സെല്ലില്‍ പരാതി നല്‍കി. ഇതില്‍ ഒരാള്‍ പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്‌തെന്ന കാര്യവും അന്വേഷണത്തില്‍ തെളിഞ്ഞെട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരി 10ന് രാത്രി 11 മണിക്ക് ശേഷമായിരുന്നു പീഡന സംഭവം നടന്നത്. റാഗിങ്ങിന് വിധേയനായ ലിബിന്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായ കേരള ഗവ.സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ (കെ.ജി.എസ്.എന്‍.എ) സംസ്ഥാന സെക്രട്ടറി കെ.പി.രാഹുല്‍ രാജ്, സാമുവല്‍ ജോണ്‍സണ്‍, എന്‍.എസ്.ജീവ, സി.റിജില്‍ ജിത്ത്, എന്‍.വി.വിവേക് എന്നിവര്‍ തന്നെയാണ് ഈ ക്രൂരകൃത്യത്തിനും നേതൃത്വം നല്‍കിയത്. സീനിയേഴ്‌സ് ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്ന് അജിത്ത്, ദിലീപ്, ആദര്‍ശ്, അരുണ്‍ എന്നിവരാണ് റാഗ് ചെയ്യപ്പെട്ടത്. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയില്ല.

Similar News