സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; ഉത്തരമില്ലാത്ത മൂന്ന് ചോദ്യങ്ങള്‍
മുംബൈ: ബാന്ദ്രയിലെ വസതിയില്‍ വെച്ച് സെയ്ഫ് അലി ഖാനെ ആക്രമിച്ച വ്യക്തിക്കായി മുംബൈ പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ സംഭവത്തിൽ ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കിട്ടാത്തതിനാല്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമി കെട്ടിടത്തിന് പുറത്തേക്ക് പോകുമ്പോള്‍ ഗോവണി കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ബാന്ദ്ര സ്റ്റേഷന്‍ ബ്രിഡ്ജിലെ സിസിടിവിയിലും ഇയാളെ കണ്ടതായി വിവരമുണ്ട്. മറ്റ് സിസിടിവി ക്യാമറകളില്‍ ഇയാളുടെ ചലനം പതിഞ്ഞിട്ടില്ലാത്തതിനാല്‍ ഇയാള്‍ ട്രെയിനില്‍ വസായ്-നല്ലസോപാര ഭാഗത്തേക്ക് കടന്നതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. എന്നിരുന്നാലും ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിന് ഇപ്പോഴും മറുപടിയായിട്ടില്ല.
സെയ്ഫും കുടുംബവും ഉണ്ടായിരുന്ന 12ാം നിലയിലേക്ക് അക്രമി എങ്ങനെ എത്തി?
കെട്ടിടത്തില്‍ കയറാന്‍ പൈപ്പുകള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും തുറന്ന ജനലിലൂടെ നടന്റെ മകന്‍ ജെഹിന്റെ (ജഹാംഗീര്‍) മുറിയിലേക്ക് കടന്നതാകാമെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കെട്ടിടത്തിനുള്ളില്‍ കയറാന്‍ ഇയാള്‍ കോണിപ്പടി ഉപയോഗിച്ചതാകാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ ആരെങ്കിലും പങ്കാളിയായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ആക്രമണം നടക്കുമ്പോള്‍ ഫ്ളാറ്റില്‍ സെയ്ഫും ഭാര്യ കരീനയും രണ്ട് കുട്ടികളും ഉള്‍പ്പെടെ 11 പേര്‍ ഉണ്ടായിരുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏതെങ്കിലും ജീവനക്കാര്‍ അക്രമിയെ സഹായിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടുജോലിക്കാരെല്ലാം കേരളം, ബിഹാര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് പോലീസ് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിനൊടുവില്‍ കെട്ടിടത്തിന് പുറം ഭാഗത്തിലൂടെ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണമില്ലെന്നാണ് പോലീസ് നിഗമനം. സിസിടിവിയില്‍ ഇയാള്‍ കെട്ടിടത്തിന് പുറത്തേക്ക് പോകാന്‍ പടവുകള്‍ ഉപയോഗിക്കുന്നത് കണ്ടിരുന്നു. കോണിപ്പടിയില്‍ നിന്ന് താഴേക്ക് നീങ്ങുമ്പോള്‍ അയാള്‍ ക്യാമറയിലേക്ക് നോക്കുകയും ചെയ്തിട്ടുണ്ട്.
കെട്ടിടത്തില്‍ സുരക്ഷ ഉണ്ടായിരുന്നിട്ടും അക്രമി എങ്ങനെ എളുപ്പത്തില്‍ രക്ഷപ്പെട്ടു?
സംഭവമുണ്ടായ ദിവസം രാത്രി ഒരു പാര്‍ട്ടിക്ക് പുറത്തുപോയ കരീന ആക്രമണത്തിന് കുറച്ച് മിനിറ്റ് മുമ്പ് വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. വീട്ടുജോലിക്കാരും നടനും ഭാര്യയും അതിക്രമിച്ചുകയറിയ ആളെ നേരിട്ടു. ഇതിനിടെയായിരുന്നു ഖാനെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്.സ്ഥലത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ അക്രമി ഇവരെ ഒരു മുറിയില്‍ പൂട്ടിയിട്ടതായാണ് റിപ്പോര്‍ട്ട്. കരീന തന്റെ ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഇറങ്ങിയപ്പോഴായിരുന്നു ഇത്.
അക്രമി താഴേക്ക് ഓടുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രധാന വാതിലില്‍ സുരക്ഷാ സാന്നിദ്ധ്യം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കെട്ടിടത്തിന്റെ ഗോവണി ഭാഗത്തേക്ക് എങ്ങനെ എത്തി എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. എലൈറ്റ് റെസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ പ്രവേശന കവാടത്തിലും പുറത്തുകടക്കുന്നതിനും സുരക്ഷാ സാന്നിധ്യമുണ്ടാകാറുണ്ട്. അതിനാല്‍, പരിസരത്തെ എല്ലാ ക്യാമറകളും വെട്ടിച്ച് ഇയാള്‍ എങ്ങനെ രക്ഷപ്പെട്ടു എന്നതിനെക്കുറിച്ച് വ്യക്തതയില്ല.
അതേസമയം, ആ സമയത്ത് ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍, കരീന തന്റെ വീട്ടുജോലിക്കാരനോട് എത്രയും വേഗം ഒരു ഓട്ടോറിക്ഷ എടുക്കാന്‍ ആവശ്യപ്പെട്ടു, തുടര്‍ന്ന് പ്രദേശത്തെ മറ്റൊരു കെട്ടിടത്തില്‍ താമസിക്കുന്ന മകന്‍ ഇബ്രാഹിമും വീട്ടുജോലിക്കാരും ചേര്‍ന്ന്് അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
അക്രമി കെട്ടിടം വിട്ടുപോകുന്നത് എന്തുകൊണ്ട് ഒരു സുരക്ഷാ ജീവനക്കാരും കണ്ടില്ല?
സമ്മര്‍ദ്ദത്തിനും പരിഭ്രാന്തിക്കും ഇടയില്‍ ചോരയൊലിക്കുന്ന അവസ്ഥയില്‍ സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴും കെട്ടിടത്തില്‍ സുരക്ഷാ ഗാര്‍ഡുകളുടെയും വാച്ചര്‍മാരുടെയും സാന്നിധ്യം ഉണ്ടാകേണ്ടതാണ്. .എന്നിരുന്നാലും മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഫ്‌ളാറ്റിലോ സന്ദര്‍ശകരുടെ പ്രവേശന കവാടത്തിലോ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. 13 നിലകളുള്ള സദ്ഗുരു ശരണ്‍ ബില്‍ഡിംഗ് സൊസൈറ്റിയില്‍ സന്ദര്‍ശകരെ പരിസരത്ത് പ്രവേശിക്കുന്നതിനോ പുറത്തേക്ക് വരുന്നതിനോ രജിസ്റ്റര്‍ ചെയ്യാന്‍ ലോഗ്ബുക്കും ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.