പ്രശസ്ത പിന്നണി ഗായിക കല്‍പ്പന രാഘവേന്ദര്‍ 'ആത്മഹത്യയ്ക്ക് ശ്രമിച്ചു'; ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍
ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കല്‍പ്പന രാഘവേന്ദര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. അമിതമായി ഉറക്ക ഗുളികകള്‍ കഴിച്ചതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗായികയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുന്നു.
നിസാം പേട്ടിലെ വസതിയില്‍ വച്ച് മാര്‍ച്ച് രണ്ടിനാണ് സംഭവം. രണ്ട് ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റ് സെക്യൂരിറ്റി ജീവനക്കാര്‍ അയല്‍ക്കാരെ വിവരം അറിയിക്കുകയും അവര്‍ പൊലീസുമായി ബന്ധപ്പെടുകയുമായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് അബോധാവസ്ഥയില്‍ കാണുന്നത്. ഉടന്‍ തന്നെ നിസാംപേട്ടിലെ ആശുപത്രില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
കല്പനയുടെ ഭര്‍ത്താവ് ചെന്നൈയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കെ.പി.എച്ച്.ബി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രശസ്ത പിന്നണി ഗായകന്‍ ടി.എസ്. രാഘവേന്ദ്രയുടെ മകളാണ് കല്‍പ്പന. സ്റ്റാര്‍ സിംഗര്‍ മലയാളത്തില്‍ പങ്കെടുക്കുകയും 2010 ല്‍ കിരീടം നേടുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇളയരാജ, എ.ആര്‍. റഹ്‌മാന്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രശസ്ത സംഗീതസംവിധായകരുടെ സംഗീതത്തില്‍ നിരവധി പാട്ടുകള്‍ പാടി. സംഗീത കുടുംബത്തില്‍ ജനിച്ച കല്‍പന അഞ്ചാം വയസ്സില്‍ തന്റെ കരിയര്‍ ആരംഭിച്ചു.
ഒന്നിലധികം ഭാഷകളിലായി 1,500-ലധികം ഗാനങ്ങള്‍ പാടിക്കഴിഞ്ഞു. പാട്ടു പാടുന്നതിനു പുറമേ, കമല്‍ഹാസന്‍ അഭിനയിച്ച പുന്നഗൈ മന്നന്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.
ജൂനിയര്‍ എന്‍ടിആര്‍ അവതാരകനായ ബിഗ് ബോസ് തെലുങ്ക് സീസണ്‍ 1 ല്‍ കല്‍പ്പന പങ്കെടുത്തിരുന്നു. എ ആര്‍ റഹ്‌മാന്റെ മാമന്നനിലെ കോടി പരകുര കാലം, കേശവ ചന്ദ്ര രാമാവത്തിലെ തെലങ്കാന തേജം എന്നിവ സമീപകാലത്ത് അവര്‍ പാടിയ പ്രശസ്ത ഗാനങ്ങളില്‍ ചിലതാണ്. റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും എത്തിയിരുന്നു.