BIRTHDAY CELEBRATION | മോഹന്‍ലാലിന് ഇന്ന് ഇരട്ടി സന്തോഷം; എമ്പുരാന്‍ ആവേശത്തിനിടെ മകള്‍ മായയ്ക്ക് പിറന്നാള്‍; ഹൃദയഭേകമായ കുറിപ്പുമായി താരം

Update: 2025-03-27 05:13 GMT

എമ്പുരാന്‍ ആവേശത്തിലാണ് കേരളത്തിലെ ആരാധകര്‍. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ ചിത്രം ഓടുമ്പോള്‍ നടന്‍ മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ഇന്ന് ഇരട്ടി സന്തോഷമാണ്. മകള്‍ വിസ്മയ(മായ)യുടെ പിറന്നാള്‍ കൂടിയാണ് ഇന്ന്. പുലര്‍ച്ചെ തന്നെ വിസ്മയയ്ക്ക് ആശംസ അറിയിച്ച് കൊണ്ടുള്ള ഹൃദയഭേദകമായകുറിപ്പ്‌ മോഹന്‍ലാല്‍ പങ്കുവച്ചു.

'ജന്മദിനാശംസകള്‍, മായക്കുട്ടി. ഓരോ ദിവസവും നിന്റെ സ്വപ്നങ്ങള്‍ നിറവേറ്റുന്നതിലേക്ക് നിന്നെ അടുപ്പിക്കുകയും നിന്റെ ജീവിതത്തില്‍ സന്തോഷവും ചിരിയും നിറയ്ക്കുകയും ചെയ്യട്ടെ. നിന്നെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുകയാണ്. നിന്നെ എന്നും എപ്പോഴും സ്‌നേഹിക്കുന്നു. അച്ചാ', എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

ലാലിന്റെ കുറിപ്പിന് പിന്നാലെ ആരാധകര്‍ അടക്കം നിരവധി പേരാണ് താരപുത്രിക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയത്. അച്ഛനും മകള്‍ക്കും ഇന്ന് സന്തോഷത്തിന്റെ ദിനമെന്നാണ് ഏവരും കുറിച്ചത്.

പിതാവിനും സഹോദരനും പിന്നാലെ സിനിമയുടെ വഴി ആഗ്രഹിക്കാത്ത മായയുടെ ലോകം മാര്‍ഷ്യല്‍ ആട്സിലും, ക്ലേ ആര്‍ട് സിലും എഴുത്തിലും ഒക്കെയാണ്. നേരത്തെ കുങ് ഫു, തായ് ആയോധന കലകള്‍ അഭ്യസിക്കുന്ന പോസ്റ്റുകള്‍ വിസ്മയ പങ്കുവച്ചിരുന്നു. ഇതി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 2021ല്‍ വിസ്മയ എഴുതിയ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്' എന്ന പുസ്തകത്തിന് ആശംസയുമായി അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയതും ശ്രദ്ധേയമായിരുന്നു.

കേരളത്തില്‍ എമ്പുരാന്‍ 750ല്‍ ഏറെ സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആരാധകര്‍ക്കൊപ്പം മോഹന്‍ലാലും അണിയറ പ്രവര്‍ത്തകരും രാവിലെ തന്നെ കൊച്ചിയിലെ കവിത തിയറ്ററില്‍ എത്തിയിരുന്നു. സംവിധായകന്‍ പൃഥ്വിരാജും കുടുംബവും ചിത്രം കാണാന്‍ എത്തിയിരുന്നു.

റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഒരു ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രമായിരുന്നു എമ്പുരാന്‍. റിലീസിന് തലേദിവസം തന്നെ മലയാളത്തില്‍ ആദ്യമായി ആദ്യദിനം തന്നെ 50 കോടി ഓപണിംഗ് നേടുന്ന ചിത്രമായി മാറിയിരിക്കയാണ് എമ്പുരാന്‍ എന്നതും ശ്രദ്ധേയമാണ്.

ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം. മോഹന്‍ലാലിന്റെ തന്നെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. ചിത്രം 20 കോടിയാണ് ആദ്യ ദിനം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിരുന്നത്.

അതേസമയം കേരളത്തിലും ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ഓപണിംഗ് നേടുമോ എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് ചലച്ചിത്ര ലോകം. നിലവില്‍ ഈ റെക്കോര്‍ഡ് വിജയ് നായകനായ തമിഴ് ചിത്രം ലിയോയ്ക്ക് ആണ്. 12 കോടിയാണ് ലിയോയുടെ കേരള ഓപണിംഗ്.

ഖുറേഷി അബ്രാം/ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ് ളിന്‍, ബൈജു, സായ് കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ് കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ് സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

Full View

Similar News