സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; പവന് 65,800 രൂപ
കഴിഞ്ഞയാഴ്ചകളിലെ റെക്കോര്‍ഡ് കുതിപ്പ് മുതലെടുത്ത് പലരും ഗോള്‍ഡ് ഇടിഎഫില്‍ നിന്നും മറ്റും ലാഭമെടുപ്പ് തകൃതിയാക്കിയത് സ്വര്‍ണവിലയെ താഴേക്ക് നയിച്ചു;
കൊച്ചി: ആഭരണപ്രിയര്‍ക്കും വിവാഹാവശ്യത്തിന് സ്വര്‍ണം എടുക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസമായി തുടര്‍ച്ചയായ ദിവസങ്ങളിലെ സ്വര്‍ണവിലയിലെ ഇടിവ്. ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 8225 രൂപയായി. പവന് 65,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയതിന് ശേഷം രണ്ടാഴ്ചയ്ക്കിടെ ഇത് ആദ്യമായാണ് പവന്‍വില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്. ഈ മാസം മൂന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോര്‍ഡ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പവന് 2,680 രൂപയും ഗ്രാമിന് 335 രൂപയും ഇടിഞ്ഞു.
സംസ്ഥാനത്തെ സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഏകീകൃത വിലയാണെങ്കിലും, 18 കാരറ്റ് സ്വര്‍ണത്തിന്റെ വില നിര്‍ണയത്തില്‍ ഇപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 50 രൂപ കുറച്ച് 6745 രൂപയും പവന് 400 രൂപ കുറച്ച് 53960 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA)18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6780 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കനുസരിച്ച് ഒരു പവന് 400 രൂപ കുറഞ്ഞ് 54240 രൂപയാണ് വില. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമൊന്നുമില്ല. സാധാരണ വെള്ളിയുടെ വില ഗ്രാമിന് 102 രൂപയില്‍ തുടരുന്നു.
ആഗോള സാമ്പത്തികമാന്ദ്യ, വ്യാപാരയുദ്ധ ഭീതി സ്വര്‍ണ നിക്ഷേപകരെയും ആശങ്കപ്പെടുത്തുകയാണ്. സ്വര്‍ണവിലയിലും വൈകാതെ വലിയൊരു 'തിരുത്തല്‍' നേരിട്ടേക്കാമെന്ന് അവര്‍ പേടിക്കുന്നു. യുഎസും ചൈനയും മറ്റും സ്വര്‍ണത്തിനുമേലും നിയന്ത്രണം കൊണ്ടുവന്നേക്കാമെന്ന ആശങ്കയും ശക്തം. കഴിഞ്ഞയാഴ്ചകളിലെ റെക്കോര്‍ഡ് കുതിപ്പ് മുതലെടുത്ത് പലരും ഗോള്‍ഡ് ഇടിഎഫില്‍ നിന്നും മറ്റും ലാഭമെടുപ്പ് തകൃതിയാക്കിയതും സ്വര്‍ണവിലയെ താഴേക്ക് നയിച്ചു.
പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതല്‍ 30 ശതമാനം വരെയൊക്കെയാകാം. ഇന്നു 5% പണിക്കൂലിക്കാണ് ആഭരണം നല്‍കുന്നതെങ്കില്‍ ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത് 71,217 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 8,902 രൂപയും.