അനുഭവങ്ങളുടെ തീച്ചൂളയുമായി 'വെന്റിലേറ്റര്‍'

Update: 2025-10-18 10:37 GMT
പ്രവാസികളുടെ സങ്കീര്‍ണമായ ജീവിതം ജനങ്ങള്‍ക്ക് മുന്നില്‍ വരച്ചു കാട്ടിയ കാസര്‍കോട്ടുകാരനായ തോട്ടത്തില്‍ മുഹമ്മദലി തന്റെ ജീവിതാനുഭവങ്ങളെ ആവിഷ്‌കരിച്ച നോവലാണ് 'വെന്റിലേറ്റര്‍'.

പതിറ്റാണ്ടുകളുടെ പ്രവാസ ജീവിതത്തിനു ശേഷം, പ്രവാസ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളെയും നോവലാക്കി പ്രവാസികളുടെ സങ്കീര്‍ണമായ ജീവിതം ജനങ്ങള്‍ക്ക് മുന്നില്‍ വരച്ചുകാട്ടിയ കാസര്‍കോട്ടുകാരനായ തോട്ടത്തില്‍ മുഹമ്മദലി തന്റെ ജീവിതാനുഭവങ്ങളെ ആവിഷ്‌കരിച്ച പുതിയ നോവലാണ് 'വെന്റിലേറ്റര്‍'.

പ്രവാസം എന്ന നോവലിന് ശേഷം വ്യത്യസ്തമായ പ്രമേയവുമായി തന്റെ ജീവിതവുമായി ഒരു ബന്ധവുമില്ലെന്ന പ്രസ്താവനയോടെ അദ്ദേഹം രചിച്ച നോവലാണ് വെന്റിലേറ്റര്‍. പക്ഷേ അദ്ദേഹം ജീവിതത്തിന്റെ നല്ലപങ്കും തൊഴിലെടുത്ത മേഖലയായ ആസ്പത്രിയാണ് ഈ നോവലിലെ കഥാപശ്ചാത്തലം. അദ്ദേഹത്തിന്റെ പ്രവാസ ജീവിതവും അതിനുശേഷമുള്ള നാട്ടിലെ ജീവിതവും എല്ലാം ആസ്പത്രിയുമായി ബന്ധപ്പെട്ടതാണ്. ശ്വാസത്തിനായി വെന്റിലേറ്ററില്‍ കിടത്തിയിരിക്കുന്ന എത്രയോ രോഗികളെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്ത ചരിത്രം അദ്ദേഹത്തിനുണ്ട്.

ആസ്പത്രികളില്‍ ഉന്നത തസ്തികയില്‍ ഇരുന്ന് മനുഷ്യ ജീവിതത്തിന്റ അസ്ഥിരതയും നന്മ-തിന്മകളും ജയപരാജയങ്ങളും ആരോഗ്യശാസ്ത്രത്തിന്റെ നൈതികതയും വരച്ചുകാട്ടുകയാണ് വെന്റിലേറ്റര്‍ എന്ന നോവലില്‍ അദ്ദേഹം.

കുവൈത്തിലെ ആസ്പത്രിയില്‍ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന സുബൈറിന്റെ ജീവിതത്തില്‍ പലപ്പോഴായി നിര്‍ണായകമായ സഹായങ്ങള്‍ നല്‍കിയ എ.എസ്. മൊയ്തീന്‍ അയാള്‍ക്കൊപ്പം കുറച്ചുകാലം കള്ളക്കടത്തിന്റെ ഭാഗമായി നിന്നെങ്കിലും വിജയങ്ങള്‍ക്കൊപ്പം പരാജയവും കടന്നുവന്നതോടെ അപ്പണി നിര്‍ത്തുകയായിരുന്നു. പിന്നെയും എ.എസ്ച്ചയുടെ പിന്തുണ സുബൈറിനൊപ്പമുണ്ടായിരുന്നു. അയാള്‍ക്ക് ഓഹരിയുള്ള ആസ്പത്രിയിലെ ജോലിയില്‍ നിയമനം ലഭിക്കുന്നതങ്ങനെയാണ്. എന്നാല്‍ ഉന്നത ഉദ്യോഗത്തിലിരിക്കുമ്പോഴും അയാള്‍ പരിഹസിക്കപ്പെടുകയും വൈരാഗ്യത്തിന് പാത്രമായിത്തീരുകയും ചെയ്യുന്നു. വെന്റിലേറ്ററിനകത്ത് കിടക്കുന്നത് രോഗികളോ പരിചാരകരോ ജീവനക്കാരോ അതോ നമ്മളൊക്കെത്തന്നെയോ എന്ന ചോദ്യം ഉന്നയിക്കുകയാണ് ഈ നോവല്‍.

ആസ്പത്രി ഒരു വലിയ ലോകമാണ്. ജനനവും മരണവും അതിനിടയിലെ നിശ്വാസങ്ങളും കരച്ചിലും ചിരിയും മുഖരിതമാക്കുന്ന ലോകം. ജീവന്‍ പണയം വെക്കപ്പെടുന്ന ഇടം. മികച്ച ചികിത്സ നല്‍കാന്‍ അത്യധ്വാനം ചെയ്യുന്നവര്‍ ഒരു ഭാഗത്തും ചികിത്സയെ എങ്ങനെ പണമാക്കി മാറ്റാം എന്ന് ഗവേഷണം നടത്തുന്നവര്‍ മറുവശത്തും നില്‍ക്കുന്ന ഒരു സങ്കേതമാണ് ആസ്പത്രികള്‍. ഈ രണ്ടു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് കലഹിക്കും. തല്‍പരകക്ഷികള്‍ മറുഭാഗത്തെ ഇല്ലായ്മ ചെയ്യാന്‍ തക്കം പാര്‍ത്തിരിക്കും.

നിയമമോ ജീവനോ എന്ന ചോദ്യത്തെ നേരിടാനാവാതെ പകച്ചു പോകുന്ന ഭിഷഗ്വരന്മാര്‍. പണത്തിനപ്പുറം വേറൊന്നുമില്ലെന്ന തിട്ടൂരം പുറപ്പെടുവിക്കുന്നവര്‍. രക്തബന്ധത്തിനപ്പറം സ്‌നേഹബന്ധത്തിന്റെ ശക്തി തിരിച്ചറിയുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ഈ നോവലില്‍ കാണാനൊക്കും.

നോവലിന്റെ കഥാ പരിസരവും കഥാപാത്രങ്ങളും കാസര്‍കോട്ടുകാരും കുവൈത്തിലെ പ്രവാസ ജീവിതവുമാണ്. കേരളത്തിന്റ ഏറ്റവും വടക്കേ അറ്റത്തെ ജനജീവിതത്തിന്റെ തനിമയാര്‍ന്ന കഥാപാത്രങ്ങളെയാണ് മുഹമ്മദലി നോവലില്‍ ആദ്യം മുതല്‍ അവസാനം വരെ വരച്ചുകാട്ടുന്നത്.

വെന്റിലേറ്ററില്‍ കിടത്തിയവര്‍ അവസാന ശ്വാസത്തിനായി ജീവിതത്തോട് പോരാടുകയും ഒടുവില്‍ വെന്റിലേറ്ററില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കഥാപാത്രങ്ങള്‍ നമുക്കിടയിലേക്ക് തന്നെ നടന്നുവരുന്ന അനുഭവമാണ് ഈ നോവല്‍ നമുക്ക് തരുന്നത്. ഭാഷ കൊണ്ടും കഥാപാത്രങ്ങളുടെ സംസാരം കൊണ്ടും തികച്ചും കാസര്‍കോട്ടുകാരുടെ നോവലാണിത്.

അപ്പോഴും നിലപാടില്‍ മാറ്റമില്ലാതെ അവള്‍ക്കൊപ്പം നില്‍ക്കുന്ന സുബൈര്‍. ദൈവവിശ്വാസം സത്യമോ മിഥ്യയോ എന്ന ചോദ്യമുയര്‍ത്തപ്പെടുന്നു. പണം എങ്ങനെ ചെലവഴിക്കാം എങ്ങനെ ചെലവഴിക്കരുത് എന്ന ചര്‍ച്ചയ്ക്കും ഇടം കൊടുക്കുന്നു. അനാഥരെ എങ്ങനെയാണ് പരിഗണിക്കേണ്ടതെന്ന് കൃത്യമായ നിലപാട് പ്രഖ്യാപിക്കുക മാത്രമല്ല, ജീവിതത്തില്‍ അത് നടത്തിക്കാണിക്കുകയും ചെയ്യുന്നുണ്ട് സുബൈര്‍.

വായനയുടെ ഗൗരവം നഷ്ടപ്പെടാതെ തന്നെ തമാശകള്‍ ചേര്‍ത്തുവെക്കാനും പ്രണയം തീവ്രമായി അവതരിപ്പിക്കാനും എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.

അക്ഷരാഭ്യാസമില്ലാത്ത ചില മലയാളികള്‍ കുവൈത്തില്‍ എത്തുകയും കച്ചവടം വ്യവസായ സംരംഭങ്ങള്‍ പലതും തുടങ്ങുകയും അവ വിജയിക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ വിദ്യാഭ്യാസമില്ലാത്ത ഒരാള്‍ കുവൈത്തിലെത്തി അവിടെ ആസ്പത്രി തുടങ്ങുന്നതും അതിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് വെന്റിലേറ്റര്‍.

എം.എ. റഹ്മാന്‍ മാഷാണ് അവതാരിക എഴുതിയിരിക്കുന്നത്. തീവ്രമായ കാസര്‍ഗോഡന്‍ അനുഭവങ്ങളും പ്രവാസ അനുഭവങ്ങളുമുള്ള ഒരാള്‍ക്ക് മാത്രമേ ഇത്തരത്തില്‍ ഒരു നോവല്‍ എഴുതാന്‍ കഴിയുകയുള്ളൂവെന്ന് അവതാരികയില്‍ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

ജീവിതയാഥാര്‍ത്ഥ്യങ്ങളും, അതിനിടയില്‍ ചേര്‍ക്കാന്‍ പറ്റുന്ന നര്‍മ്മങ്ങളും കോര്‍ത്തിണക്കിയ നോവല്‍ ഓരോ മലയാളിയും അല്ല, ഓരോ കാസര്‍കോട്ടുകാരും വായിച്ചിരിക്കേണ്ടതാണ്.


Similar News