'ലാസ്റ്റ് സ്റ്റോപ്പ്' കാലത്തിലേക്കുള്ള ഒരെഴുത്തുകാരന്റെ യാത്ര

Update: 2025-08-16 11:10 GMT

ഓരോ മനുഷ്യനും ഓരോ വാതിലുകളാണ്. അത് കാലഗണനകള്‍ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍ അടയ്ക്കുകയോ തുറക്കുകയോ ചെയ്യാം. അത്തരത്തില്‍ തുറന്ന വാതിലില്‍ പൂട്ടപ്പെട്ട് താക്കോല്‍ തേടിയുള്ള യാത്രയാണ് കാസര്‍കോട് സ്വദേശി സനാഉള്ളാഹ് എന്ന സാന്‍മാവിലയുടെ 'ലാസ്റ്റ് സ്റ്റോപ്പ്' എന്ന പ്രഥമ നോവല്‍. മലയാളത്തിന്റെ പുതുകഥാമുഖങ്ങളില്‍ ശ്രദ്ധേയനായ വി. ഷിനിലാല്‍ നോവലിനെഴുതിയ അവതാരികയില്‍ ആ യാത്ര കണ്ടെത്തുന്നുമുണ്ട്.

ബസ് യാത്രക്കിടയില്‍ പരിചയപ്പെട്ട ഒരാളെ തേടിയുള്ള ഒറ്റ ദിവസത്തെ കഥയാണ് സാന്‍മാവിലയുടെ ലാസ്റ്റ് സ്റ്റോപ്പെന്ന് ഷിനിലാല്‍ തന്റെ വായനയില്‍ കണ്ടെത്തുന്നു. എന്നാല്‍ എല്ലാ വായനക്കാര്‍ക്കും അത് അത്തരത്തില്‍ തന്നെ അനുഭവപ്പെടണമെന്നുമില്ല. ഈ നോവലില്‍ ഓരോ വായനക്കാരന്റെയും വായനകള്‍ വ്യത്യസ്തമായിരിക്കും. എഴുത്തുകാരന്റെ ഉദ്യമവും വ്യത്യസ്തം. അതുകൊണ്ടാണ് തന്റെ കന്നി നോവലിലെ യാത്രയെക്കുറിച്ച് സാന്‍മാവില പറയുന്നത്: ലാസ്റ്റ് സ്റ്റോപ്പ് എന്ന തന്റെ നോവല്‍ വെറുമൊരു യാത്രയുടെ കഥയല്ല. ഇത് ഒരു യാത്രയില്‍ സംഭവിക്കുന്ന ഉപകഥകളുമല്ല. മറിച്ച് ഒരുപാട് കഥകള്‍ ഒരൊറ്റ യാത്രയിലേക്ക് വന്ന് ചേരുന്നതാണ്.

വലിച്ചുരച്ച പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഞെരിഞ്ഞമര്‍ന്ന സ്ഥലപ്പേരുകള്‍. എന്നാല്‍ സ്ഥലപ്പേരൊന്നുമില്ലാത്ത ചിരപരിചിതമായ കോലാഹലങ്ങളില്‍ നിന്നും മുക്തമായ ബസ് സ്റ്റാന്റില്‍ ഞാനെന്ന കഥാപാത്രം യാത്രയ്ക്കായി വന്നിരിക്കുന്നിടത്ത് നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. യാത്രയ്‌ക്കൊരുങ്ങുന്ന 'ഞാന്‍' ഒരേ സമയം നോവലിസ്റ്റും വായനക്കാരനുമാണ്. നായകന്‍ മാറിമാറി ജീവിതകഥയുടെ വേഷ പകര്‍ച്ച നോവലില്‍ ഉടനീളം കൊണ്ടാടപ്പെടുന്നു. സഹയാത്രികര്‍ വിവിധങ്ങളായ അവരുടെ ജീവിത കഥകളും പേറിയാണ് ബസില്‍ അവരുടെ ലാസ്റ്റ് സ്റ്റോപ്പിലേക്ക് യാത്ര പോകുന്നത്. ഇടയ്ക്ക് ഇറങ്ങിപോകാനാവുന്ന ഒരു സര്‍വീസ് ബസല്ല ഈ നോവല്‍ യാത്ര. യാത്ര ആരംഭിച്ചിടത്ത് നിന്ന് അവസാന ഇടത്തേക്കുള്ള ഒരു നോണ്‍ സ്റ്റോപ്പ് ബസാണ് ഇത്. ലാസ്റ്റ് സ്റ്റോപ്പിലേ അത് ചെന്ന് നില്‍ക്കുന്നുള്ളൂ. ജീവിതത്തേയും കാലത്തേയും അത് അടയാളപ്പെടുത്തുന്നു.

നോവല്‍ സാഹിത്യത്തിലെ വ്യത്യസ്തമായ പ്രമേയ സ്വീകരണം കൂടിയായി ഈ നോവല്‍ അനുഭവപ്പെടുന്നു. അടിസ്ഥാനപരമായ സാഹിത്യത്തില്‍ സാന്‍മാവില ഒരു ഗദ്യകാരനല്ല. പദ്യമാണ് അദ്ദേഹത്തിന്റെ പഥ്യമാധ്യമം. കവിയായ രചയിതാവ് ലാസ്റ്റ് സ്റ്റോപ്പ് എന്ന നോവലിലേക്ക് എഴുത്തുകുപ്പായം മാറ്റിയിട്ട് വന്നിരിക്കുകയാണ്. സര്‍ഗാത്മകതയുടെ വേഷപരിണാമം.

ഉമ്മറക്കോലായിലെ ചാരുകസേരയില്‍ ഓര്‍മ്മ തുപ്പുന്നൊരു തുമ്മാന്‍ കൂട്ടുണ്ടെന്ന് തുടങ്ങുന്ന തന്റെ കവിതക്ക് സാന്‍മാവിലയിട്ട പേര് ഒരു മുത്തശ്ശന്‍ കഥ എന്നാണ്. പച്ച മനുഷ്യന്റെ ചോരനീരായ കഥ പറഞ്ഞ് മൂലക്കിരുത്തിയ പല്ലുകള്‍ നാട്യങ്ങള്‍ കണ്ടെടുത്ത് ജീവനോട് മൊഴി ചൊല്ലുന്ന മനോഹരമായ ബിംബങ്ങളാണ് മുത്തശ്ശന്‍ കഥ എന്ന കവിതയിലുള്ളത്.


മൂന്ന് കുറുങ്കവിതകളില്‍ ഫാസിസത്തെക്കുറിച്ചുള്ള എഴുത്ത് ഇങ്ങനെ. മഷി ഒന്ന് ചാറിയതേയുള്ളൂ. ത്രിശൂലത്തില്‍ കോര്‍ത്ത നാരങ്ങക്ക് ഞാനായിരുന്നു കൂട്ട്. ഈ രാഷ്ട്രീയ കാഴ്ചപ്പാട് സാന്‍മാവിലയുടെ ലാസ്റ്റ് സ്റ്റോപ്പ് എന്ന നോവലിലുമുണ്ട്. അതൊരു ദീര്‍ഘദര്‍ശനവുമാണ്.

നോവലിലെ ആറാം അധ്യായത്തില്‍ ആ രാഷ്ട്രീയം വെളിപ്പെടുന്നത് ഇങ്ങനെയാണ്. ഉരുളുകള്‍ ഉരുണ്ടുരുണ്ട് തൊണ്ടയിലൂടെ ആമാശയത്തിലേക്ക് ഊളിയിടുമ്പോള്‍ ചിന്തയുടെ അസ്ഥിവാരം തലയില്‍ കിടന്ന് പുകഞ്ഞ് തുടങ്ങി...

നീളന്‍ താടി. മാര്‍ക്‌സ്. കട്ടി മീശ. സ്റ്റാലിന്‍. ഉറച്ചനോട്ടം. ലെനിന്‍. സിമന്റ് പാകാത്ത ചെങ്കല്ലുകള്‍ക്ക് ചെഞ്ചായം പൂശിയ മതിലില്‍ താടിക്ക് കീഴെ തങ്ങള്‍ പരികല്‍പ്പന ചെയ്ത സിദ്ധാന്തങ്ങളുടെ സ്വാധീനത്തോടെ രൂപപ്പെടുന്ന നയങ്ങള്‍ക്ക് മൂകസാക്ഷികള്‍. വിള്ളല്‍ അള്ളിക്കയറിയ മരക്കാലുകള്‍ താങ്ങി നിര്‍ത്തിയ മേശ. നൂലിഴകള്‍ എത്തിനോക്കി അയിത്തം കല്‍പ്പിച്ച നീല വിരിപ്പില്‍ പുതച്ച മേശയ്ക്ക് മുകളില്‍ പഴയതെന്ന് തോന്നിക്കുന്ന ഈര്‍പ്പം പിടിച്ച പുസ്തകങ്ങള്‍. മൂലയ്ക്ക് മതില്‍ ചാരി ഒരു പറ്റം കൊടിതോരണങ്ങള്‍. വാക്കിനെ ചിത്രങ്ങളാക്കി നീട്ടിയും കുറുക്കിയുമെഴുതിയ 'ചെ' 'മാവോ' വാക്യങ്ങള്‍.

മധൂര്‍ പട്‌ള സ്വദേശിയാണ് സനാഉള്ളാഹ് എന്ന സാന്‍മാവില. പട്‌ളയിലെ മുഹമ്മദ് അസ്‌ലമിന്റേയും സബീദയുടെയും മകന്‍. തളങ്കരയിലെ സാഹിത്യോത്സവമായ തിരുമുറ്റത്ത് നടത്തിയ കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള സാഹിത്യ മത്സരത്തില്‍ കവിതയ്ക്ക് സമ്മാനം നേടിക്കൊണ്ടാണ് സാന്‍മാവില സാഹിത്യത്തിന്റെ തിരുമുറ്റത്ത് സഭാപ്രവേശം നേടിയത്. കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസില്‍ വെച്ചാണ് കവിതയുടെ ലോകത്ത് ആദ്യ കാല്‍വെപ്പ് നടത്തുന്നത്. പട്‌ള ജി.എച്ച്.എസ്.എസിലെ പഠനകാലത്ത് ആദ്യ കവിതാ സമാഹാരം 'കയ്പ്പ്' പ്രസിദ്ധീകരിച്ചു. നായന്മാര്‍മൂലയിലെ തന്‍ബീഹുല്‍ ഇസ്‌ലാമില്‍ പഠനം തുടരവെ 'തീ' എന്ന പേരില്‍ രണ്ടാമത്തെ കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.

തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മൂന്നാംവര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയായിരിക്കെയാണ് ലാസ്റ്റ് സ്റ്റോപ്പ് പ്രസിദ്ധീകരിക്കുന്നത്. പ്രശസ്ത നോവലിസ്റ്റ് ആര്‍. രാജശ്രീയാണ് ഇതിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ മാങ്ങാട്ട് പറമ്പ് ക്യാമ്പസിലെ എം.എ. പഠനത്തിനിടെ നിരവധി നാടകങ്ങള്‍ എഴുതി. പുഞ്ചിരി വിപ്ലവം എന്ന നാടകത്തിന് കണ്ണൂര്‍ സര്‍വ്വകലാശാല യുവജനോത്സവത്തില്‍ തെരുവ് നാടക വിഭാഗത്തില്‍ മൂന്നാംസ്ഥാനം ലഭിച്ചു. ഇപ്പോള്‍ പത്തനംതിട്ട ജില്ലയിലെ സി.പി.എ.എസ്. കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനില്‍ രണ്ടാംവര്‍ഷ സോഷ്യല്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. ഒപ്പം ഡിസ്റ്റന്‍സായി ഇഗ്‌നോ യൂണിവേഴ്‌സിറ്റിയില്‍ സാമൂഹ്യശാസ്ത്രം പി.ജിക്ക് പഠിക്കുന്നു.

Similar News