യക്ഷിപ്പാറുവും പിന്നെ സൂരി നമ്പൂതിരിയും

Update: 2025-06-25 10:42 GMT

രാജ്യത്തെ എല്ലാ സംസ്ഥാനത്തെയും മാതൃഭാഷകള്‍ക്ക് പരമപ്രാധാന്യം നല്‍കുമെന്ന പ്രഖ്യാപനത്തിന്റെ പിന്നില്‍ വാസ്തവത്തില്‍ ഹിന്ദിയുടെ മേധാവിത്വമുറപ്പിക്കുന്നതിനുള്ള ഗൂഢനീക്കമാണുണ്ടായിരുന്നത്. തമിഴനാട്ടിലും മഹാരാഷ്ട്രയിലും ഇപ്പോള്‍ നടന്നുവരുന്ന ഭാഷാസമരം ഈ ഗൂഢനീക്കം മനസ്സിലാക്കിയുള്ളതാണ്. മെഡിസിനും എഞ്ചിനിയറിങ്ങുമെല്ലാം അതത് മാതൃഭാഷയില്‍ പഠിക്കണം, ഇംഗ്ലീഷില്‍ വേണ്ട എന്ന് പറയുന്നതിനര്‍ഥം വിദേശത്തെ തൊഴില്‍സാധ്യതകള്‍ ഇല്ലാതാക്കുകയാണ്. കേരളത്തെയാണ് ഇത് ഏറ്റവും ബാധിക്കുകയെന്ന് വ്യക്തമാണല്ലോ. വിദേശതൊഴിലവസരമാണ് കേരളത്തെ രാജ്യത്തെ ഇതര ഭാഗങ്ങളേക്കാള്‍ ഏറെയേറെ മുന്നോട്ടുനയിച്ചതെന്ന് വ്യക്തമാണല്ലോ.

എവിടെത്തിരിഞ്ഞു നോക്കിയാലും യുദ്ധങ്ങളാണ്, പോരാണ്-സമാധാനമേ ഇല്ലാതുള്ളൂ. അതിനിടയില്‍ കേരളത്തിലെ ഒരു ഉപതിരഞ്ഞെടുപ്പ് യുദ്ധം പര്യവസാനിച്ചു. നിലമ്പൂരില്‍ നടന്ന വാശിയേറിയ ഉപതിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് സി.പി.എമ്മിലെ എം. സ്വരാജിനെ 11,077 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പിച്ചു. എം.എല്‍.എ. സ്ഥാനം രാജിവെച്ച് തിരഞ്ഞെടുപ്പിന് കളമൊരുക്കിയ പി.വി.അന്‍വര്‍ സ്വന്തം നിലയില്‍ മത്സരിച്ച് ഇരുപതിനായിരം വോട്ടു നേടിയെന്നത് ഏറ്റവും ശ്രദ്ധേയമായി. ബി.ജെ.പി.യാകട്ടെ വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. നാലാംസ്ഥാനത്തായെന്നതുമാത്രമല്ല, മുന്‍ തിരഞ്ഞെടുപ്പിലേതിലെയത്ര വോട്ടുനേടിയുമില്ല. നിലമ്പൂരില്‍ ഇരുമുന്നണിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണെന്നാണ് ആദ്യമേ പ്രഖ്യാപിക്കപ്പെട്ടത്. ആ പോരാട്ടത്തില്‍ യു.ഡി.എഫ്. വന്‍വിജയം നേടി. എല്‍.ഡി.എഫ്. സര്‍ക്കാരിന് വലിയ തിരിച്ചടിയാണുണ്ടായത്.

ഈ യുദ്ധത്തേക്കാളെല്ലാം വലിയതും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതുമായ യുദ്ധങ്ങളാണ് പുറത്ത് നടക്കുന്നത്. കേരളത്തിലെ സംഘപരിവാര്‍ നേതാക്കളിലൊരാളും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ്‌ഗോപി നായകനായഭിനയിച്ച ജാനകി വേഴ്‌സസ് സറ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുന്നു. സിനിമയുടെ പേര് മാറ്റണം, പോരാ സിനിമയിലെ നായികയുടെ പേരും മാറ്റണം- അങ്ങനെ മാറ്റണമെങ്കില്‍ സിനിമയിലെ സംഭാഷണങ്ങള്‍ മിക്കതും മാറ്റേണ്ടിവരും- അതായത് സിനിമ റിലീസ് ചെയ്യുക തല്‍ക്കാലം അസാധ്യം.

ജാനകി എന്ന പേരാണ് പ്രശ്‌നം. ജാനകി ഹിന്ദുദേവതയുടെ പേരാണ്, പീഡിതയായി കേസിന് പോകുന്ന ഒരാളുടെ പേരായി ജാനകി എന്ന നാമം ഉപയോഗിച്ചുകൂടാ എന്നാണ് സംഘ പരിവാറുകാരായ സെന്‍സര്‍മാരുടെ നിലപാട്. നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായ പേരാണ് ജാനകി. ജാനകി എന്ന വാക്കിന്റെ അര്‍ഥം ജനകന്റെ മകള്‍ എന്നാണ്. ജനകന്‍ പുരാണത്തിലെ അഥവാ രാമായണേതിഹാസത്തിലെ മിഥിലയുടെ രാജാവാണ്. അദ്ദേഹത്തിന് യാഗത്തിനിടെ മണ്ണില്‍നിന്ന് കിട്ടിയ കുട്ടിയാണ് ജാനകിയായത്. മണ്ണില്‍നിന്ന് കിട്ടിയതിനാല്‍ സീത എന്ന് യഥാര്‍ഥ പേര്. ശ്രീരാമന്റെ പത്‌നിയായ സീതാദേവിയുടെ പേരാണല്ലോ ജാനകി- അതിനാല്‍ ആ പേര് സിനിമകളില്‍ ഉപയോഗിച്ചുകൂടാ എന്നാണ് സംഘ പരിവാറുകാരായ സെന്‍സര്‍മാരുടെ തിട്ടൂരം.

അപ്പോഴാണ് സിനിമാ സംവിധായകസംഘടനയുടെ നേതാവായ ബി. ഉണ്ണികൃഷ്ണനെപ്പോലുള്ളവര്‍ പറയുന്നത്, ഇങ്ങനെയാണെങ്കില്‍ സിനിമാക്കഥകളില്‍ ഉപയോഗിക്കാവുന്ന പേരുകള്‍ സെന്‍സര്‍ബോഡും കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരികവകുപ്പും മുന്‍കൂട്ടി പ്രസിദ്ധപ്പെടുത്തണമെന്ന്. അതിനും അത്രയധികമൊന്നും താമസമുണ്ടാകില്ലെന്ന് കരുതാം. എല്ലാ ഭാഷയിലും ഹിന്ദിയിലെ പേരുകള്‍ വേണം ഉപയോഗിക്കാന്‍ എന്നും നിര്‍ദ്ദേശം വന്നേക്കാം. അങ്ങനെയിരിക്കെയാണ് ചില വിരുതന്മാര്‍ പറയുന്നത് പട്ടാളം ജാനകി എന്ന ഒരു മലയാളപടം മുമ്പുണ്ടായിരുന്നല്ലോ-അതിലെ പേരെന്തുചെയ്യുമെന്ന്. അതിനേക്കാളും വലിയ ഒരു അപരാധപ്പേരല്ലയോ യക്ഷിപ്പാറു. ഷീല നായികയായഭിനയിച്ച പടമാണെന്ന് തോന്നുന്നു യക്ഷിപ്പാറു. പാറു ആരാണ് പാര്‍വതിയുടെ ചുരുക്കപ്പേര് അത്രതന്നെ. പാര്‍വതിയുടെ മറ്റു പേരുകളാണ് ഗൗരി, ഉമ, അപര്‍ണ.... അപ്പോള്‍ ഈ പേരുകള്‍ കഥയിലോ കവിതയിലോ നാടകത്തിലോ ഒക്കെ ഉപയോഗിക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കണം. കൃഷ്ണന്‍, നാരായണന്‍, ദിനേശന്‍, രുദ്രാക്ഷന്‍ എന്നിങ്ങനെ ഒട്ടുമിക്ക പുരുഷപ്പേരുകളും പുരാണേതിഹാസ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ടതാണല്ലോ. അത്തരം പേരുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ പ്രശ്‌നമാണ്. ദേശീയ ജനാധിപത്യ സഖ്യം എന്ന പേരിലുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍ വന്ന ശേഷം ഒട്ടേറെ സ്ഥലപ്പേരുകള്‍ മാറ്റി. ഇനിയിപ്പോള്‍ വ്യക്തിനാമങ്ങളുടെ മേലും അവര്‍ക്കൊരു കണ്ണുണ്ടെന്നാണ് കാണേണ്ടത്. സെന്‍ട്രല്‍ ഫിലിം സര്‍ട്ടിഫിക്കേഷന്റെ അധികൃതര്‍ ജാനകി വേഴ്‌സസ് സറ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിലൂടെ എത്ര വലിയ സാംസ്‌കാരിക ഫാസിസത്തിലേക്കാണ് രാജ്യത്തെ തള്ളിയിടുന്നതെന്ന് ഓര്‍മിപ്പിക്കുകയാണ്.


അതവിടെ നില്‍ക്കുന്നില്ല. ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ഈ രാജ്യത്ത് ലജ്ജിക്കേണ്ടിവരുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ ആന്തരാര്‍ഥം ഇംഗ്ലീഷറിയുന്നവര്‍ പാഠം പഠിക്കുമെന്നോ അവരെ പഠിപ്പിക്കുമെന്നോ ആവാം. ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് ഈ രാജ്യത്തെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമെന്ന് പണ്ട് യാഥാസ്ഥിതികരാകെ കരുതിയിരുന്നു. സ്വാതന്ത്ര്യബോധം, ആധുനികദേശീയത, പ്രേമം, സ്വതന്ത്രസാഹിത്യം, മതനിരപേക്ഷത, ജാതിവിരുദ്ധത, അയിത്തവിരുദ്ധത തുടങ്ങി സകല കുഴപ്പങ്ങളും കടന്നുവന്നത് ഇംഗ്ലീഷിലൂടെയാണല്ലോ. അപ്പോള്‍പ്പിന്നെ സങ്കുചിതവാദികളും യാഥാസ്ഥിതികരും ജന്മിമാരുമെല്ലാം ഇംഗ്ലീഷിനെ പേടിക്കാതിരിക്കുന്നതെങ്ങനെ. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പാക്കിയ ഇംഗ്ലീഷ് വിദ്യാഭ്യാസമാണല്ലോ അവരുടെതന്നെ കുഴി തോണ്ടിയത്. അതെന്തോ ആകട്ടെ ഇംഗ്ലീഷിനെ വെറുതെ വിടില്ല എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. 2021-ലെ പുതിയ വിദ്യാഭ്യാസനയപ്രഖ്യാപനത്തോടെതന്നെ സംഘപരിവാര്‍ ഇംഗ്ലീഷിനെതിരെ കുന്തമുന കൂര്‍പ്പിച്ചിരുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനത്തെയും മാതൃഭാഷകള്‍ക്ക് പരമപ്രാധാന്യം നല്‍കുമെന്ന പ്രഖ്യാപനത്തിന്റെ പിന്നില്‍ വാസ്തവത്തില്‍ ഹിന്ദിയുടെ മേധാവിത്വമുറപ്പിക്കുന്നതിനുള്ള ഗൂഢനീക്കമാണുണ്ടായിരുന്നത്. തമിഴനാട്ടിലും മഹാരാഷ്ട്രയിലും ഇപ്പോള്‍ നടന്നുവരുന്ന ഭാഷാസമരം ഈ ഗൂഢനീക്കം മനസ്സിലാക്കിയുള്ളതാണ്. മെഡിസിനും എഞ്ചിനിയറിങ്ങുമെല്ലാം അതത് മാതൃഭാഷയില്‍ പഠിക്കണം, ഇംഗ്ലീഷില്‍ വേണ്ട എന്ന് പറയുന്നതിനര്‍ഥം വിദേശത്തെ തൊഴില്‍സാധ്യതകള്‍ ഇല്ലാതാക്കുകയാണ്. കേരളത്തെയാണ് ഇത് ഏറ്റവും ബാധിക്കുകയെന്ന് വ്യക്തമാണല്ലോ. വിദേശതൊഴിലവസരമാണ് കേരളത്തെ രാജ്യത്തെ ഇതര ഭാഗങ്ങളേക്കാള്‍ ഏറെയേറെ മുന്നോട്ടുനയിച്ചതെന്ന് വ്യക്തമാണല്ലോ.

ഇംഗ്ലീഷ് വിദ്യാഭ്യാസവും പാശ്ചാത്യസാഹിത്യവുമായുള്ള ബന്ധവുമാണ് ജീര്‍ണിച്ച ജന്മി-നാടുവാഴിത്ത സംസ്‌കാരത്തിനെതിരെ ജനങ്ങളെ ഉണര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചത്. വര്‍ഗീയതക്കും ജാതീയതക്കുമെതിരായി ജനതയെ ഉണര്‍ത്തുന്നത്- ഉല്പതിഷ്ണുത്വം ഉണ്ടാക്കുന്നത്. അതിനാല്‍ ഇംഗ്ലീഷ് വേണ്ട. ഭാവിയില്‍ ഇംഗ്ലീഷറിയുന്നവരെ അര്‍ബന്‍ നക്‌സലുകളെന്ന് വിളിച്ചാലും അദ്ഭുതപ്പെടേണ്ട. നമ്മുടെ ഭാഷയിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ എഴുതിയത് ഇംഗ്ലീഷ് പഠിക്കേണ്ടതിന്റെയും ഉല്പതിഷ്ണുക്കളാകേണ്ടതിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്താനാണ്. കാരണവരായ പഞ്ചുമേനോനും മരുമകനും കഥാനായകനുമായ മാധവനും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് മാധവന്റെ മാതൃസഹോദരീ പുത്രനായ ശിന്നനെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന കാര്യത്തിലാണ്. നോവലിലെ പ്രസിദ്ധമായ പതിനെട്ടാമധ്യായം പാശ്ചാത്യ മാതൃകയിലുള്ള വിദ്യാഭ്യാസത്തിന്റെയും ജനാധിപത്യത്തിന്റെയും കടന്നുവരവിനെ സ്വാഗതം ചെയ്യാനാണ് ആഹ്വാനം ചെയ്യുന്നത്.

ഇന്ദുലേഖയിലെ സൂരി നമ്പൂതിരിയെപ്പോലുള്ളവരാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നത്. ഇന്ദുലേഖയിലെ പഞ്ചുമേനോന്റെയും സൂരി നമ്പൂതിരിയുടെയും മാതൃകയിലാണ് ഇപ്പോള്‍ കേന്ദ്രത്തിലെ ഉത്തരവാദപ്പെട്ടവര്‍ പറയുന്നതെന്നത് എന്തൊരു വിരോധാഭാസമാണ്. മാതൃഭാഷകള്‍ നിര്‍ബന്ധമായി പഠിക്കണം. പക്ഷേ അതിന്റെ പേരില്‍ ഇംഗ്ലീഷിനെ പുറത്താക്കിക്കൂട.

Similar News