സുപ്രീം കോടതി വിധിയോടെ കേന്ദ്രം ക്ഷുഭിതരായിരിക്കുന്നു. ആ ക്ഷോഭത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിലൂടെ ഉണ്ടായത്. സുപ്രിം കോടതിക്കും നീതിപീഠത്തിനുമെതിരെ കേന്ദ്രസര്‍ക്കാരിനുവേണ്ടി തനി രാഷ്ട്രീയ അധികപ്രസംഗം നടത്തുന്നതില്‍ പണ്ടേതന്നെ, അതായത് ബംഗാളിലെ ഗവര്‍ണറായിരിക്കെ മുതല്‍ത്തന്നെ ശ്രദ്ധേയനാണ് ധന്‍കര്‍.
ജൂഡീഷ്യറിക്കുമേലും ഡമോക്ലസ്സിന്റെ വാളുകള്‍ തൂക്കിയിടാന്‍ തുടങ്ങുകയാണോ എന്നത് സന്ദേഹമല്ല, തിരിച്ചറിവുതന്നെയാണ്. ആധികാരികമായ ഫെഡറല്‍ തത്വത്തില്‍ അധിഷ്ഠിതമായതും കേന്ദ്രീകൃതവുമായ ജനാധിപത്യഭരണഘടനയുള്ള ഇന്ത്യാ രാജ്യത്ത് സംസ്ഥാനങ്ങളുടെ അധികാരത്തെയും സ്വാതന്ത്ര്യത്തെയും കവര്‍ന്നെടുക്കാനുള്ള ഒരു കേന്ദ്ര തസ്തികയല്ല ഗവര്‍ണര്‍ സ്ഥാനം എന്ന് സുപ്രിം കോടതി പലപല തവണയായി കേന്ദ്രസര്‍ക്കാറിനെ ഓര്‍മിപ്പിച്ചതാണ്. എന്നാല്‍ എത്രയൊക്കെ മുന്നറിയിപ്പു കിട്ടിയാലും വീണ്ടും വീണ്ടും സംസ്ഥാനങ്ങളുടെ കഴുത്തുകുടുക്കാന്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നത് തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ പര്‍ഡിവാലയും മഹാദേവനുമടങ്ങിയ ബെഞ്ച് ഖണ്ഡിതമായ ഒരു വിധി പുറപ്പെടുവിച്ചത്. സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്‍ അനന്തമായി പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്കോ രാഷ്ട്രപതിക്കോ അവകാശമില്ല, അതിന് സമയപരിധി വേണം- സമയപരിധി നിശ്ചയിച്ചുകൊണ്ട് മാര്‍ഗരേഖ പുറപ്പെടുവിക്കുയാണ് സുപ്രിംകോടതി ചെയ്തത്. അതോടെ കേന്ദ്രം ക്ഷുഭിതരായിരിക്കുന്നു. ആ ക്ഷോഭത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിലൂടെ ഉണ്ടായത്. സുപ്രിം കോടതിക്കും നീതിപീഠത്തിനുമെതിരെ കേന്ദ്രസര്‍ക്കാരിനുവേണ്ടി തനി രാഷ്ട്രീയ അധികപ്രസംഗം നടത്തുന്നതില്‍ പണ്ടേതന്നെ, അതായത് ബംഗാളിലെ ഗവര്‍ണറായിരിക്കെ മുതല്‍ത്തന്നെ ശ്രദ്ധേയനാണ് ധന്‍കര്‍. രാജ്യസഭാധ്യക്ഷനായതുമുതല്‍ നീതിപീഠത്തിനെതിരെ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ആക്ഷേപങ്ങള്‍ പരക്കെ അറിവുള്ളതാണ്. ഇതുപക്ഷേ അദ്ദേഹത്തിന്റെ വ്യക്തിപരമായ വിമര്‍ശമാണോ... അല്ലെന്നതാണ് വാസ്തവം.
എന്തുകൊണ്ടെന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നീതിപീഠ- കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നം- ഏറ്റുമുട്ടലോ സംഘര്‍ഷമോ അല്ല- പരമോന്നത നീതിപീഠം ഭരണഘടനയെ സംരക്ഷിക്കാന്‍ കഴിയാവുന്നത് ചെയ്യുന്നു. അത്രയേയുള്ളൂ. ഏറ്റവുമൊടുവിലത്തെ നീതിപീഠ- കേന്ദ്രസര്‍ക്കാര്‍ വാദത്തിലേക്കുവരാം. വിവാദമെന്നല്ല, സംഘര്‍ഷമെന്നല്ല, വാദമെന്നുമാത്രമേ തല്‍ക്കാലം വിവക്ഷിക്കുന്നുള്ളൂ. എന്താണിപ്പോഴത്തെ പ്രശ്‌നം- രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗമായ മുസ്ലിം വിഭാഗത്തിന്റെ ആരാധനാലയങ്ങളുടെ സ്വത്തുവകകളുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ എടുപിടിയായി ഒരു നിയമഭേദഗതി കൊണ്ടുവരികയും ഭരണഘടനാപരമായി അതിന്റെ സാധുത നീതിപീഠത്തോടുപോലും ആരായാതെ രാഷ്ട്രപതി രായ്ക്കുരാമാനം അതിന് അംഗീകാരം നല്‍കുകയും ചെയ്യുന്നു. ഇതേ രാഷ്ട്രപതിസ്ഥാനമാണ് സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ ചിലത് തങ്ങളുടെ തീര്‍പ്പിനായി ഗവര്‍ണര്‍മാര്‍ അയച്ചതില്‍ പത്തും പതിനഞ്ചും വര്‍ഷം ക മാ ഉരിയാടാതെ തടഞ്ഞുവെക്കുന്നത്.
പറഞ്ഞുവരുന്നത് ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും ചില അധികാരങ്ങള്‍ സംബന്ധിച്ച് സുപ്രിംകോടതി വരുത്തിയ വ്യക്തത കേന്ദ്രഭരണകക്ഷിയെ ഇത്രമാത്രം ചൊടിപ്പിക്കാനുള്ള കാരണമെന്താണെന്നാണ്. വഖഫ് നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രിംകോടതി പ്രഖ്യാപിച്ചേക്കുമോ എന്ന ആശങ്കയാണ് കേന്ദ്രത്തെ അലട്ടുന്നത്. ഫാസിസ്റ്റ് രീതിയില്‍ ഭരണം നടത്താനാഗ്രഹിക്കുന്നവര്‍ക്കും അതിന് സാധ്യതയുള്ളവര്‍ക്കും വിധികളൊന്നും അത്ര പ്രസക്തമല്ല. ഉദാഹരണം- ഉത്തര്‍പ്രദേശ്, പിന്നെ ഗുജറാത്ത്. വഖഫ് നിയമത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി ഇടക്കാല നിര്‍ദേശം നല്‍കിയശേഷം അവിടെ വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിരിക്കുന്നു. കേസില്‍പെട്ടു എന്ന കാരണത്താല്‍ വീടുകളോ കെട്ടിടങ്ങളോ തകര്‍ക്കാന്‍- ബുള്‍ഡോസര്‍രാജ് നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല, അങ്ങനെ ചെയ്താല്‍ പിഴ വിളിക്കുക മാത്രമല്ല, കെട്ടിടം പുനര്‍നിര്‍മിക്കാന്‍ നിര്‍ദേശിക്കും എന്നും സുപ്രിംകോടതി വിധിച്ചതാണ്. പക്ഷേ ഉത്തരപ്രദേശിലെ ആദിത്യനാഥ് സര്‍ക്കാരും അസമടക്കം മറ്റ് സംഘപരിവാര്‍ സംസ്ഥാനങ്ങളിലെയോ ഭരണാധികാരികള്‍ അതിനെ തൃണവല്‍ഗണിക്കുകയാണല്ലോ ചെയ്തത്. ഉത്തര്‍പ്രദേശില്‍ ഭരണഘടനാപരമായ സംവിധാനം തകര്‍ന്നിരിക്കുന്നുവെന്ന് സുപ്രിംകോടതി പറഞ്ഞതും ആദിത്യനാഥ് സര്‍ക്കാരിനെ സംബന്ധിച്ചേടത്തോളം കുറച്ചിലല്ല, പ്രൗഢിയാണല്ലോ.
ഇപ്പോള്‍ വഖഫ് നിയമഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും മറുപടി പറഞ്ഞതും പുറത്ത് അതിനെ ന്യായീകരിച്ചതും പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ്. ഇദ്ദേഹത്തെ പത്രവായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും- കേന്ദ്രനിയമ മന്ത്രിയായിരുന്നു രണ്ടുവര്‍ഷം മുമ്പേവരെ ഇദ്ദേഹം. സുപ്രിംകോടതിയെയും സുപ്രിംകോടതിയിലെ കൊളീജിയം സംവിധാനത്തെയും നിരന്തരം ആക്ഷേപിച്ച് പരമോന്നത നീതിപീഠത്തിന്റെ വിലയിടിക്കാന്‍ നേതൃത്വം നല്‍കിയ നിയമമന്ത്രിയെന്ന ബിരുദത്തിന് സര്‍വഥാ യോഗ്യന്‍. രാജ്യസഭാധ്യക്ഷന്‍ ധന്‍കര്‍ ഈ റിജിജുവിന്റെ പുറകിലേ വരൂ. ഇനി ഒരു എം.പി.യുടെ കാര്യം. ബി.ജെ.പിക്കാരനായ നിശികാന്ത് ദുബെ എന്ന എം.പി.യും വേറെ കുറെ ബി.ജെ.പി. എം.പി.മാരും പറഞ്ഞത് സുപ്രിംകോടതി ഇതേ രൂപത്തിലാണ് പോകുന്നതെങ്കില്‍ പാര്‍ലമെന്റും നിമസഭകളും അടച്ചുപൂട്ടുന്നതാണ് നല്ലതെന്നാണ്. മാത്രമല്ല രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് മതസ്പര്‍ദ്ധയുണ്ടാക്കുന്നുവെന്നും ഭരണകക്ഷി എം.പി. പറഞ്ഞു..
ഇതാണ് ഡമോക്ലസ്സിന്റെ വാള്‍. നീതിപീഠത്തോട് കേന്ദ്രഭരണകക്ഷിയിലെ പ്രമുഖര്‍ പറയുകയാണ്, ഏറെ മുന്നോട്ടുപോകേണ്ട- നിങ്ങളുടെ തലക്കുമുകളില്‍ ഞങ്ങള്‍ വാളുകള്‍ കെട്ടിത്തൂക്കിയിട്ടിട്ടുണ്ട്. അത് വലിയൊരളവോളം കീഴ്‌കോടതികളിലും ഒരളവോളം മേല്‍കോടതികളിലും ബാധിക്കുന്നുണ്ടെന്നുവേണം കരുതാന്‍. പരമോന്നത നീതിപീഠത്തില്‍ അത് അത്രക്കങ്ങ് ബാധിച്ചിട്ടില്ല. എങ്കിലും ഭീഷണി ധന്‍കറിലൂടെ, കിരണ്‍ റിജിജുവിലൂടെ, നിശികാന്ത് ദുബെയിലൂട ഒക്കെ മുന്നറിയിപ്പായി വന്നുകൊണ്ടിരിക്കുന്നു.
കേന്ദ്ര ഭരണകക്ഷിയുടെ ഇപ്പോഴത്തെ ഈ പ്രകോപനത്തിന്റെ കാരണം വ്യക്തമാണ്. വഖഫ് നിയമഭേദഗതിക്കെതിരെയുള്ള കേസുകള്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അടിയന്തരമായി പരിഗണനക്കെടുത്തു. എന്നുമാത്രമല്ല, നിയമം സ്റ്റേ ചെയ്തില്ലെങ്കിലും നിയമം നടപ്പാക്കുന്നത് തല്‍ക്കാലം മരവിപ്പിക്കുകതന്നെ ചെയ്തു. വഖഫ് ബോര്‍ഡിലെ എക്‌സ് ഒഫീഷ്യോ ഒഴികെയുള്ള അംഗങ്ങള്‍ മുസ്ലിങ്ങള്‍ തന്നെയാവണമെന്ന് കോടതി ഉത്തരവിട്ടു. കലക്ടര്‍മാര്‍ വഖഫ് സ്വത്തിനെക്കുറിച്ച് അന്വേഷിക്കുന്നതും നടപടിയെടുക്കുന്നതും തടഞ്ഞു. വഖഫ് ഡി നോട്ടിഫൈ ചെയ്യരുതെന്ന് നിര്‍ദേശിച്ചു. നിയമഭേദഗതി സ്‌റ്റേ ചെയ്യരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടത് അതേപടി അംഗീകരിക്കാതെ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ഒരാഴ്ചത്തെ സമയം അനുവദിക്കുക മാത്രമാണ് ചെയ്തത്. ആ ഒരാഴ്ചക്കിടയിലാണ് ധന്‍കറിന്റെയും നിശികാന്ത് ദുബെയുടെയുമൊക്കെ ഭീഷണികള്‍ മുഴങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. നിശികാന്ത് ദുബെ എം.പി. സുപ്രിംകോടതിയെ അധിക്ഷേപിച്ചപ്പോള്‍ ബി.ജെ.പി. പ്രസിഡണ്ടും ആരോഗ്യമന്ത്രിയുമായ ജെ.പി. നദ്ദ അതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ദുബെയെ താക്കീത് ചെയ്യുന്നതായും പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊക്കെ വെറും തന്ത്രം മാത്രമാണെന്നും നീതിപീഠത്തിനെതിരായ നീക്കം ആസൂത്രിതമാണെന്നും വ്യക്തമാണ്. അതല്ലെങ്കില്‍ ഉപരാഷ്ട്രപതി സുപ്രിംകോടതിയെ ആക്ഷേപിച്ചതിനെക്കുറിച്ച് പ്രതികരണം വേണ്ടെ? ഭരണഘടനാപരമായി രാജ്യത്തെ ഏറ്റവും ഉന്നതമായ രണ്ടാമത്തെ സ്ഥാനത്തുനില്‍ക്കുന്നയാളാണ് പരമോന്നത നീതിപീഠത്തെ താക്കീതുചെയ്യുന്ന വിധത്തില്‍ ആക്ഷേപിക്കുന്നത്. ഉപരാഷ്ട്രപതി പൂര്‍ണമായും രാഷ്ട്രീയക്കാരനായി മാറുന്ന സ്ഥിതിയാണുണ്ടാക്കിയിരിക്കുന്നത്.
വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാപരമായ ഭാവിയെന്തായിരിക്കുമെന്ന് ഏതാനും ദിവസത്തിനകംമാത്രമേ അറിയാനാകൂ. സുപ്രിം കോടതിയുടെ അന്തിമവിധിക്ക് രാഷ്ട്രം കാത്തുനില്‍ക്കുയാണ്. പക്ഷേ നമ്മുടെ ജനാധിപത്യ പരമാധികാര രാഷ്ട്രത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നത് ഇപ്പോഴത്തെ കോടതിനടപടികളില്‍നിന്ന് വ്യക്തമാണ്. ജാമ്യത്തിനുവരെ സുപ്രിംകോടതിക്ക് ഇടപെടേണ്ടിവരുന്നുവെന്ന് സുപ്രിംകോടതി ഈയിടെ പലതവണ വ്യക്തമാക്കി. കാരണം ചില സംസ്ഥാനങ്ങളിലെ കീഴ്‌കോടതികള്‍ സ്വീകരിക്കുന്നത് നിഷേധാത്മക നടപടികളാണ്. ഉത്തര്‍പ്രദേശിലെ ഹൈക്കോടതിയിലെ ജഡ്ജിമാരില്‍ ചിലര്‍ നടത്തുന്ന പ്രതികരണങ്ങളെ തള്ളിപ്പറയാന്‍ സുപ്രിംകോടതി പ്രത്യേകം സിറ്റിങ്ങ് നടത്തേണ്ടിവന്ന സാഹചര്യമുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ മതധ്രുവീകരണവും വര്‍ഗീയതയും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഭാഷകളെയും സമീപിക്കുകയാണ്. ഹിന്ദി ഹിന്ദുഭാഷയും ഉറുദു മുസ്ലിം ഭാഷയുമെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം നടത്തിയതിനെ സുപ്രിംകോടതി അപലപിക്കുകയുണ്ടായി. ഭാഷകളെല്ലാം നാടിന്റെ പൊതുവായുള്ളതാണ്. അത് മതപരമല്ല. ദക്ഷിണേന്ത്യയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ത്രിഭാഷാപദ്ധതിയെ ദുരുപയോഗിക്കുന്നതിനെതിരെ തമിഴ്‌നാട് ശക്തമായി പ്രതികരിച്ചു. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ മറാത്തി ഭാഷയെ താഴ്ത്തിക്കെട്ടാന്‍ നടത്തുന്ന ഹിന്ദിവാദികളുടെ ശ്രമത്തിനെതിരെ അവിടെ അതിശക്തമായ വൈകാരികാന്തരീക്ഷം വളരുകയാണ്. എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെ എന്‍. സി.ഇ.ആര്‍.ടി. ഇംഗ്‌ളീഷ് പാഠപുസ്തകങ്ങളുടെ ടൈറ്റില്‍ ഹിന്ദിയിലാക്കിയിരിക്കുന്നു. വര്‍ഗീയ താല്‍പര്യത്തോടെയുള്ള ശ്രമങ്ങള്‍ അനുദിനം ഭ്രാന്തമായിക്കൊണ്ടിരിക്കുകയാണ്. നീതിപീഠത്തെ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കങ്ങള്‍ ഇതേ സന്ദര്‍ഭത്തിലാണ്, സാഹചര്യത്തിലാണ് ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നത് ഗുരുതരമായ കാര്യമാണ്.