സൗഹാര്‍ദ്ദത്തിന്റെ ഉത്സവമായി രാമവില്യം പെരുങ്കളിയാട്ടം

Update: 2025-03-12 10:37 GMT

കാല്‍നൂറ്റാണ്ടിലൊരിക്കല്‍ മാത്രം നടക്കുന്ന മഹത്തായ പെരുങ്കളിയാട്ടത്തിന് -രാമവില്യം കഴകത്തിലെ പെരുങ്കളിയാട്ടത്തിന് ഇന്ന് തിരശ്ശീല താഴുകയാണ്. തൃക്കരിപ്പൂരിലെ തീയ്യസമുദായത്തില്‍പ്പെട്ടവരുടെ ആത്മീയവും സാമൂഹ്യവുമായ ജീവിതത്തിന്റെ അവിഭാജ്യഭാഗമാണ് രാമവില്യം കഴകം. എന്നാല്‍ രാമവില്യം കഴകത്തിലെ പെരുങ്കളിയാട്ടം ജാതിമതാതീതമായ ഒരുമയുടെ മഹോത്സവം കൂടിയാണ്. കൊല്ലവര്‍ഷം 1200ലെ കുംഭമാസം 21ന് തുടങ്ങി ഇന്ന് 28ന് സമാപിക്കുന്ന മഹോത്സവം. എട്ട് ദിവസവും പതിനായിരക്കണക്കിനാളുകളാണ്, കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ ആബാലവൃദ്ധമാണ് തൃക്കരിപ്പൂരിലെത്തിയത്.

നമ്മുടെ നാട്ടിലെ ജനങ്ങളെ ജാതീയമായും മതപരമായും വിഭജിക്കുന്നതിനും അപരവിദ്വേഷം വളര്‍ത്തുന്നതിനും ചില ഛിദ്രശക്തികള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുകയാണല്ലോ. ചില വിഷനാവുകള്‍ ഇടക്കിടെ ഫണംവിടര്‍ത്തുകയും വിഷം വമിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുമ്പൊരിക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ ഒരു വാചകം ഇപ്പോഴും പ്രസക്തമാണ്. ചിലത് കാണുമ്പോള്‍ വഴിമാറി നടക്കുകയില്ലേ എന്ന വാചകം. വായില്‍ വലിയ നാക്കുള്ള ഒരു രാഷ്ട്രീയ നേതാവ്, മുന്‍ ജനപ്രതിനിധി, നിരന്തരം വിഷം തുപ്പിക്കൊണ്ടിരിക്കുകയാണല്ലോ. പലതവണ കേരള ഹൈക്കോടതി താക്കീത് ചെയ്തിട്ടും അയാള്‍ വിഷനാക്ക് ഉള്ളിലോട്ട് വലിക്കാന്‍ തയ്യാറായിട്ടില്ല. മതവൈരമുണ്ടാക്കാനും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനും ഉദ്ദേശിച്ച് അയാള്‍ നടത്തുന്ന ജല്‍പനങ്ങള്‍ കോടതികളെയും വെല്ലുവിളിച്ചുകൊണ്ടാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഹൈക്കോടതി ജാമ്യം നിഷേധിച്ചതായിരുന്നു. അറസ്റ്റുചെയ്ത് ജയിലിലടക്കുകയും ചെയ്തു.

രോഗത്തിന്റെ പേരുപറഞ്ഞ് ജയിലറയില്‍ കഴിയാതെ ആസ്പത്രിയില്‍ കിടക്കുകയും ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടന്‍തന്നെ വീണ്ടും വിഷം വമിപ്പിക്കുകയുമാണല്ലോ.

ഇത്തരം നീചകൃത്യങ്ങള്‍ക്ക് മഹാഭൂരിപക്ഷം കേരളീയരും എതിരാണ്. ജനങ്ങള്‍ സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മകളിലാണ് വിശ്വസിക്കുന്നത്.

നൂറ്റാണ്ടുകളായി പുലരുന്ന പരസ്പര ബഹുമാനത്തിന്റെ, ഐക്യത്തിന്റെ സംസ്‌കാരമാണ് ഉത്സവാഘോഷങ്ങളിലൂടെ പ്രകടമാകുന്നത് എന്നാണ് വ്യക്തമായിക്കൊണ്ടിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ഈ വര്‍ഷം നടന്ന ഏറ്റവും മഹനീയമായ ബഹുജന കൂട്ടായ്മയാണല്ലോ രാമവില്യം പെരുങ്കളിയാട്ടം. കക്ഷിരാഷ്ട്രീയത്തിനും ജാതി-മത വേര്‍തിരിവിനും അതീതമായാണ് അത് നടന്നതെന്നത് നമ്മുടെ സാമൂഹ്യശരീരത്തിലെ വലിയൊരു നന്മയായി കരുതാം. ചില പ്രദേശങ്ങളില്‍ ഇത്തരം പരിപാടികളുമായി ബന്ധപ്പെട്ടുതന്നെ ജാതി-മത വേര്‍തിരിവിന്റെ ബോര്‍ഡുകള്‍ വെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എല്ലാവരുടെയും ഓര്‍മ്മയിലുണ്ടാവാം.

രാമവില്യം കഴകത്തിന്റെ ഐതിഹ്യത്തിലേക്കോ ചരിത്രത്തിലേക്കോ ഈ കുറിപ്പില്‍ കടന്നുപോകാനുദ്ദേശിക്കുന്നില്ല. പല കാലങ്ങളിലെ കൂട്ടിച്ചേര്‍ക്കലുകളും വ്യാഖ്യാനങ്ങളുമെല്ലാം അതുമായി ബന്ധപ്പെട്ടുണ്ടാകാമല്ലോ. പെരുങ്കളിയാട്ടവുമായി ബന്ധപ്പെട്ട് ഇത്തവണ രണ്ട് വാള്യങ്ങളിലായി സ്മരണിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഡോ. വി.പി.പി. മുസ്തഫയാണ് അതിന്റെ പത്രാധിപര്‍. രാമവില്യം കഴകത്തിന്റെ ചരിത്രം, ഐതിഹ്യങ്ങള്‍, കഴകത്തിന്റെ ഭാഗമായ അഞ്ച് പ്രാദേശിക മുണ്ട്യകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയെല്ലാം സുവനീറില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഒളവറ മുണ്ട്യ, കൂലേരി മുണ്ട്യ, കുറുവാപ്പള്ളി അറ (പേക്കടം), പടന്ന മുണ്ട്യ, തടിയന്‍കൊവ്വല്‍ മുണ്ട്യ എന്നിങ്ങനെ. ആദ്യത്തെ മൂന്നും തൃക്കരിപ്പൂര്‍ പഞ്ചായത്തിലും ബാക്കി പടന്ന പഞ്ചായത്തിലുമാണ്. 1999ല്‍ പെരുങ്കളിയാട്ടം നടന്നതിന്റെ അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ് 2001ല്‍ ഈ ലേഖകന്‍ രാമവില്യത്തിലെ ഐതിഹ്യവും ചരിത്രവുമെല്ലാം ചേര്‍ത്ത് ഒരു ലേഖനമെഴുതുകയുണ്ടായി. കേരളപര്യടനം എന്ന പരമ്പരയുടെ ഭാഗമായി ദേശാഭിമാനിവാരികയില്‍ എഴുതിയ അത് മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ കാസര്‍കോടന്‍ ഗ്രാമങ്ങളിലൂടെ എന്ന പുസ്തകത്തിന്റെ ഒരധ്യായമാണ്. അത്തരം കാര്യങ്ങളുടെ ഉള്ളിലേക്കൊന്നും കടക്കാതെ രാമവില്യം കഴകത്തിലെ ഇത്തവണത്തെ പെരുങ്കളിയാട്ടത്തിന്റെ നടത്തിപ്പിലെ ഐക്യത്തെക്കുറിച്ച് ജാതി-മതാതീതമായ പങ്കാളിത്തത്തെക്കുറിച്ച് മാത്രം ഒരെത്തിനോട്ടം നടത്തുകയാണിവിടെ.

ഫെബ്രുവരി 22ന് ഇളമ്പച്ചി ഗവ. ഹൈസ്‌കൂളിന് സമീപം അഖിലേന്ത്യാ പ്രദര്‍ശനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഇത്തവണത്തെ പെരുങ്കളിയാട്ടത്തിന്റെ അനുബന്ധ പരിപാടികള്‍ ആരംഭിച്ചത്. എല്ലാ വിഭാഗത്തിലും പെട്ട ജനപ്രതിനിധികളാണ് അതില്‍ പങ്കെടുത്തത്. കഴകത്തിന്റെ പ്രവാസി വിഭാഗം കമ്മിറ്റിവക നിര്‍മ്മിച്ച പ്രവേശന ഗോപുരത്തിന്റെയും പടിഞ്ഞാറെ നടപ്പന്തലിന്റെയും ഉദ്ഘാടനം ശിവഗിരി മഠത്തിലെ വിശുദ്ധാനന്ദ സ്വാമിയാണ് നിര്‍വഹിച്ചത്. ആ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നത് ദുബായിയിലെ എസ്.എ.കെ. വ്യവസായ ഗ്രൂപ്പിന്റെ ചെയര്‍മാനായ ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജിയാണ്.

ആചാരസ്ഥാനികരുടെ സംഗമത്തിന്റെ ഉദ്ഘാടകന്‍ എം.കെ. രാഘവന്‍ എം.പി., മതസൗഹാര്‍ദ്ദ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. അതിലെ മുഖ്യാതിഥികളായി ക്ഷണിച്ചത് സ്വാമി ശിവസ്വരൂപാനന്ദ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഡോ. ക്ലാരന്‍സ് പാലിയത്ത്, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുല്ലക്കുട്ടി, ഡോ. കെ.കെ.എന്‍. കുറുപ്പ് എന്നിവരെ...

കലവറ നിറയ്ക്കല്‍ ഘോഷയാത്രയോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തത് എ.കെ.എം. അഷ്‌റഫ് എം.എല്‍.എ. അധ്യക്ഷത വഹിച്ചത് തൃക്കരിപ്പൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ. ബാവ. നിയസഭാസമ്മേളനം, പാര്‍ലമെന്റ് സമ്മേളനം എന്നിവ കാരണം പലരും പങ്കെടുത്തില്ലെങ്കിലും ക്ഷണിക്കപ്പെട്ടവരും എത്താമെന്ന് സമ്മതിച്ചവരും (അവരില്‍ ചിലര്‍ പങ്കെടുത്തു) പട്ടികയിലെ വൈവിധ്യം കണ്ടാല്‍ ബഹുസ്വരതയുടെ പ്രതീകമായിത്തന്നെ നമുക്ക് പെരുങ്കളിയാട്ട സംഘാടനത്തെ കാണാനാവും.

ആ പട്ടികയിലെ ചില വിവരം നോക്കുക- മന്ത്രിമാരായ വി.എന്‍. വാസവന്‍, മുഹമ്മദ് റിയാസ്, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്, ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍, എ.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, ടി.ഐ. മധുസൂദനന്‍, ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ എം.പി.യും മുന്‍ എം.എല്‍.എയുമായ എം.വി. ശ്രേയാംസ്‌കുമാര്‍...

ക്ഷണിക്കപ്പെട്ടവരുടെയും പങ്കെടുത്തവരുടെയും വൈവിധ്യംമാത്രമല്ല അവതരിപ്പിക്കപ്പെട്ട കലാപരിപാടികളിലും വൈവിധ്യമുണ്ടായിരുന്നു. പൂരക്കളിയും മറത്തുകളിയും നൃത്തവും പഞ്ചവാദ്യവും മാത്രമല്ല ദഫ്മുട്ടടക്കമുള്ള കലകളും അവതരിപ്പിക്കപ്പെട്ടു. അതിനേക്കാളെല്ലാം ശ്രദ്ധേയമായത് മാര്‍ച്ച് മൂന്നിന് പെരുങ്കളിയാട്ടത്തിന്റെ ഭക്ഷണപ്പന്തലില്‍ നടന്ന സമൂഹനോമ്പുതുറയാണ്. നോമ്പുതുറ നടക്കുന്ന സമയത്ത് ബാങ്കുവിളിയുയര്‍ന്നപ്പോള്‍ അവിടെത്തന്നെ നിസ്‌കാരത്തിനും സൗകര്യമൊരുക്കുകയുണ്ടായി.

നമ്മുടെ നാട്ടിലെ നന്മകളെ, സദ്പാരമ്പര്യത്തെ ഏതെങ്കിലും സങ്കുചിത താല്‍പര്യക്കാര്‍ വിചാരിച്ചാല്‍ ഇല്ലാതാക്കാനാവില്ല.

ജനങ്ങള്‍ കക്ഷി രാഷ്ട്രീയത്തിനതീതമായും ജാതിമാതാതീതമായും ഒത്തൊരുമയോടെ ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോഴാണ് ഉത്സവം ഉത്സവമാകുന്നത്. രാമവില്യത്ത് 25 വര്‍ഷത്തിനുശേഷം നടന്ന മഹത്തായ പെരുങ്കളിയാട്ടം സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്.

Similar News