പാദപൂജക്ക് വിധേയനായ ചില ഗുരുക്കന്മാര്‍ നടത്തിയ വെളിപ്പെടുത്തലുകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. വ്യാസ പൂര്‍ണിമ നാളില്‍ ആദരിക്കുന്നു എന്ന് പറഞ്ഞാണ് തങ്ങളെ ക്ഷണിച്ചതെന്നും പാദപൂജയാണെന്ന് അപ്പോള്‍ മാത്രമാണ് മനസ്സിലായതെന്നും അപ്പോള്‍ പ്രതിഷേധിച്ച് ബഹിഷ്‌കരിക്കാന്‍ കെല്‍പ്പില്ലായിരുന്നുവെന്നുമാണ് വെളിപ്പെടുത്തലുണ്ടായത്.
ലോകത്തെ ഏറ്റവും മികച്ച ഭരണഘടന ഏതെന്ന് ചോദിച്ചാല്‍ രണ്ടുത്തരമില്ല- ബാബാ സാഹേബ് ഭീംറാവ് അബേദ്കറുടെ നേതൃത്വത്തില്‍ ദീര്‍ഘകാലത്തെ ചര്‍ച്ചയിലൂടെ പരമായി രൂപീകരിച്ച ഇന്ത്യന്‍ ഭരണഘടന. ആ ഭരണഘടനയുടെ ഭാഗമായി നിശ്ചയിച്ച ഇന്ത്യന്‍ പ്രതീകം- ത്രിവര്‍ണപതാക. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന നമ്മുടെ ഈ മാതൃഭൂമിയുടെ ഇന്നത്തെ അവസ്ഥയെന്താണ്? നമ്മുടെ മഹത്തായ ഭരണഘടനയെ ഭരണാധികാരികള്‍തന്നെ വെല്ലുവിളിക്കുന്നുവെന്നതാണ് ഏറ്റവും വലിയ ഭീഷണി. എത്രയോ നൂറ്റാണ്ടുകള്‍ക്കപ്പുറം അന്നത്തെ ജാതിമേധാവിത്വം മെനഞ്ഞ ചില സ്മൃതികളാണ് ഭരണഘടനയേക്കാള്‍ കേമം, അടിസ്ഥാനപരം എന്ന് അവര്‍ പ്രത്യക്ഷമായിപ്പോലും സന്ദേശം നല്‍കുകയാണ്.
ഏറ്റവുമൊടുവില്‍ നടന്ന സംഭവം നോക്കുക- എത്ര സൂക്ഷ്മമായും വേഗത്തിലും സംഘടിതവുമായാണ് മനുസ്മൃതിയുടെ അധിനിവേശമുണ്ടാകുന്നത്. സര്‍വാദരണീയനും ആരാധ്യനുമാണ് വ്യാസന്‍ എന്ന കാര്യത്തില്‍ എതിര്‍പ്പുള്ളവരാരുമുണ്ടാകില്ല. ഇതിഹാസകാരനായ വ്യാസന്‍. വ്യാസന്റെ ജന്മദിനമായി കല്‍പിച്ച് വ്യാസപൂര്‍ണിമ ആചരിക്കുന്നതിലും തരക്കേടില്ല. എന്നാല്‍ വേദവ്യാസനെക്കുറിച്ചോ അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെക്കുറിച്ചോ കുട്ടികളെ ബോധവല്‍ക്കരിക്കാനല്ല വ്യാസപൂര്‍ണിമ ആചരിക്കുന്നതെന്നതാണ് പ്രശ്‌നം. കാസര്‍കോട് ജില്ലയിലെ ചില വിദ്യാലയങ്ങളിലെ ആചരണമാണല്ലോ ആദ്യം വാര്‍ത്തയായതും വിവാദമായതും. മുന്‍ അധ്യാപകരെ വിളിച്ചുവരുത്തി അവരുടെ കാലുകള്‍ കഴുകിക്കുന്ന പരിപാടിയാണ് നടത്തിയത്. കാലുകള്‍ കഴുകിക്കൊടുക്കുക, അതില്‍ നമസ്‌കരിപ്പിക്കുക, പൂക്കളര്‍പ്പിക്കുക എന്നിത്യാദി പാദപൂജകള്‍. ഒരു സംഘടന നടത്തുന്ന വിദ്യാലയങ്ങളില്‍ വ്യാപകമായി നടന്ന ഈ പൂജ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉന്നതതല അന്വേഷണം നടത്തുകയാണ്. പാദപൂജക്ക് വിധേയനായ ചില ഗുരുക്കന്മാര്‍ നടത്തിയ വെളിപ്പെടുത്തലുകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. വ്യാസപൂര്‍ണിമ നാളില്‍ ആദരിക്കുന്നു എന്ന് പറഞ്ഞാണ് തങ്ങളെ ക്ഷണിച്ചതെന്നും പാദപൂജയാണെന്ന് അപ്പോള്‍ മാത്രമാണ് മനസ്സിലായതെന്നും അപ്പോള്‍ പ്രതിഷേധിച്ച് ബഹിഷ്‌കരിക്കാന്‍ കെല്‍പ്പില്ലായിരുന്നുവെന്നുമാണ് വെളിപ്പെടുത്തലുണ്ടായത്. സ്‌കൂള്‍ നടത്തിപ്പുകാര്‍ക്ക് പ്രത്യേക അജണ്ടകളുണ്ടാവുക സ്വാഭാവികം. എന്നാല്‍ മക്കളെ ഇത്തരം പരിപാടികള്‍ക്ക് വിടുന്ന രക്ഷിതാക്കള്‍ക്ക് ആലോചന വേണ്ടതല്ലേ. ചില ജില്ലകളിലെ പാദപൂജ ലഭിച്ചത് അധ്യാപകര്‍ക്കോ മുന്‍ അധ്യാപകര്‍ക്കോ മാത്രമല്ല, ചില രാഷ്ട്രീയ-സാമുദായിക നേതാക്കള്‍ക്കുമാണ് എന്നും വാര്‍ത്തയുണ്ടായി.
ഒരു സ്വകാര്യപരിപാടിയുടെ ഭാഗമായല്ല, വിദ്യാലയത്തിലെ പൊതുപരിപാടിയായാണിതൊക്കെ നടക്കുന്നതെന്നതാണ് പ്രശ്‌നം. ത്യാജ്യഗ്രാഹ്യശേഷിയാര്‍ജിച്ചുകഴിഞ്ഞിട്ടില്ലാത്ത കുട്ടികളെക്കൊണ്ടാണ് പാദപൂജ ചെയ്യിക്കുന്നതെന്നതിനാല്‍ അത് കുട്ടികള്‍ സ്വമേധയാ ചെയ്യുന്നതാണെന്ന് പറയാനാവില്ല. രക്ഷിതാക്കള്‍ സമ്മതിച്ചിട്ടുണ്ടാവാം. സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ അതും വ്യക്തമാവുമെന്ന് കരുതാം. ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരം മറ്റൊരാളുടെ കാലില്‍ വീണ് വിനീതകുനീതനാകുന്നതില്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടാനിഷ്ടമുണ്ടാകേണ്ട കാര്യമില്ല. പക്ഷേ എല്ലാ മനുഷ്യരും സമന്മാരാണ്. ജാതി-മത-ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യാവകാശമാണ് നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍ സ്വയം ന്യൂനീകരിക്കുന്ന ഇത്തരം അനുഷ്ഠാനങ്ങള്‍ അഭികാമ്യമാണോ എന്നതാണ് പ്രശ്‌നം- അതാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതിന്റെ സാംഗത്യം.
അതേസമയം സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പറയുന്നത് പാദപൂജ സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നാണ്. കുട്ടികളെ സംസ്‌കാരം പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നതെന്നാണ്. ഇവിടെയാണ് ഗവര്‍ണര്‍ പറയുന്ന സംസ്‌കാരം ഏതാണെന്ന ചോദ്യമുയരുന്നത്. ഗവര്‍ണര്‍ മുമ്പ് ആര്‍.എസ്.എസ്സിന്റെ നേതാവായിരുന്നു, ഇപ്പോഴും അതിന്റെ പ്രവര്‍ത്തകന്‍ എന്ന് പറയുന്നതില്‍ അഭിമാനമുള്ളയാളുമാണ്. ആര്‍.എസ്.എസ്. ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല, സാംസ്‌കാരിക പ്രസ്ഥാനമാണ് എന്നാണ് ഉദ്ഭവകാലംതൊട്ടേ അതിന്റെ ഭാരവാഹികള്‍ അവകാശപ്പെട്ടിരുന്നത്. മഹാത്മാഗാന്ധിയെ കൊലചെയ്ത സംഭവത്തിന് ശേഷം നിരോധിക്കപ്പെട്ടതായിരുന്നു ആ സാംസ്‌കാരിക സംഘടന. പിന്നീട് നിരോധനം പിന്‍വലിച്ചതായിരുന്നു. 1977-ലെ ജനതാ സര്‍ക്കാര്‍ നിലംപൊത്തിയത് ആര്‍.എസ്.എസ്. സാംസ്‌കാരിക സംഘടനയാണോ എന്ന വിഷയത്തിലെ വിവാദവുമായി ബന്ധപ്പെട്ടാണ്. ജനതാപാര്‍ട്ടിയില്‍ അന്ന് ജനസംഘവുമുണ്ടായിരുന്നു. ജനസംഘം ആര്‍.എസ്.എസ്സിന്റെ രാഷ്ട്രീയപാര്‍ട്ടിയായിരുന്നു. ജനതാപാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് ആര്‍.എസ്.എസ്സില്‍ ചേരാമോ എന്നതാണ് അന്ന് പ്രശ്‌നമായത്. സാസ്‌കാരിക സംഘടനയായതിനാല്‍ ചേരാമെന്ന് ഒരു വിഭാഗം. അതിലെ ഭിന്നതകളാല്‍ ജനതാപാര്‍ട്ടി പിളര്‍ന്നു. ഭരണം പോയി. അതെല്ലാം പഴങ്കഥ.
ഇപ്പോഴത്തെ പ്രശ്‌നം സംസ്‌കാരമാണ്. ഭരണഘടനയേക്കാളും മേലെയാണ് ഭാരതാംബയെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍ക്ക് അഭിപ്രായമുണ്ട്. ഭാരതാംബ എന്ന സങ്കല്‍പമേ ഭരണഘടന മുന്നോട്ടുവെച്ചിട്ടില്ല. ഗവര്‍ണര്‍ പറയുന്നത് ഭാരതാംബ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതായത് ഭാരതസംസ്‌കാരം. ആര്‍ഷസംസ്‌കാരം. അതിന്റെ ഭാഗമായാണ് ഇന്ത്യയുടെ പേര് ഭാരതമെന്നേ വിളിക്കാവൂ എന്ന് പറയുന്നത്. കാവിക്കൊടിയേന്തിയ വനിതയാണ് ഭാരതാംബയുടെ പ്രതീകം എന്ന് പറയുന്നത്. നരേന്ദ്രമോദി രണ്ടാമതും അധികാരത്തില്‍ വന്നപ്പോഴാണല്ലോ ഒരു ഉത്തരവിറങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ അംഗങ്ങളാവാം, പ്രവര്‍ത്തിക്കാം എന്ന സര്‍ക്കുലര്‍. അതായത് രാഷ്ട്രീയേതരമായ ഒരു സാംസ്‌കാരിക സംഘടനയാകുന്നു അത് എന്ന്. ഇനി ദേശീയപാതകയുടെ മേലും ദേശീയഗാനത്തിന്റെ മേലുമായിരിക്കും ശ്രദ്ധ പതിയുകയെന്ന് കരുതണം. രാഷ്ട്രപിതാവായ ഗാന്ധിജിയുടെയും രാഷ്ട്രശില്‍പിയെന്ന് വിശേഷിപ്പിക്കാവുന്ന നെഹ്‌റുവിന്റെയും പേര് മെല്ലെമെല്ലെ മായ്ച്ചുകളയുന്നതിനുള്ള നീക്കവും നടക്കുകയാണ്.
വാസ്തവത്തില്‍ സര്‍വകലാശാലകളെ കൈപ്പിടിയിലൊതുക്കുന്നതിനായി നടത്തുന്ന തീവ്രപരിശ്രമത്തെയും വേറിട്ടല്ല കാണേണ്ടത്. ധ്രുവീകരണം എന്ന വലിയ ലക്ഷ്യം- ഭരണഘടനാസ്ഥാപനത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഭരണഘടനയുടെ സദ്പാരമ്പര്യവും സദ്‌ലക്ഷ്യങ്ങളും തകര്‍ത്ത് സങ്കുചിതത്വത്തിലേക്ക് പിന്നോട്ടടിപ്പിക്കുക- അതിനുള്ള നാനാവിധേനയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതില്‍ ചെറുതല്ലാത്ത ഒരു സംഗതിയാണ് വക്രീകരിക്കപ്പെട്ട ഗുരുപൂജയും.
വ്യാസപൂര്‍ണിമ ആചരിക്കുന്നത് നല്ല കാര്യമാണെന്നതില്‍ സംശയമില്ല. ആരായിരുന്നു വ്യാസന്‍, വ്യാസന്റെ ജനനമെങ്ങനെ, വ്യാസന്‍ നല്‍കിയ ഐതിഹാസിക സംഭാവനകളെന്ത്, അതിലെ മഹത്തായ പാഠങ്ങളെന്ത് എന്നെല്ലാം അനുസ്മരിക്കുകയും പഠിപ്പിക്കുകയുംവേണം. വക്രീകരണത്തിനെതിരെ ജാഗ്രതയും വേണം.