ATHYUTHARAM I ഞെട്ടാന്‍ മറന്നുപോകുന്ന ജനം...
People who forget to be shocked...;
ഇന്നത്തെ കാലത്ത് തീക്കട്ട ഉറുമ്പരിച്ചുവെന്ന് പറഞ്ഞാല്‍പ്പോലും ആളുകള്‍ ഞെട്ടുന്നില്ല. എന്തെന്നാല്‍ ആളുകള്‍ക്ക് ഞെട്ടി ഞെട്ടി മടുത്തു. നീതിപീഠത്തിലും വ്യാജരുണ്ടാകില്ലെന്ന് ആര്‍ക്കാണ് ഉറപ്പിക്കാനാവുക. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗികവസതിയില്‍നിന്ന് ചാക്കുകണക്കിന് കറന്‍സി നോട്ടുകള്‍- അഞ്ഞൂറിന്റെ നോട്ടുകള്‍ കണ്ടെത്തിയെന്നും ഭാഗികമായി കത്തിക്കരിഞ്ഞ നൂറുകണക്കിന് നോട്ടുകള്‍ കണ്ടെത്തിയെന്നുമുള്ള വാര്‍ത്ത കണ്ടിട്ടും വായിച്ചിട്ടും ആരും ഞെട്ടിയില്ല
ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗികവസതിയില്‍നിന്ന് ചാക്കുകണക്കിന് കറന്‍സി നോട്ടുകള്‍- അഞ്ഞൂറിന്റെ നോട്ടുകള്‍- കണ്ടെത്തിയെന്നും ഭാഗികമായി കത്തിക്കരിഞ്ഞ നൂറുകണക്കിന് നോട്ടുകള്‍ കണ്ടെത്തിയെന്നുമുള്ള വാര്‍ത്ത കണ്ടിട്ടും വായിച്ചിട്ടും ആരും ഞെട്ടിയില്ല. നായ ആളെ കടിച്ചാല്‍ വാര്‍ത്തയല്ല, ആള് നായയെ കടിച്ചാലേ വാര്‍ത്തയാവൂ എന്ന് പത്രപ്രവര്‍ത്തന ക്ലാസുകളില്‍ പ്രാഥമിക പാഠമായി പറഞ്ഞുപോരുന്നതാണ്. പക്ഷേ ഇന്നത്തെ കാലത്ത് തീക്കട്ട ഉറുമ്പരിച്ചുവെന്ന് പറഞ്ഞാല്‍പ്പോലും ആളുകള്‍ ഞെട്ടുന്നില്ല. എന്തെന്നാല്‍ ആളുകള്‍ക്ക് ഞെട്ടി ഞെട്ടി മടുത്തു. നീതിപീഠത്തിലും വ്യാജരുണ്ടാകില്ലെന്ന് ആര്‍ക്കാണ് ഉറപ്പിക്കാനാവുക.
ഭോജ രാജാവിനെ വിസ്മയിപ്പിച്ച വിക്രമാദിത്യ സിംഹാസനത്തിന്റെ കഥയൊന്നും ഇക്കാലത്ത് നീതിയെക്കുറിച്ച് പറയാന്‍ ആരും ഉദാഹരിക്കാറില്ല. ഭോജരാജാവും പരിവാരവും നായാട്ടു കഴിഞ്ഞ് വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍, ഒരു പാറപ്പുറത്തിരുന്ന് അതല്ലെങ്കില്‍ ഏറുമാടത്തിലിരുന്ന് നീതി വിധിക്കുന്ന കുട്ടികളെ കാണുന്നു. കൃത്യമായി നീതിനിശ്ചയിക്കാന്‍ കഴിയുന്നുവെങ്കില്‍ അവിടെ ഭൂഗര്‍ഭത്തില്‍ എന്തോ പ്രത്യേകതയുണ്ടെന്ന് മനസിലാക്കി ആ സ്ഥലത്ത് ഖനനം ചെയ്ത് വിക്രമാദിത്യസിംഹാസനം വീണ്ടെടുത്തുവെന്നും സാലഭഞ്ജികകള്‍ വിക്രമാദിത്യ മഹത്വം ഉദ്‌ഘോഷിച്ചുവെന്നും കഥയുണ്ടല്ലോ. വിക്രമാദിത്യന്റെ മണ്‍മറഞ്ഞുപോയ സിംഹാസനത്തിന്റെ അജ്ഞാതമായ സാമീപ്യംപോലും നീതി കൈവരുത്തുന്നുവെന്ന നീതികഥ. ഏതുനിലവാരത്തിലുള്ള കോടതികളായാലും നീതി മാത്രമേ വിധിക്കൂ എന്ന് പൊതുവേ വിശ്വസിക്കുന്നു. തെളിവുകളാണ് കോടതിവിധികള്‍ക്ക് അടിസ്ഥാനം. എന്നാല്‍ ആ തെളിവുകളെ വ്യാഖ്യാനിക്കുന്നതിലും എടുത്തുകാട്ടുന്നതിലും അഭിഭാഷകര്‍ക്ക് പറ്റുന്ന പിഴവും കോടതിക്കുതന്നെ പറ്റുന്ന പിഴവും തെറ്റായ വിധികളുണ്ടാക്കുന്നുണ്ടാവാം. അതുകൊണ്ടാണ് മേല്‍കോടതികള്‍ അപ്പീല്‍ കേള്‍ക്കുന്നതും പലപ്പോഴും വ്യത്യസ്തമോ പൂര്‍ണമായും വിരുദ്ധമോ ആയ വിധി പ്രഖ്യാപിക്കുന്നതും. കീഴ്‌കോടതി വധശിക്ഷക്ക് വിധിച്ച പ്രതിയെവരെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി മേല്‍കോടതികള്‍ വെറുതെ വിട്ട അനുഭവം എത്രയോ ഉണ്ട്. അതൊക്കെ സ്വാഭാവികമാണ്. അതിലേതാണ് പൂര്‍ണമായും സത്യമെന്ന് നൂറുശതമാനം കൃത്യമായി പറയുക പലപ്പോഴും അസാധ്യമാണ്. എന്നാല്‍ മറിച്ചുള്ള വിധിവരുന്നില്ലെങ്കില്‍, അഥവാ വരുന്നെങ്കില്‍ അതേവരെ ഏത് കോടതിവിധിയും പരിശുദ്ധമാണ്, അലംഘനീയമാണ്- അതാണ് നീതിശാസ്ത്രം. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ പരക്കെ പ്രകീര്‍ത്തിക്കപ്പെടുന്നതും നീതിയില്‍ ഉറച്ചുനില്‍ക്കുന്നതാണെന്നതുമാണ് വാസ്തവം. പക്ഷേ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാകാം കഴിഞ്ഞദിവസം മുന്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞത്- കോടതികളുടെ വിശ്വാസ്യതയില്‍ ചോര്‍ച്ച സംഭവിക്കുന്നു!
ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ മാര്‍ച്ച് 14ന് രാത്രിയാണ് അഗ്നിബാധയുണ്ടായത്. ജഡ്ജിയും പത്‌നിയും വീട്ടിലുണ്ടായിരുന്നില്ല. മകളും വൃദ്ധയായ മാതാവുമേ ഉണ്ടായിരുന്നുള്ളൂ. സ്റ്റോര്‍മുറി സുരക്ഷാ ഉദ്യോഗസ്ഥരുടെ മുറിക്കടുത്തായാണ്. അങ്ങനെ തുറന്നിടുന്ന മുറിയില്‍ ആരെങ്കിലും നോട്ടുകെട്ടുകള്‍ വെക്കുമോ എന്ന കോമണ്‍സെന്‍സ് ചോദ്യം ജസ്റ്റിസ് യശ്വന്ത് വര്‍മ്മ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന് നല്‍കിയ മറുപടിയില്‍ ഭംഗ്യന്തരേണ ഉന്നയിച്ചിട്ടുണ്ട്. തീക്കെടുത്താന്‍ പോയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് അഞ്ചോ ആറോ ചാക്കില്‍ കെട്ടിവെച്ച നിലയില്‍ അഞ്ഞൂറിന്റെ കറന്‍സിക്കെട്ടുകള്‍ കണ്ടത്. അതേതാണ്ട് പതിനഞ്ചുകോടി വരുമെന്ന ഒരു ഊഹാപോഹവും പ്രചരിച്ചു. കെട്ടിടത്തിനകത്തും പുറത്തും ഗേറ്റിനുപുറത്തും നിന്നൊക്കെ പാതി കരിഞ്ഞ നോട്ടുകള്‍ കിട്ടി. ഫയര്‍ഫോഴ്‌സ് പൊലീസിനെയും പൊലീസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും വിവരമറിയിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് സപ്രിം കോടതി ചീഫ് ജസ്റ്റിസ് ഉടന്‍ കൊളീജിയം വിളിച്ചുചേര്‍ക്കുകയും താല്‍ക്കാലികമായ ജസ്റ്റിസ് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വീഡിയോ സഹിതം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. മൂന്ന് ജഡ്ജിമാരടങ്ങിയ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. ഇപ്പോള്‍ ആരോപണവിധേയനായ ജഡ്ജിയെ കേസുകള്‍ കേള്‍ക്കുന്നതില്‍നിന്ന് വിലക്കുകയും- അതായത് ഒരുതരം സസ്പന്‍ഷന്‍ തന്നെ നടന്നിരിക്കുന്നു.
അതായത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ത്യന്‍ ജുഡീഷ്യറിയുടെ മാനംകാക്കാന്‍ ശരിയായ ഇടപെടല്‍ നടത്തിയിരിക്കുന്നു.
അപ്പോഴും ഒരു ചോദ്യം ബാക്കിയാകുന്നു. ഔദ്യോഗിക വസതിയില്‍ തീപിടിത്തമുണ്ടായതുമായി ബന്ധപ്പെട്ട് പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ. അവിടെ അനധികൃതമായി സൂക്ഷിച്ച കറന്‍സി നോട്ടുകള്‍ കണ്ടെത്തിയതായി എഫ്.ഐ.ആര്‍. ഉണ്ടോ. കറന്‍സി നോട്ടുകള്‍ കത്തിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതില്‍ കേസെടുത്തോ. ഇതൊന്നും ഇത്ര വൈകിയിട്ടും ശരിയായ നിലയില്‍ നടന്നിട്ടില്ലെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുരൂഹതകള്‍ ഏറെ നീങ്ങാനുണ്ട്. അതെല്ലാം നീങ്ങിയാലേ കൃത്യമായ നിഗമനങ്ങളിലെത്താനാവൂ. എന്നാല്‍ ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ തീയണച്ച ഫയര്‍ഫോഴ്‌സിന്റെ മേധാവി നടത്തിയ പ്രസ്താവനയെന്ന നിലയില്‍ വന്ന വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. ജസ്റ്റിസിന്റെ വസതിയില്‍ പണച്ചാക്കുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത താന്‍ നിഷേധിച്ചുവെന്ന വാര്‍ത്തയാണ് അദ്ദേഹം നിഷേധിച്ചത്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
ഇതില്‍ ശരിയേത് തെറ്റേത്, കുറ്റവാളിയാര് എന്നതൊക്കെ പിന്നീട് വ്യക്തമാകേണ്ട കാര്യമാണ്. പക്ഷേ തീക്കട്ടയില്‍ ഉറുമ്പരിക്കുന്നത് ഒരതിശയവുമില്ലാത്ത സംഗതിയാവാതിരിക്കേണ്ടേ എന്നതാണ്. അതിശയമാവണമെങ്കില്‍ അപൂര്‍വമാകണം. ജൂഡീഷ്യറിയിലെ അഴിമതി പണത്തിന്റെ രൂപത്തില്‍ മാത്രമല്ല.
മതവിശ്വാസം, ജാതിവിശ്വാസം, രാഷ്ട്രീയവിധേയത്വം തുടങ്ങിയ നിലകളിലുമാകാം. കഴിഞ്ഞ നാലഞ്ചുവര്‍ഷത്തിനിടയില്‍ ജാമ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധികള്‍, വാദങ്ങള്‍ക്കിടയിലെ പ്രസ്താവങ്ങള്‍ എന്നിവ ശ്രദ്ധിച്ചാലറിയാം, ചില സംസ്ഥാനങ്ങളിലെ കോടതികള്‍, കീഴ്‌കോടതികളില്‍ നടക്കുന്ന അത്യാചാരങ്ങള്‍. ജാമ്യം കൊടുക്കാതെ കീഴ്‌കോടതികള്‍ പ്രതികളെ പരമാവധി ഉപദ്രിവിക്കുന്നതിനെക്കുറിച്ച് ചീഫ് ജസ്റ്റിസുമാരായ എന്‍.വി. രമണയും ഡി.വൈ. ചന്ദ്രചൂഡും പലതവണ താക്കീത് സ്വരത്തില്‍ സംസാരിച്ചതാണ്. കേരളക്കാരനായ അബ്ദുനാസര്‍ മദനി ഒരു കേസില്‍ ഒമ്പത് വര്‍ഷം ജാമ്യം കിട്ടാതെ തമിഴ്‌നാട്ടില്‍ റിമാണ്ടില്‍ കഴിയുകയും ഒടുവില്‍ പൂര്‍ണ കുറ്റവിമുക്തനായി പുറത്തിറങ്ങുകയും ചെയ്തുവല്ലോ. പിന്നീട് കര്‍ണാടകയില്‍ ഒരു കേസില്‍ ജയിലിലടച്ചത് എത്ര വര്‍ഷമാണ്, ചികിത്സക്ക് വേണ്ടിപ്പോലും ജാമ്യം കിട്ടാന്‍ എത്രകൊല്ലമെടുത്തു -കോടതികളില്‍ പോകാത്തതുകൊണ്ടല്ല. ഭീമാ കൊറാവ് കേസില്‍ എന്താണ് നടന്നതെന്നത് ലോകം കണ്ടതാണ്. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ താത്വികമായ നന്മയും പ്രായോഗികമായി പലപ്പോഴും അതിനെതിരായി ഭവിക്കുന്നതും -അതില്‍ പ്രകടമാണ്. അതില്‍ ജയിലിലടക്കപ്പെട്ട വൃദ്ധനായ ഫാദര്‍ സ്റ്റാന്‍ സ്വാമി വാത രോഗിയായിട്ടും വെള്ളം കുടിക്കാന്‍ സ്‌ട്രോ അനുവദിക്കാന്‍ എത്രകാലം വേണ്ടിവന്നു. അദ്ദേഹം നരകിച്ച് മരിച്ചപ്പോഴാണ് മേല്‍കോടതി അനുതാപം രേഖപ്പെടുത്തിയത്. അതേ കേസില്‍ പ്രൊഫസര്‍ സായിബാബ എന്ന പൂര്‍ണ ഭിന്നശേഷിക്കാരന് അനുഭവിക്കേണ്ടിവന്ന വേദനകള്‍ കാലം മറക്കുമോ, സായിബാബ അകാലത്തില്‍ മരിച്ചത് ചരിത്രത്തില്‍ കറുത്ത കുത്തായി നില്‍ക്കില്ലേ...
ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയില്‍ യു.പി. പൊലീസ് പിടിച്ച് ഭീകരനായി മുദ്രകുത്തി മൂന്ന് വര്‍ഷത്തോളം ജാമ്യം കൊടുക്കാതെ പീഡിപ്പിച്ച മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍-അവര്‍ക്കെല്ലാം ജാമ്യം അനുവദിക്കുമ്പോള്‍ പരമോന്നത നീതിപീഠം നടത്തിയ പ്രസ്താവങ്ങള്‍...
നമ്മുടെ മഹത്തായ ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുന്നതില്‍ ജൂഡീഷ്യറി അടിസ്ഥാനപരമായ പങ്കാണ് വഹിക്കുന്നത്. എന്നാല്‍ ജൂഡീഷ്യറിയെയും കളങ്കപ്പെടുത്താന്‍ അങ്ങിങ്ങ് ശ്രമം നടക്കുന്നു. രഞ്ജന്‍ ഗൊഗോയി ചീഫ് ജസ്റ്റിസായിരിക്കെ അദ്ദേഹത്തിനെതിരം സുപ്രീം കോടതിയില്‍നിന്നുതന്നെ ആരോപണമുയര്‍ന്നതും അദ്ദേഹം തന്നെ ആ കേസില്‍ ഇടപെട്ടതും അധികമാരും മറന്നിട്ടുണ്ടാവില്ല. അഭിമാനകരമായ സംഭവമായിരുന്നില്ല അത്. ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ച ഉടന്‍തന്നെ രാജ്യസഭാംഗമായി അദ്ദേഹത്തിന് സ്ഥാനം ലഭിച്ചതിലുള്ള വിവാദവും സ്മരണീയമാണ്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെ പണച്ചാക്കുകള്‍. കര്‍ണാടകയിലെ ഹൈക്കോടതിയിലെ ഒരു ജഡ്ജി മുസ്ലിം ഭൂരിപക്ഷപ്രദേശത്തെ പാകിസ്താന്‍ എന്ന് വിളിച്ചത് കോടതിനടപടികള്‍ക്കിടയിലാണ്. മതനിരപേക്ഷത മറന്ന് വര്‍ഗീയ സംഘടനകളുടെ പരിപാടിയില്‍ ഒരു ഹൈക്കോടതി ജഡ്ജി നേരിട്ട് പ്രത്യക്ഷപ്പെടുകയും പ്രസംഗിക്കുകയും വിവാദമായപ്പോള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തത് അടുത്തയിടെയാണ്. നമ്മുടെ ജനാധിത്യത്തിന്റെ തൂണുകളില്‍ ഇപ്പോഴും പരിശുദ്ധം ജൂഡീഷ്യറിതന്നെയാണ്. എന്നാല്‍ പലതരത്തില്‍ അതില്‍ പുഴുക്കുത്തുവീഴ്ത്താന്‍ ശ്രമം നടക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ സുപ്രിംകോടതി നടത്തുന്ന ശക്തമായ നടപടികള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കാം.