അത്യുത്തര കേരളത്തിലെ കുടുംബശ്രീ വിജയം

Update: 2025-02-26 10:13 GMT

ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയായ മണി ശങ്കര്‍ അയ്യര്‍ തിങ്കളാഴ്ച കണ്ണൂരില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ വ്യക്തമാക്കിയത് 73, 74 ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്ത്-നഗരപാലികാ നിയമം നടപ്പാക്കിയതിലൂടെ സ്ത്രീ-പുരുഷ സമത്വത്തിലേക്ക് വലിയ ചുവടുവെച്ചുവെന്നാണ്. 40 ലക്ഷത്തോളം വനിതാ ജനപ്രതിനിധികളുള്ള രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരവികേന്ദ്രീകരണത്തിന്റെ തുടര്‍ച്ചയായി കുടുംബശ്രീ പ്രസ്ഥാനം കെട്ടിപ്പടുത്ത് ഇതര സംസ്ഥാനങ്ങള്‍ക്കാകെ മാതൃക കാട്ടിയതും കാട്ടുന്നതും കേരളമാണെന്നും മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയോ വഴികാട്ടുകയോ ചെയ്യുന്നത് കേരളീയരായ ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരുമാണെന്നും അദ്ദേഹം പറയുകയുണ്ടായി. മറ്റ് സംസ്ഥാനങ്ങളിലെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും കേരളത്തില്‍ വന്നാണ് മാതൃകതേടുന്നതും പഠിക്കുന്നതുമെന്നും കൂടി അയ്യര്‍ കൂട്ടിച്ചേര്‍ത്തു. എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ നായനാര്‍ അക്കാദമിയിലും സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂളിലുമായി നടന്ന ത്രിദിന കേരള പഠന കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് അധികാര വികേന്ദ്രീകരണത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും അടിസ്ഥാന രേഖയെന്നതുപോലെ പഞ്ചായത്തീരാജ്-നഗരപാലികാ നിയമം കൊണ്ടുവന്നത്. കേരളത്തില്‍ 33 ശതമാനം സ്ത്രീസംവരണമെന്നതിനേക്കാളുമപ്പുറം പോയി അമ്പത് ശതമാനം സ്ത്രീസംവരണമാണ് നടപ്പാക്കിയത്. അധികാര വികേന്ദ്രീകരണത്തിന്റെ തുടര്‍ച്ചയായി ജനകീയാസൂത്രണവും കുടുംബശ്രീ പ്രസ്ഥാനവും വന്നു. ലിംഗസമത്വത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും സന്ദേശമാണ് കുടുംബശ്രീ പ്രസ്ഥാനത്തിലൂടെയുണ്ടായത്. ഈ രംഗത്ത് കാസര്‍കോട് ജില്ലയും മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് കണ്ണൂരിലെ സംഗമത്തില്‍ ഇവിടെ നിന്ന് പ്രദര്‍ശിപ്പിച്ച വീഡിയോകളും അനുബന്ധ അവതരണങ്ങളും വ്യക്തമാക്കുന്നു.

കാസര്‍കോട് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തനത്തില്‍ മേഖലാതല അസന്തുലിതത്വം നിലനില്‍ക്കുകയായിരുന്നു അടുത്തകാലംവരെ. കന്നഡ സംസാരിക്കുന്നവര്‍ ഭൂരിപക്ഷമുള്ള മേഖലകളിലാണ് പല കാരണങ്ങളാല്‍ കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമായിരുന്നത്. കന്നഡ ഭൂരിപക്ഷമേഖലകളിലെ സാമൂഹ്യ പിന്നോക്കാവസ്ഥ, രാഷ്ട്രീയസ്ഥിതി, ഭാഷാപരമായ പ്രശ്‌നങ്ങള്‍, മതസ്ഥാപനങ്ങളുടെ പിടി, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും ഹുണ്ടികക്കാരുടെയും സ്വാധീനം, വിശ്വാസപരമായ കാര്യങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തനത്തിനും അനുകൂലമല്ലാത്ത പശ്ചാത്തലമാണുണ്ടാക്കിയത്. ഇതേക്കുറിച്ച് പഠിച്ച് പരിഹാരമുണ്ടാക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന് സാധിച്ചതായി ജില്ലാ പ്രോഗ്രാം ഓഫീസര്‍ രത്‌നേഷ് വിശദീകരിക്കുകയും കഴിഞ്ഞ രണ്ടുവര്‍ഷമായി ആ മേഖലയിലുണ്ടാക്കാന്‍ സാധിച്ച മാറ്റം പ്രതിഫലിപ്പിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. വീഡിയോവിലെ കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കിക്കൊണ്ട് കന്നഡ മേഖലയിലെ കുടുംബശ്രീ മെന്ററായ ഫാത്തിമത്ത് സുഹറ നടത്തിയ അവതരണം കേരള പഠന കോണ്‍ഗ്രസിലെ തന്നെ മികച്ച അവതരണങ്ങളിലൊന്നായി.

മഞ്ചേശ്വരം ബ്ലോക്കിലെ മഞ്ചേശ്വരം, എന്‍മകജെ, മംഗല്‍പാടി, മീഞ്ച, പൈവളിഗെ, പുത്തിഗെ, വോര്‍ക്കാടി പഞ്ചായത്തുകള്‍, കാറഡുക്ക ബ്ലോക്കിലെ ബെള്ളൂര്‍, ദേലമ്പാടി, കുമ്പഡാജെ, കാറഡുക്ക (ഭാഗികം) എന്നീ പഞ്ചായത്തുകള്‍, കാസര്‍കോഡ് ബ്ലോക്കിലെ മധൂര്‍, കുമ്പള, ബദിയടുക്ക, മൊഗ്രാല്‍ പുത്തൂര്‍ എന്നീ പഞ്ചായത്തുകള്‍ -ഇത്രയും പ്രദേശത്താണ് ദാരിദ്ര്യലഘൂകരണവും സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കിയുള്ള കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തനങ്ങള്‍ താരതമ്യേന ഏറ്റവും പിറകിലായിരുന്നത്. രണ്ട് കൊല്ലംമുമ്പ് നടപ്പാക്കിയ പ്രത്യേക പദ്ധതിയിലൂടെ ആ പിന്നാക്കാവസ്ഥ മാറ്റിയെടുക്കാന്‍ കഴിഞ്ഞുവെന്നാണ് വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഫാത്തിമത്ത് സുഹറ വിശദീകരിച്ചത്. മലയാളവും കന്നഡയുമറിയുന്ന 30 റിസോഴ്‌സ് പേഴ്‌സണ്‍മാരെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച് മേല്‍പറഞ്ഞ പ്രദേശങ്ങളിലേക്ക് നിയോഗിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തെ സവിശേഷ പ്രവര്‍ത്തനത്തിലൂടെ ഇപ്പോള്‍ കന്നഡ മേഖലയിലെ 15 പഞ്ചായത്തുകളിലും മറ്റുമേഖലകളിലെ കുടുംബശ്രീകളോട് കിടപിടിക്കുന്നതരത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. 21 മെന്റര്‍മാരെ ഈ മേഖലയില്‍ പ്രത്യേകമായി നിയോഗിച്ചു. അവര്‍ വീടുവീടാന്തരമെന്നോണം കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തിയാണ് പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചത്. 15 പഞ്ചായത്തുകളിലെ ഒരു ലക്ഷത്തിലേറെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് 3406 അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിലെല്ലാമായി 49931 സ്ത്രീകള്‍ അംഗങ്ങളാണ്. പ്രത്യേക പ്രവര്‍ത്തനപദ്ധതി തുടങ്ങിയശേഷം രൂപീകരിച്ചത് നാനൂറോളം അയല്‍ക്കൂട്ടമാണ്. 213 ഗ്രൂപ്പ് സംരംഭമുള്‍പ്പെടെ 588 സംരംഭങ്ങള്‍ അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ ഈ മേഖലയില്‍ നടത്തുന്നുണ്ട്. അന്ധവിശ്വാസജന്യമായ അന്ധകാരത്തില്‍നിന്നും പലതരം ചൂഷണങ്ങളില്‍നിന്നും സ്ര്തീകളെ മുക്തരാക്കുന്നതിനും ശാക്തീകരണത്തിനും പ്രത്യേക പദ്ധതി സഹായകമാകുന്നു.

വ്യവസായ-സേവനമേഖലകളിലെ സൂക്ഷ്മ സംരംഭങ്ങളുടെ കാര്യത്തിലും കാസര്‍കോട്ടെ കുടുംബശ്രീ മുന്നിലാണെന്ന് വ്യക്തമാക്കുന്ന മറ്റൊരു വീഡിയോയും പഠന കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ടു. കുടുംബശ്രീയുടെ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് ബിന്ദുമോള്‍ അവതരിപ്പിച്ച ആ വീഡിയോ മറ്റ് ജില്ലകളില്‍ നിന്നെത്തിയ പല പ്രതിനിധികള്‍ക്കും വിസ്മയമായിരുന്നു. പിലിക്കോട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമകിരണം സ്ട്രീറ്റ് ലൈറ്റ്-എല്‍.ഇ.ഡി. നിര്‍മ്മാണ-പരിപാലന യൂണിറ്റ്, തൃക്കരിപ്പൂര്‍ കോയങ്കരിയിലെ മൊബൈല്‍ റിപ്പയറിങ്ങ് യൂണിറ്റ്, ഭീമനടിയിലെ ഇരുചക്രവാഹന റിപ്പയര്‍ സംരംഭം എന്നിവയെക്കുറിച്ചുള്ള വിവരണമാണ് മറ്റു ജില്ലകളില്‍ നിന്നെത്തിയവര്‍ മാതൃകാപരമെന്ന് വിശേഷിപ്പിച്ചത്.

പിലിക്കോട്ടെ ഗ്രാമകിരണം സ്ട്രീറ്റ് ലൈറ്റ് ആന്റ് എല്‍.ഇ.ഡി. നിര്‍മ്മാണ-പരിപാലന യൂണിറ്റ് ഇതിനകം തന്നെ പ്രസിദ്ധമാണ്. 13 സ്ത്രീകള്‍ ചേര്‍ന്ന് നടത്തുന്ന സംരംഭം. ഇലക്ട്രിക് പോസ്റ്റില്‍ കയറി ബള്‍ബുകള്‍ മാറ്റുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടത്തുന്നത് കുടുംബശ്രീ അംഗങ്ങളായ സംരംഭകര്‍ തന്നെയാണ്. ടെണ്ടര്‍ നടപടികളില്ലാതെ ഈ ഗ്രൂപ്പിന് പ്രവൃത്തികള്‍ കരാര്‍ നല്‍കാവുന്നതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. വീഡിയോ കണ്ടശേഷം ഇതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാന്‍ നിരവധി പേരാണ് കുടുംബശ്രീ ജില്ലാ മിഷന്‍ അധികൃതരെ സമീപിച്ചത്. വെസ്റ്റ് എളേരി ഭീമനടിയിലെ കാലിക്കടവില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് ആരംഭിച്ച ടൂവീലര്‍ വര്‍ക്ക്‌ഷോപ്പ് സംസ്ഥാനത്തുതന്നെ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ടൂവീലര്‍ വര്‍ക്ക്‌ഷോപ്പാണെന്ന് അവര്‍ അവകാശപ്പെടുന്നു. ജില്ലാ മിഷന്‍ ഒരുമാസത്തോളമായി നടത്തിയ ജോബ് കഫെ പരിശീലന പരിപാടിയില്‍ പങ്കെടുത്തവരില്‍ മൂന്നുപേരാണ് രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനം സമാഹരിച്ച് വര്‍ക്ക് ഷോപ്പ് തുടങ്ങിയത്. ഇരു ചക്രവാഹന റിപ്പയറിങ്ങില്‍ ജില്ലയിലെ 22 യുവതികളാണ് കുടംബശ്രീ മുഖേന പരിശീലനം നേടിയത്. അതില്‍ മൂന്നുപേര്‍ മാത്രമാണ് തല്‍ക്കാലം സ്വന്തം സംരംഭം തുടങ്ങിയത്.

എല്ലാ തൊഴില്‍ മേഖലകളിലും പ്രവര്‍ത്തിക്കാനും സംരംഭങ്ങള്‍ തുടങ്ങാനും സ്ത്രീകള്‍ക്ക് പ്രാപ്തിയുണ്ടെന്ന് ഉദാഹരണ സഹിതം വിളംബരം ചെയ്യുന്നതായി കാസര്‍കോട് കുടുംബശ്രീ മിഷന്‍ അവതരിപ്പിച്ച വീഡിയോകള്‍.



Similar News