മയക്കുമരുന്ന് വിരുദ്ധ പ്ലക്കാര്‍ഡ്

Update: 2025-01-22 08:59 GMT

കാസര്‍കോട് ജില്ലാ കോടതിയില്‍നിന്ന് കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഒരു ജാമ്യ ഉത്തരവ് കൗതുകമുണ്ടാക്കുന്നതാണെങ്കിലും അതിനേക്കാളധികം ഗൗരവമുള്ളതാണ്. മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ മെയ് 18 മുതല്‍ ജയിലില്‍ കഴിയുന്ന ഒരു പ്രതിക്ക് സെഷന്‍സ് ജഡ്ജ് ജാമ്യം നല്‍കിയത് മറ്റ് കര്‍ശന വ്യവസ്ഥകള്‍ക്കൊപ്പം പുതിയൊരു ശിക്ഷയോടെയുമാണ്. പൊതുസ്ഥലത്ത് രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ പ്ലക്കാര്‍ഡ് പിടിച്ചുനില്‍ക്കണം. ലഹരി ഉപയോഗത്തിനെതിരായ ബോധവല്‍ക്കരണ പ്ലക്കാര്‍ഡ്. ലഹരി വര്‍ജിക്കുക, ലഹരി നിങ്ങളെയും കുടുംബത്തെയും നശിപ്പിക്കും എന്ന പ്ലക്കാര്‍ഡ്. തുടര്‍ച്ചയായി അഞ്ച് ദിവസം അങ്ങനെ ചെയ്യണം. അതിന്റെ ഫോട്ടോയും വീഡിയോവും പൊലീസ് കോടതിയില്‍ സമര്‍പ്പിക്കണം. ഇതാണ് അസാധാരണമായ വ്യവസ്ഥ. ആ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടപെടലടക്കമുള്ള മറ്റുകാര്യങ്ങള്‍ എന്തോ ആവട്ടെ.

നമ്മുടെ നാടിനെ മയക്കുമരുന്ന് കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണെന്ന ഭീകര യാഥാര്‍ത്ഥ്യത്തിലേക്കാണ് ജില്ലാ കോടതി ശ്രദ്ധ ക്ഷണിച്ചത്. 3.06 ഗ്രാം എം.ഡി.എം.എ. കൈവശം വെച്ചുവെന്ന കേസിലാണ് മേല്‍പറഞ്ഞ കോടതി നടപടിയുണ്ടായത്. കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിലൊന്ന് നടന്നതും കാസര്‍കോട് ജില്ലയിലാണെന്ന് ഓര്‍ക്കണം. ഉപ്പളക്കടുത്ത് മംഗല്‍പ്പാടിയിലെ ഒരു വീട്ടില്‍നിന്ന് കഴിഞ്ഞ സെപ്തംബര്‍ 20ന് പിടികൂടിയത് 3.4 കിലോഗ്രാം എം.ഡി.എം.എയും ഒരു കിലോയിലേറെ മരിജുവാനയും മറ്റുമാണ്. കേരളത്തില്‍ ഇത്രയധികം എം.ഡി.എം.എ. പിടിച്ചെടുത്ത ഒന്നോ രണ്ടോ സംഭവമേ മുമ്പുണ്ടായിട്ടുള്ളൂ. കഴിഞ്ഞയാഴ്ചയാണ് മഞ്ചക്കലില്‍നിന്ന് നൂറു ഗ്രാം എം.ഡി.എം.എയുമായി രണ്ട് സ്ത്രീകളടക്കം നാലുപേരെ പൊലീസ് പിടികൂടിയത്. ചെറുതും വലുതുമായ ഇത്തരം പിടുത്തങ്ങള്‍ ദിവസേനയെന്നോണം സംഭവിക്കുന്നു. പൊലീസും എക്‌സൈസും മറ്റ് ഏജന്‍സികളും തകൃതിയായ ശ്രമം നടത്തുന്നുണ്ടെങ്കിലും ചെറിയൊരു ഭാഗം മാത്രമേ പിടിയിലാകുന്നുള്ളൂ എന്നാണ് മനസിലാക്കേണ്ടത്. മുമ്പൊക്കെ കഞ്ചാവാണ് മയക്കുമരുന്നു വ്യാപാരികള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടുവന്ന് വിറ്റിരുന്നതെങ്കില്‍ ഇപ്പോള്‍ പതിന്മടങ്ങ് മാരകമായ എം.ഡി.എം.എയാണ് രഹസ്യശൃംഖലയിലൂടെ വില്‍ക്കുന്നത്. ഓരോ പ്രദേശത്തും ഇതിനായി മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ കലാലയങ്ങളിലും സ്‌കൂളുകളില്‍പോലും നുഴഞ്ഞുകയറി നമ്മുടെ കുട്ടികളെ മയക്കുമരുന്നിന്റെ അടിമകളാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പലേടത്തുനിന്നുമുള്ള റിപ്പോര്‍ട്ട്.

മയക്കുമരുന്നിന്റെ അടിമകളായിക്കഴിഞ്ഞാല്‍ സ്വയം നശിക്കുന്നതിന് പുറമെ സമൂഹത്തെ നശിപ്പിക്കാനുള്ള പ്രവണതയാണുണ്ടാകുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഓരോ ദിവസവും വരുന്ന കുറ്റകൃത്യവാര്‍ത്തകള്‍ നടുക്കമുണ്ടാക്കുന്നതാണ്. എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നംഗങ്ങളെയാണ് അയല്‍ക്കാരനായ യുവാവ് കമ്പിപ്പാരകൊണ്ടടിച്ചും വെട്ടിയും കൊല ചെയ്തത്. 69 വയസുള്ള ഗൃഹനാഥന്‍, 62 വയസുള്ള ഗൃഹനാഥ, 32 വയസുള്ള മകള്‍... അവരുടെ കുട്ടികള്‍ ആ ബീഭത്സരംഗത്തിന് സാക്ഷികള്‍... കുട്ടികളുടെ പിതാവ് വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നു. വളര്‍ത്തുനായ അടുത്ത വീട്ടുപറമ്പിലേക്ക് കടന്നുവെന്നോ വാക്കുതര്‍ക്കമുണ്ടായെന്നോ അല്ലാതെ മറ്റൊരു പ്രശ്‌നവുമില്ലാതെയാണ് നിഷ്ഠൂരമായ കൂട്ടക്കൊല നടന്നത്. ലഹരിയുടെ നീരാളിപ്പിടിത്തം തന്നെയാണ് അവിടെയും വില്ലനായതെന്ന് കരുതണം. മനുഷ്യനെ മനുഷ്യനല്ലാതാക്കി മാറ്റുന്ന, കൊടുംക്രിമനലാക്കുന്ന മയക്കുമരുന്ന്... തിരുവനന്തപുരത്ത് ലഹരിയുടെ അടിമയായ മകന്റെ അടിയേറ്റ് പിതാവ് കൊല്ലപ്പെട്ടു, വയനാട്ടില്‍ ലഹരിയടിമയുടെ കുത്തേറ്റ് അമ്മ മരിച്ചു... അങ്ങനെയങ്ങനെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു...

രാജ്യത്ത് ഏറ്റവുമധികം മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനം കേരളമാണ്. മൂന്നിലൊന്നോളം കേസുകള്‍. അറസ്റ്റിലാവുന്നവരുടെ എണ്ണത്തിലും കേരളമാണ് മുന്നില്‍. രാജ്യാന്തരബന്ധമുള്ള മാഫിയകളാണ് മയക്കുമരുന്ന് വ്യാപാരത്തിന് പിന്നില്‍ എന്ന് വ്യക്തമാണ്. ആ മാഫിയ കേരളത്തെ പ്രത്യേകം ലക്ഷ്യംവെക്കുന്നുണ്ടോ എന്ന് സംശയിക്കണം. കുട്ടികളെ അവരറിയാതെ കാരിയര്‍മാരാക്കുന്നതടക്കം പലവിധ തന്ത്രങ്ങളാണ് മയക്കുമരുന്ന് ലോബികള്‍ പയറ്റുന്നത്. അറിയാതെ അകപ്പെട്ടുപോകുന്നവരാണധികവും. മയക്കുമരുന്നുമായി പിടിയിലാകുന്നവരില്‍ത്തന്നെ നിരപരാധികളുണ്ടാകാമെന്ന് പല തവണ റിപ്പോര്‍ട്ടുകളുണ്ടായി. യാത്രചെയ്യുമ്പോള്‍ വലിയ ജാഗ്രത ആവശ്യമാണെന്നര്‍ത്ഥം. അപരിചിതര്‍ക്ക് ലിഫ്റ്റ് നല്‍കുമ്പോഴും സ്വീകരിക്കുമ്പോഴുമെല്ലാം ജാഗ്രത വേണ്ടതുണ്ട്.

കേരളത്തെ അപേക്ഷിച്ച് ഉത്തരേന്ത്യയിലും മറ്റും മയക്കുമരുന്നുകേസുകള്‍ കുറവാകുന്നത് അവിടെത്തെ അന്വേഷണത്തിന്റെ പോരായ്മയാകാനാണ് സാധ്യത. ഏതാനും മാസം മുമ്പ് തൃശൂര്‍ പൊലീസ് ഹൈദരാബാദില്‍ ഒരു മയക്കുമരുന്ന് ഫാക്ടറി കണ്ടെത്തി സീല്‍ ചെയ്യുകയും ഉടമയെ അറസ്റ്റ്‌ചെയ്യുകയുമുണ്ടായി. സിനിമാ നിര്‍മ്മാതാവും മരുന്നു കമ്പനിക്കാരനും കെമിക്കല്‍ വ്യാപാരിയുമായ കക്കാട്ടുപള്ളി നരസിംഹരാജുവാണ് അറസ്റ്റിലും ജയിലിലുമായത്. വൃക്കരോഗത്തിന്റെയും മൂത്രാശയ രോഗങ്ങളുടെയും മരുന്ന് നിര്‍മാണത്തിന്റെ മറവില്‍ മയക്കുമരുന്നുല്‍പാദിപ്പിച്ച് രാജ്യത്തിനകത്തും പുറത്തും മയക്കുമരുന്ന് വ്യാപാര ശൃംഖലയിലെത്തിക്കുന്ന ശതകോടീശ്വരന്‍. വിദേശത്തുനിന്നും രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍നിന്നുമായി വന്‍തോതില്‍ മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തിലും സംസ്ഥാനങ്ങളിലെ പൊലീസ്-എക്‌സൈസ് വിഭാഗങ്ങളുടെ സംയുക്ത ഓപ്പറേഷനുകളിലൂടെയും മയക്കുമരുന്ന് മാഫിയയെ അടിച്ചമര്‍ത്തിയേ തീരൂ.

മയക്കുമരുന്ന് കേസില്‍ ജാമ്യം ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിലൊന്ന് എന്ന നിലയിലാണ് അഞ്ച് ദിവസം മയക്കുമരുന്ന് വിരുദ്ധ പ്ലക്കാര്‍ഡ് പിടിച്ചുനില്‍ക്കാന്‍ കോടതി ഉത്തരവിട്ടത്. വാസ്തവത്തില്‍ മയക്കുമരുന്നിനെതിരെ സമൂഹത്തെ നിരന്തരം ബോധവല്‍ക്കരിക്കാന്‍ എല്ലാവരും തെരുവിലിറങ്ങേണ്ട സാഹചര്യമാണ് വരുന്നത്.

Similar News