തല്ലുമാലകള്‍ തടയാന്‍ വേണ്ടത് മന:ശാസ്ത്രപരമായ സമീപനം
38 വര്‍ഷം മുമ്പാണ്. തലശ്ശേരിയിലെ ഏറ്റവും വലിയ ഒരു ഹൈസ്‌കൂള്‍. അവിടത്തെ പത്താംതരം ബി ക്ലാസ്. ഹൈസ്‌കൂള്‍ അധ്യാപകനാകുന്നതിനുള്ള പരിശീലന കോഴ്‌സായ ബി.എഡിന്റെ ടീച്ചിങ്ങ് പ്രാക്ടീസ് ഒരുമാസക്കാലമാണ്. ഈ ലേഖകന്‍ ആ ക്ലാസില്‍ ക്ലാസെടുക്കുന്നു. ഒന്നിലേറെത്തവണ തോറ്റവരടക്കമുള്ള കുട്ടികളാണ്. അങ്ങനെയുള്ളവരെ ഒരു പ്രത്യേക ഡിവിഷനിലാക്കുന്ന പ്രവണതയൊക്കെ അന്നുണ്ടെന്ന് തോന്നുന്നു. കുട്ടികളുടെ ഡിവിഷന്‍ നിശ്ചയിക്കുന്നതില്‍ ശരിയായതും തെറ്റായതുമായ ചില മാനദണ്ഡങ്ങളൊക്കെയുണ്ടെന്നാണ് തോന്നുന്നത്. ഒന്നാം ഭാഷ തിരഞ്ഞെടുക്കുന്നതിലെ പ്രശ്‌നവുമായി ബന്ധപ്പെട്ടും ഡിവിഷന്‍ തിരിവ് മാനദണ്ഡമാവാറുണ്ടല്ലോ. അതേതായാലും ഈ ലേഖകന്‍ ക്ലാസെടുക്കുമ്പോള്‍ കുറേകുട്ടികള്‍ ഭയങ്കര ബഹളമുണ്ടാക്കും. എന്തെങ്കിലുമാവട്ടെ എങ്ങനെയെങ്കിലും ആ ഒരുമാസം കഴിഞ്ഞുപോകണം അതായിരുന്നു മനസില്‍. ആ പീരിയഡ് കഴിഞ്ഞാല്‍ ഉടന്‍ ഒരു ഓട്ടോയില്‍ തലശ്ശേരി കടപ്പുറത്തെ മഹാത്മ പാരലല്‍ കോളേജിലെത്തണം. അവിടെ ഡിഗ്രി-പി.ജി. ക്ലാസുകളില്‍ പണിയുണ്ട്... ആ സൗകര്യത്തിനാണ് പരിശീലനത്തിന് ആ വിദ്യാലയം സംഘടിപ്പിച്ചെടുത്തതുതന്നെ.
അങ്ങനെയിരിക്കെ പരിശീലന ക്ലാസ് പരിശോധിക്കാന്‍ ബി.എഡ്. സെന്ററിന്റെ ഡയറക്ടര്‍ ഡയാന റോഡ്രിഗ്‌സ് മാഡം പൊടുന്നനെ ക്ലാസിലേക്കെത്തി. അവര്‍ നേരെ പിറകിലെ ബെഞ്ച് ലക്ഷ്യമാക്കി നടക്കുമ്പോള്‍ നെഞ്ചിടിപ്പ് കൂടി. അവര്‍ ആ ബെഞ്ചില്‍ കുട്ടികള്‍ക്കടുത്തായി ഇരുന്നു. ഞാന്‍ ക്ലാസ് തുടര്‍ന്നു. അവര്‍ കടന്നുവരുന്നതുവരെ ഭയങ്കര ബഹളമയമായ ക്ലാസ് പിന്‍ഡ്രോപ് സയലന്റ്‌സ്. ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മണിമണിപോലെ ഉത്തരം... ഡയാന റോഡ്രിഗ്‌സ് എന്നെ നോക്കി ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോയി... ഉടനെ ബഹളം തുടങ്ങിയില്ല. കുട്ടികളുടെ കൂട്ടസ്വരം. മാഷ്‌ക്കിത്ര പോരേ മാഷേ എന്ന്... എനിക്ക് ചിരിയൊന്നും വന്നില്ല. എന്ത് പറയണമെന്നറിയുമായിരുന്നില്ല... കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കണ്ണൂര്‍ കണ്ണോത്തുംചാലിലെ ബി.എഡ്. സെന്ററില്‍ 200 കുട്ടികളാണ് ഒരു സെഷനില്‍. അല്ല 200 പേര്‍ വീതമുള്ള രണ്ട് ജനറല്‍ ക്ലാസുകള്‍. പിന്നിലിരിക്കുന്നവര്‍ ക്ലാസിലല്ല ശ്രദ്ധിക്കുക പലപ്പോഴും. അങ്ങനെയൊരു പിന്‍ബെഞ്ചുകാരനായ ഈ ലേഖകന് വിദ്യാഭ്യാസ മനഃശ്ശാസ്ത്രം ക്ലാസുകളൊക്കെ കേട്ടതിന്റെ തെളിച്ചമാര്‍ന്ന ഓര്‍മ്മയൊന്നുമില്ല. അഡോളസെന്റ് കാലം- ആ കാലത്തെ മാനസികാവസ്ഥ... നിങ്ങളുടെ കയ്യിലാണവര്‍... അവര്‍ എന്താവണമെന്ന ദിശാബോധമുണ്ടാകുന്ന കാലമാണ്... നിങ്ങള്‍, നിങ്ങളാണ് അവരെ വഴി കാട്ടേണ്ടത് എന്നൊക്കെ ക്ലാസെടുക്കുന്ന ടീച്ചര്‍ പറയുന്നുണ്ട്...
ഏതായാലും അധ്യാപന ജോലിയിലല്ല എത്തിപ്പെട്ടത്. അധ്യാപക ജോലിയിലായിരുന്നെങ്കിലോ ഇന്നാലോചിക്കുമ്പോള്‍ പേടി തോന്നുന്നു. ഹയര്‍സെക്കണ്ടറി അധ്യാപകര്‍ പറയുന്ന പരാതികള്‍ കേട്ടാല്‍ ശരിക്കും പേടിതോന്നും. ഞങ്ങളൊക്കെ പഠിക്കുമ്പോള്‍ പതിനൊന്നും പന്ത്രണ്ടും ക്ലാസുകള്‍ കോളേജിന്റെ ഭാഗമായ പ്രി ഡിഗ്രിയായിരുന്നു. കോളേജില്‍ അതല്ലെങ്കില്‍ അന്ന് കോളേജുകളേക്കാള്‍ ഉണ്ടായിരുന്ന പാരലല്‍ കോളേജുകളില്‍ കൗമാരക്കാരെക്കുറിച്ച് ഇന്നത്തേതുപോലെ പരാതികളുണ്ടായിരുന്നില്ല. അവര്‍ക്ക് മുകളില്‍ ചുരുങ്ങിയത് മൂന്ന് ക്ലാസുകാര്‍ ഉണ്ടായിരുന്നു. കാമ്പസുകളില്‍ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള സംഘടനകളണ് കുഴപ്പക്കാര്‍ എന്ന ആക്ഷേപം പണ്ടേയുള്ളതാണ്. രാഷ്ട്രീയ സംഘടനകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാറുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഇപ്പോള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തല്ലുമാലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതൊക്കെ ലഘുതരമാണ്. അതില്‍ പകവെച്ച് തല്ലൊക്കെ കുറവാണ്. രാഷ്ട്രീയവുമായി ബന്ധപ്പെട്ടല്ല, ഗാങ്ങുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ രൂക്ഷമായ പ്രശ്‌നങ്ങള്‍. സംഘടനകളുടെ സ്ഥാനം ഗാങ്ങുകള്‍ കയ്യടക്കുന്നതാണ് വിദ്യാലയങ്ങളിലെയും പുറത്തെയും കൂടിവരുന്ന സംഘട്ടനങ്ങളുടെ അടിസ്ഥാനം.
പാടില്ല മക്കളേ എന്നും നമ്മുടെ കൗമാരത്തിനെന്തുപറ്റി എന്നുമൊക്കെയുള്ള വലിയ ചോദ്യങ്ങള്‍ മാധ്യമങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ കുറിപ്പിന്റെ ആദ്യഭാഗത്ത് പറഞ്ഞ വിദ്യാഭ്യാസ മനഃശ്ശാസ്ത്രത്തിന്റെ പ്രയോഗത്തില്‍ ന്യൂനത സംഭവിക്കുന്നുണ്ടോ. മൂന്നോ നാലോ പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ സമൂഹമല്ല ഇന്നത്തേത്. അന്ന് ഭൂരിഭാഗം വീടുകളും ദരിദ്രമായിരുന്നു. അന്ന് സ്‌കൂളിലും കോളേജിലും പോകുന്ന കുട്ടികള്‍ക്കുള്ള ആധി ബസിന് കൊടുക്കാനുള്ള പൈസയെക്കുറിച്ചാണ്, ഉച്ചയ്ക്ക് ഒരു ചായയെങ്കിലും കുടിക്കാനുള്ള വകയെക്കുറിച്ചായിരുന്നു. ഇന്ന് അത്തരം പ്രശ്‌നം വളരെചെറിയൊരു വിഭാഗത്തിനേയുള്ളൂ. അന്ന് വൈദ്യുതിപോലുമെത്താത്ത വീടുകളാണധികവും. ഇന്ന് കുട്ടികളുടെ കയ്യില്‍ ഒന്നോ അതിലധികമോ സ്മാര്‍ട്ട് ഫോണുകളുണ്ട്. സിനിമയും വേണ്ടതും വേണ്ടാത്തതുമെല്ലാം അവരുടെ പോക്കറ്റില്‍ തന്നെയുണ്ടെന്നര്‍ത്ഥം. നടന്നുപോകേണ്ട, ഏതു ദരിദ്ര വീട്ടിലും പോലും ടൂവീലറെങ്കിലുമുണ്ട്... പത്താംക്ലാസ് കഴിയുന്നതിന് മുമ്പേതന്നെ വീട്ടില്‍ സമരമായി, ഭക്ഷണത്തിനല്ല, ടൂവീലര്‍ വാങ്ങിക്കൊടുക്കാന്‍... വാഹന സാന്ദ്രതയുടെ കാര്യത്തില്‍ കേരളം അമേരിക്കയേക്കാള്‍ മീതെയാണെന്നാണ് പറയുന്നത്. വീട്ടിലെ ചക്കയും മാങ്ങയും വെള്ളരിക്കയുമല്ല ഭക്ഷണം. പലപല പുത്തന്‍ ഭക്ഷണങ്ങള്‍- എല്ലാം പുറമേനിന്ന്... ഇങ്ങനെ ആകെക്കൂടി മാറിയിരിക്കുന്ന, കീഴ്‌മേല്‍ മറിഞ്ഞ ഒരു കാലഘട്ടത്തില്‍, ഒരു സമൂഹത്തില്‍ കൗമാരക്കാരെ ശരിയായി സമീപിക്കാന്‍ നമ്മുടെ വിദ്യാഭ്യാസത്തിന് സാധിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം.. അതിന് പല കോണുകളില്‍നിന്ന് പലപല ഉത്തരങ്ങളുണ്ടാകാം...
സംസ്ഥാനത്ത് അടുത്തകാലത്ത് നടന്ന സംഭവങ്ങള്‍ സമൂഹത്തിലാകെ ഭയപ്പാട് സൃഷ്ടിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കുട്ടികളെ ഹോസ്റ്റലുകളിലാക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുന്നു. മുമ്പ് തമിഴ്‌നാട്ടിലും കര്‍ണാടകയിലും പഠിക്കുന്ന കേരളീയവിദ്യാര്‍ത്ഥികള്‍ അവിടത്തെ റാഗിങ്ങിനെക്കുറിച്ച് നല്‍കിയ പരാതികള്‍ വലിയ വാര്‍ത്തയായിരുന്നു. അതിലെല്ലാം മുതിര്‍ന്ന കുട്ടികളുടെ ഗാങ്ങുകള്‍ മദ്യവും മയക്കുമരുന്നും വാങ്ങുന്നതിനുള്ള പണം വരിസംഖ്യപോലെ നല്‍കാത്തതാണ് പീഡനത്തിന് കാരണം. കോട്ടയത്ത് ഗാന്ധിനഗറിലെ ഗവ. നഴ്‌സിങ്ങ് കോളേജില്‍ ഈയിടെ നടന്ന റാഗിങ്ങിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ ലഭ്യമാണല്ലോ. ഇത് മനുഷ്യക്കുട്ടികളാണ് ചെയ്തതെന്നും കേരളത്തിലാണ് നടന്നതെന്നും വിശ്വസിക്കുകപോലും പ്രയാസം... കഴിഞ്ഞവര്‍ഷം വയനാട്ടിലെ വെറ്ററനറി കോളേജില്‍ നടന്ന റാഗിങ്ങ് വാസ്തവത്തില്‍ റാഗിങ്ങല്ല, ഫാസിസ്റ്റ് രീതിയിലുള്ള വിചാരണയും ശിക്ഷ വിധിക്കലും ശിക്ഷ നടപ്പാക്കലും അതിന്റെ ഫലമായുള്ള ആത്മഹത്യയുമാണ്. ഇപ്പോള്‍ താമരശ്ശേരിയില്‍ കൊച്ചുകുട്ടികളാണ് അക്രമകാരികളായത്. ഗാങ്ങുകള്‍ തമ്മിലുള്ള അസ്വാരസ്യം വാക്കേറ്റത്തിലും സംഘര്‍ഷത്തിലും പകയിലേക്കും വളരുകയും തുടര്‍ സംഘര്‍ഷവും കൊലപാതകവുമുണ്ടാകുന്ന നില. സ്‌കൂളില്‍ മൊബൈല്‍ഫോണ്‍ പാടില്ലെന്ന ചട്ടം നടപ്പാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഒരു കുട്ടി പ്രിന്‍സിപ്പലിനെ കൊല്ലുമെന്ന് നേരിട്ട് ഭീഷണിപ്പെടുത്തുന്ന ദൃശ്യം നാമെല്ലാം കണ്ടിട്ട് മൂന്നോ നാലോ ആഴ്ചയേ ആയുള്ളൂ.
മുമ്പ് അമേരിക്കയില്‍ നിന്നൊക്കെയാണ് ഇത്തരം വാര്‍ത്തകള്‍ ഭയാനകമായി പുറത്തുവന്നുകൊണ്ടിരുന്നത്.
നമ്മുടെ നാട്ടിലെ സംഭവങ്ങളെ അതിനോട് താരതമ്യപ്പെടുത്തുന്നതും കൗമാരക്കാരാകെ വഴിതെറ്റിപ്പോകുന്നുവെന്ന് വിലപിക്കുന്നതും അസ്ഥാനത്താണ്. ചെറിയൊരു വിഭാഗം മാത്രമാണ് വഴിതെറ്റിപ്പോകുന്നത്. സാമൂഹ്യബോധമില്ലായ്മയാണ് അതിലേക്കെത്തിക്കുന്നത്.
സാമൂഹ്യബോധം, രാഷ്ട്രീയബോധം എന്നിവ ഇല്ലാതിരിക്കുക, കലയും സാഹിത്യവുമായി ബന്ധമില്ലാതിരിക്കുക, മൊബൈല്‍ ഫോണില്‍ പൂര്‍ണമായി അഡിക്റ്റാവുക... അതിന്റെയെല്ലാം രണ്ടാം ഘട്ടമായി മയക്കുമരുന്നിലേക്ക് വീഴുകയോ വീഴ്ത്തപ്പെടുകയോ ചെയ്യുക- ഇതെല്ലാമാണ് നേരിടുന്ന പ്രശ്‌നങ്ങള്‍. കുട്ടികളെ പൂര്‍ണമായും മത്സരാര്‍ത്ഥികളാക്കുന്ന രക്ഷിതാക്കളുടെ സമീപനവും ഇതിന് പ്രധാന കാരണമാണ്. കടുത്ത മത്സരബുദ്ധിയുണ്ടാക്കുക, അല്‍പം താഴോട്ടുപോയാല്‍ പഴിക്കുക, താരതമ്യപ്പെടുത്തി അവഹേളിക്കുകയും അവഗണിക്കുയും ചെയ്യുക- ഇതെല്ലാം കുട്ടികളില്‍ വലിയ അസ്വസ്ഥതയുണ്ടാക്കുന്നു. പലതരം കോംപ്ലക്‌സുകള്‍ക്ക് അടിപ്പെടുന്നതും ലഹരിയിലേക്ക് എത്തിപ്പെടുന്നതും ഇതുകൊണ്ടുകൂടിയാണ്. വിദ്യാഭ്യാസ മനഃശ്ശാസ്ത്രം അധ്യാപകര്‍ കൃത്യമായി പഠിക്കുകയും ശരിയായ കൗണ്‍സിലിങ്ങൊക്കെ നല്‍കാന്‍ പ്രാപ്തിയുണ്ടാവുകയും മത്സരമല്ല സ്‌നേഹപൂര്‍വമുള്ള സഹവര്‍ത്തിത്വമാണ് വേണ്ടതെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുക. മതിയായ ഒഴിവുസമയം നല്‍കുക, കലാകായിക പിരപാടികള്‍ക്കായി സമയം നല്‍കുക- ഇതെല്ലാമാണാവശ്യം. ഇക്കാര്യത്തില്‍ പകുതി ചുമതല വിദ്യാലയത്തിനും പകുതി ചുമതല വീട്ടുകര്‍ക്കുമാണ്. ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള അലംഭാവമോ തെറ്റായ സമീപനമോ ആണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കും കാരണം.
കൗമാരക്കാരുടെ അസ്വസ്ഥത, കൗമാരക്കാരിലെ ചെറിയൊരു വിഭാഗത്തെ ബാധിച്ചിട്ടുള്ള അക്രമാസക്തത, കൗമാരക്കാരെ ലക്ഷ്യമിടുന്ന മയക്കുമരുന്ന് മാഫിയ- ഈ പ്രശ്‌നങ്ങളെല്ലാം മനസിലാക്കി കൃത്യമായി ഇടപെടാനും പരിഹരിക്കാനും സര്‍ക്കാരും പി.ടി.എ.യും അധ്യാപകരുമെല്ലാം കൂട്ടായ ശ്രമം നടത്തേണ്ടതുണ്ട്. വിദ്യാലയ പരിസരത്ത് പൊലീസിന്റെ നിരീക്ഷണം അനിവാര്യമായിരിക്കുകയാണ്. ജനമൈത്രി പൊലീസ് സംവിധാനം ഇപ്പോള്‍ ദുര്‍ബലമായിരിക്കുകയാണ്. ജനമൈത്രി പൊലീസ് സംവിധാനത്തിന്റെ ചുമതലയില്‍ ഈ വിഷയവും വരേണ്ടതുണ്ട്. നാട്ടിന്‍പുറങ്ങളിലെ കളിസ്ഥലങ്ങളിലടക്കം അവരുടെ കണ്ണുണ്ടാകണം. താമരശ്ശേരിയിലെ കൊലപാതകവും സംസ്ഥാനത്താകെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന തല്ലുമാലയുടെയും സാഹചര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടേണ്ടതുണ്ട്. നിയമസഭയില്‍ തിങ്കളാഴ്ച അടിയന്തരപ്രമേയമായി ചര്‍ച്ചചെയ്തത് സ്വാഗതാര്‍ഹമാണ്. ചര്‍ച്ചക്ക് മറുപടി പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ കൗമാരക്കാര്‍ അസ്വസ്ഥരാണെന്ന് വിശദമായി പ്രതിപാദിക്കുകയുണ്ടായി. മത്സര സംസ്‌കാരത്തിലേക്കുതന്നെയാണ് അേേദ്ദഹം വിരല്‍ ചൂണ്ടിയത്. അമേരിക്കയിലെ കൊളറാഡോവില്‍ വിദ്യാര്‍ത്ഥി 12 സഹപാഠികളെയും ഒരു ടീച്ചറെയും വെടിവെച്ചുകൊന്നതടക്കമുള്ള സംഭവങ്ങളിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ക്ഷണപ്രകാരം കൊളൊറാഡോ അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ആറംഗ മലയാളി മാധ്യമപ്രവര്‍ത്തകസംഘത്തിലെ ഒരംഗമായിരുന്നു ഈ ലേഖകന്‍.
ആ സംഭവംനടന്ന കൗണ്ടിയിലെ തദ്ദേശ അധികൃതരുമായും പൊലീസ്-പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥരുമായും സംസാരിക്കാന്‍ അവസരം ലഭിക്കുകയുണ്ടായി.
ജനമൈത്രി പൊലീസ് സംവിധാനത്തിലൂടെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നാണ് അവര്‍ പറഞ്ഞത്.