പകല്‍ക്കള്ളന്മാര്‍ക്ക് ചൂട്ടുപിടിക്കേണ്ടാ...

Update: 2024-12-06 09:52 GMT

ഒരുത്തന്‍ പാപകര്‍മ്മം

ചെയ്തീടിലതിന്‍ ഫലം

പരക്കെയുള്ള

മഹാജനങ്ങള്‍ക്കൊക്കെത്തട്ടും'

അത് പാടില്ല. തെറ്റ് ചെയ്തവന്‍ മാത്രം ശിക്ഷിക്കപ്പെടണം. നിരപരാധിയെ കഴുമരത്തില്‍ ഏറ്റുകയോ? അത് അന്യായം. ഒരു വര്‍ഗം തന്നെ തെറ്റ് ചെയ്തു എന്ന് ആക്ഷേപിക്കുന്നതും ശരിയല്ല. കുറ്റം ചെയ്തവരെ തിരഞ്ഞുപിടിച്ച് പരസ്യമായി ശിക്ഷിക്കണം.

അര്‍ഹതയില്ലാത്തവര്‍ അവിഹിതമായി സര്‍ക്കാറില്‍ നിന്നും സാമ്പത്തിക ആനുകൂല്യം കൈപ്പറ്റുന്നു എന്ന് റിപ്പോര്‍ട്ട്. സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ -അതിന് മാത്രം അര്‍ഹതയുള്ളവര്‍ -ക്ഷേമ പെന്‍ഷനും വാങ്ങുന്നു. ഇരട്ടപ്പെന്‍ഷന്‍! ആര്‍ക്കെല്ലാമാണ് ക്ഷേമ പെന്‍ഷന്‍ വാങ്ങാന്‍ അര്‍ഹത എന്ന് വ്യക്തമായ നിയമവ്യവസ്ഥയുണ്ട്. ശാരീരിക അധ്വാനശേഷിയില്ലാത്തവര്‍ക്ക് ഉപജീവനോപാധി എന്ന പരിഗണനവെച്ചാണ് ക്ഷേമ പെന്‍ഷന്‍ അനുവദിക്കുന്നത്.

60 വയസ്സ് തികഞ്ഞവര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍, കര്‍ഷക വൃത്തിയില്‍ ഏര്‍പ്പെടാന്‍ ശേഷിയില്ലാത്തവര്‍ക്ക് -60 വയസായാല്‍- കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വിധവകള്‍ക്ക് വിധവാ പെന്‍ഷന്‍, പുനര്‍വിവാഹം ചെയ്താല്‍ പെന്‍ഷന്‍ ലഭിക്കുകയില്ല. പുനര്‍ വിവാഹിതയല്ല എന്ന് ആണ്ടുതോറും സത്യവാങ്മൂലം നല്‍കണം. 50 തികഞ്ഞിട്ടും അവിവാഹിതയാണെങ്കില്‍ ആ പരിഗണനയില്‍ പെന്‍ഷന്‍, ഭിന്നശേഷിക്കാര്‍ക്കും പെന്‍ഷന്‍ ലഭിക്കും. അക്കാര്യം തെളിയിക്കണം. വ്യക്തമായ മാനദണ്ഡങ്ങളും വ്യവസ്ഥകളും ഉണ്ട് ക്ഷേമപെന്‍ഷന്‍ ലഭ്യമാകാന്‍.

നിയമം അനുശാസിക്കുന്ന കാലയളവില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സാക്ഷ്യപത്രങ്ങള്‍ സമര്‍പ്പിക്കണം തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാന്‍. എന്നാല്‍ സര്‍വീസ് പെന്‍ഷനോ? ഓരോ ജോലിക്കും ആവശ്യമായ യോഗ്യത നേടിയിരിക്കണം സര്‍വീസില്‍ പ്രവേശിക്കണമെങ്കില്‍. 55 വയസ് -ഇപ്പോള്‍ 56 -അഥവാ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രായപരിധിയില്‍ എത്തുമ്പോള്‍ പിരിയണം. തുടര്‍ന്ന് സര്‍വീസ് പെന്‍ഷന്‍ അനുവദിക്കും. ഡിയര്‍നസ് അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളും.

ഇരട്ടപ്പെന്‍ഷന് ആര്‍ക്കും അവകാശമില്ല. ഒരു പെന്‍ഷന്‍ വാങ്ങുന്നവര്‍ അക്കാര്യം മറച്ചുവെച്ച് മറ്റൊരു വകയിലുമുള്ള പെന്‍ഷന്‍ കൈപ്പറ്റുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇരട്ടപ്പെന്‍ഷന്‍ വാങ്ങുന്ന ചിലരുണ്ടത്രെ. സര്‍വീസ് പെന്‍ഷന്‍ വാങ്ങുമ്പോള്‍ തന്നെ ക്ഷേമപെന്‍ഷനും കൈപ്പറ്റുന്നവര്‍. ഒന്നും രണ്ടുമല്ല 1458 പേര്‍. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പരിശോധനയില്‍ കണ്ടെത്തിയത്. പ്രാഥമിക കണക്ക് എന്ന് പറയാം. അല്‍പ ശമ്പളക്കാര്‍ അല്ല ഗസറ്റഡ് റാങ്കില്‍ പെട്ട ഉദ്യോഗങ്ങളില്‍ തുടരുന്നവരും കൂട്ടത്തിലുണ്ടത്രെ. സര്‍വകലാശാല പ്രൊഫസര്‍മാര്‍, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ജുഡീഷ്യറി, സോഷ്യല്‍ ജസ്റ്റിസ്, മൃഗസംരക്ഷണം, പൊതുമരാമത്ത്, പൊലീസ് -ഇങ്ങനെ വിവിധ വകുപ്പുകളില്‍ ഉദ്യോഗസ്ഥരായിട്ടുള്ളവര്‍. ഇനംതിരിച്ചുള്ള കണക്ക് പട്ടികയിലുണ്ട്.

പെന്‍ഷന്‍ പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്റ്റ്‌വെയറിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണ സോഫറ്റ്‌വെയറായ 'സ്പാര്‍ക്കി'ലെയും വിവരങ്ങള്‍ താരതമ്യം ചെയ്തപ്പോള്‍ കണ്ടെത്തിയ വിവരം എന്നാണ് വാര്‍ത്തയില്‍ കണ്ടത്. (മാതൃഭൂമി 28.11.2024).

കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡില്‍ 42 ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 38 പേരും അനര്‍ഹര്‍. യു.ഡി.എഫ് ആണ് നഗരസഭ ഭരിക്കുന്നത്. ക്ഷേമപെന്‍ഷന്‍ വാങ്ങുന്നു, സര്‍വീസ് പെന്‍ഷനും. ഒരു വാര്‍ഡില്‍ ഇത്രയും അനര്‍ഹരോ? ഗൂഢാലോചന സംശയിക്കുന്നു. ഈ നഗരസഭയില്‍ പെന്‍ഷന്‍ വാങ്ങുന്ന എല്ലാവരുടെയും അര്‍ഹത പരിശോധിക്കാന്‍ നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടത്രെ. അവിടെ മാത്രം മതിയോ?

ഒരു എല്‍.ഡി.എഫ് നേതാവ് പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ആയിരിക്കെ വാങ്ങിയ വയോജന പെന്‍ഷന്‍ 63,600 രൂപ തിരിച്ചടച്ചു എന്നും റിപ്പോര്‍ട്ട്. ഇത് വാര്‍ത്തയാക്കിയ പത്രം കോട്ടക്കല്‍ നഗരസഭ ഭരിക്കുന്ന പാര്‍ട്ടിയുടെ പേര് പറയുന്നില്ല. ഇതാണ് നമ്മുടെ മാധ്യമ മര്യാദ.

പെന്‍ഷന്‍ ക്രമക്കേട് 2014ല്‍ തന്നെ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നിട്ടും തടയാന്‍ നടപടി ഉണ്ടായില്ല. അതുകൊണ്ടാണ് ഇപ്പോഴും തുടരുന്നത്.

അവിഹിതമായി ഇരട്ട പെന്‍ഷന്‍ കൈപ്പറ്റിയവര്‍ക്കെതിരെ കര്‍ശന നടപടി എന്ന് ധനകാര്യ മന്ത്രി ബാലഗോപാല്‍ പറയുന്നു. അധികം കൈപ്പറ്റിയ പലിശസഹിതം തിരിച്ചുപിടിക്കുമെന്ന്. ഇതാണോ നടപടി? ചെയ്ത തെറ്റിന് കടുത്ത ശിക്ഷ അത് വേണ്ടേ. അവരുടെ പേര് വിവരം വെളിപ്പെടുത്തില്ല എന്നും മന്ത്രി പറയുന്നു. 'പോക്‌സോ' ഇരയാണോ ഇവര്‍. ഉന്നത വിദ്യാഭ്യാസം നേടി ഉയര്‍ന്ന ഔദ്യോഗിക പദവികള്‍ വഹിക്കുന്നവരാണ് തെറ്റ് ചെയ്തത്. അത്തരക്കാരെ ഇനിയും ഉദ്യോഗത്തില്‍ തുടരാന്‍ അനുവദിച്ചാല്‍ അവര്‍...

ശുദ്ധീകരണം സമഗ്രമാകണം; കര്‍ശനമായ ശിക്ഷയും.

മര്യാദക്കാരായ പെന്‍ഷന്‍കാര്‍ ആവശ്യപ്പെടുന്നു, പകല്‍ കള്ളന്മാരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ എല്ലാവരും തെറ്റിദ്ധരിക്കപ്പെടും. മന്ത്രി വിവേകപൂര്‍വ്വം നടപടി തീരുമാനമെടുക്കണം. ശുദ്ധീകരണ പ്രക്രിയ വൈകാതെ ഉണ്ടാകണം. പകല്‍ക്കള്ളന്മാര്‍ക്ക് ചൂട്ട് പിടിക്കേണ്ട.

Similar News