കാസര്‍കോടിന്റെ വ്യവസായ ചിത്രം ഏറെ മാറിയിരിക്കുന്നു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം വിവിധങ്ങളായ വ്യവസായ സംരംഭങ്ങളും നിക്ഷേപങ്ങളും കാസര്‍കോടിന്റെ വികസനമുന്നേറ്റത്തില്‍ പുതിയ മുദ്രപതിപ്പിച്ചു കഴിഞ്ഞു. 2022 മുതലാണ് സംസ്ഥാനത്ത് വ്യവസായ മേഖലയുടെ ഗതി മാറുന്നത്. ഈ മാറ്റം ജില്ലയിലും പ്രതിഫലിച്ചു. വ്യവസായ രംഗത്ത് പുതിയ മാറ്റം ലക്ഷ്യം വെച്ച് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി സംഘടിപ്പിച്ചു. സംരംഭക മേഖലയിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ആശ്വാസമേകുന്ന തുടക്കമായിരുന്നു അത്.
2022-23ല്‍ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിക്ക് തുടക്കമിട്ടതോടെ നിക്ഷേപക രംഗത്ത് അനുകൂലമായ വളര്‍ച്ചയ്ക്ക് കളമൊരുങ്ങി. സംരംഭക രംഗത്തേക്ക് കടന്നുവരുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങളും സംശയങ്ങളും പരിഹരിക്കാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേളയും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. സംരംഭകര്‍ക്ക് ആവശ്യമുള്ള ലോണ്‍ ലഭ്യമാക്കാനും ലൈസന്‍സ് നേരിട്ടെടുക്കാനും സബ്‌സിഡി അപേക്ഷകള്‍ സ്വീകരിക്കാനുമുള്ള സൗകര്യം മേളയില്‍ ഒരുക്കി. മികച്ച സംരംഭക ആശയമുള്ളവര്‍ക്കും സംരംഭങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ തീര്‍പ്പാക്കാനും എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് എക്‌സിക്യൂട്ടീവിനെ (ഇ.ഡി.ഇ) തദ്ദേശതലങ്ങളില്‍ നിയമിച്ചു. സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്കുള്ള പിന്തുണ ഇ.ഡി.ഇ വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ഓരോ സംരംഭകരെയും വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നാലായിരത്തിലധികം സംരംഭങ്ങള്‍ നിലവില്‍ വന്നു.
പ്രധാനമായും ഭക്ഷ്യ സംസ്‌കരണ മേഖലയിലാണ് ഭൂരിഭാഗം സംരംഭങ്ങളും ആരംഭിച്ചത്. വസ്ത്ര നിര്‍മ്മാണം, എംബ്രോയ്ഡറി വര്‍ക്കുകള്‍, വിവിധതരത്തിലുള്ള കരകൗശല എഞ്ചിനീയറിംഗ് ഉല്‍പന്നങ്ങള്‍, മരാധിഷ്ഠിത ഉല്‍പന്നങ്ങള്‍, ഐ.ടി സര്‍വീസ്, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങി ഉല്‍പാദന സേവന വ്യാപാര മേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിച്ചു. വിവിധ പ്രചാരണ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പുറമെ സംരംഭകര്‍ക്ക് കുറഞ്ഞ പലിശയില്‍ ബാങ്ക് വായ്പ ലഭിക്കുന്ന പുതിയ ധനസഹായ സ്‌കീമുകളും വ്യവസായ വാണിജ്യ വകുപ്പ് ആരംഭിച്ചു. നാല് കോടിയോളം രൂപയാണ് ജില്ലയില്‍ വിവിധ സംരംഭങ്ങള്‍ക്കായി 2022-23 സാമ്പത്തിക വര്‍ഷം ധനസഹായമായി വിതരണം ചെയ്തത്.
298.62 കോടിയുടെ നിക്ഷേപവും 9403 തൊഴിലവസരങ്ങളുമായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധ മേഖലകളിലായി 4745 സംരംഭങ്ങള്‍ക്ക് 2022-23 വര്‍ഷം ജില്ലയില്‍ തുടക്കമിട്ടു. 13 തദ്ദേശ സ്ഥാപനങ്ങള്‍ നൂറ് ശതമാനം ലക്ഷ്യം കൈവരിച്ചു. ചെമ്മനാട്, കിനാനൂര്‍-കരിന്തളം, കയ്യൂര്‍-ചീമേനി, അജാനൂര്‍, ചെങ്കള, കാറഡുക്ക, ബളാല്‍, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, വലിയപറമ്പ, പിലിക്കോട് പഞ്ചായത്തുകളും കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭകളുമാണ് നൂറ് ശതമാനം ലക്ഷ്യം കൈവരിച്ചത്. ചെമ്മനാട് പഞ്ചായത്തില്‍ 258 സംരംഭങ്ങള്‍ ആരംഭിച്ചു. 9.06 കോടിയുടെ നിക്ഷേപവും 457 തൊഴിലവസരവും പഞ്ചായത്തിലുണ്ടായി. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ 128 സംരംഭങ്ങളിലൂടെ 4.65 കോടി രൂപയുടെ നിക്ഷേപവും 235 തൊഴിലവസരവും സൃഷ്ടിച്ചു. 322 സംരംഭക ലക്ഷ്യമുണ്ടായിരുന്ന കാഞ്ഞങ്ങാട് നഗരസഭയില്‍ 22.19 കോടി രൂപയുടെ നിക്ഷേപത്തോടെ 337 സംരംഭങ്ങളാണ് ആരംഭിച്ചത്. 719 പേര്‍ക്ക് തൊഴിലും ലഭിച്ചു. 106 സംരംഭങ്ങള്‍ ലക്ഷ്യംവെച്ച കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ 107 സംരംഭങ്ങള്‍ക്കാണ് തുടക്കമിട്ടത്. 219 പുതിയ തൊഴിലുകളും സമാന്തരമായി സൃഷ്ടിച്ചു. തദ്ദേശ സ്ഥാപനങ്ങളും സംരംഭങ്ങളുടെ എണ്ണവും ഇങ്ങനെ. അജാനൂര്‍ -224, ചെങ്കള- 258, കാറഡുക്ക- 96, ബളാല്‍- 107, ചെറുവത്തൂര്‍- 124, വലിയപറമ്പ- 58, പിലിക്കോട്- 113, കാസര്‍കോട് നഗരസഭ- 122. ജില്ലയിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെല്ലാം അമ്പത് ശതമാനത്തിന് മുകളില്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചിരുന്നു.
ആദ്യ വര്‍ഷത്തെ സംരംഭക വര്‍ഷം പദ്ധതി വിജയം കണ്ടതോടെ സംരംഭക വര്‍ഷം 2.0 പദ്ധതിയും 2023-24 വര്‍ഷത്തില്‍ ആരംഭിച്ചു. 2023-24 വര്‍ഷത്തില്‍ നിക്ഷേപത്തിന്റെ കണക്കില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തായിരുന്നു ജില്ല. അത്രവരെ ലൈസന്‍സ് നേടുക എന്നത് വലിയ കടമ്പയായി കണ്ട നിക്ഷേപകര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. സംരംഭക വര്‍ഷം പദ്ധതിയിലൂടെ 2022-23 വര്‍ഷത്തില്‍ 298 കോടി രൂപയുടെയും 2023-24 വര്‍ഷത്തില്‍ 420 കോടി രൂപയുടെയും 2024ല്‍ ഇതുവരെ 120 കോടി രൂപയുടെയും ഉള്‍പ്പെടെ 838 കോടി രൂപയുടെ നിക്ഷേപം ജില്ലയില്‍ ഇതുവരെയുണ്ടായി.
നിലവിലുള്ള വ്യവസായ കേന്ദ്രങ്ങളെ സംരക്ഷിക്കാനും നിക്ഷേപകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള വിദഗ്ധരുടെ അഭിപ്രായവും ലഭ്യമാക്കുന്ന എം.എസ്.എം.ഇ (മൈക്രോ സ്മോള്‍ മീഡിയം എന്റര്‍പ്രൈസസ്) ക്ലിനിക്കുകള്‍ ആരംഭിച്ചു. നിലവിലുള്ള സംരംഭങ്ങളെ 100 കോടി ലാഭത്തിലാക്കാന്‍ മിഷന്‍ 1000 പദ്ധതി, സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ മെയ്ക്ക് ഇന്‍ കേരള ആന്റ് കേരള ബ്രാന്‍ഡ് പദ്ധതി തുടങ്ങിയ അനുബന്ധ പദ്ധതികള്‍ ഇക്കാലയളവില്‍ നടപ്പാക്കിയത് സംരംഭകര്‍ക്ക് ഏറെ ആശ്വാസമായി. താലൂക്ക് വ്യവസായ കേന്ദ്രങ്ങളില്‍ തുടക്കമിട്ട ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
സംരംഭങ്ങള്‍ തുടങ്ങാനുള്ള ഭൗതിക സാഹചര്യം ഒരുക്കുന്നതിലും ജില്ല അതിവേഗം മുന്നോട്ടുപോയി. കാസര്‍കോട് അനന്തപുരം വ്യവസായ എസ്റ്റേറ്റ് വ്യവസായ വികസനത്തിന്റെ കേന്ദ്രമായി മാറിക്കഴിഞ്ഞു. അനന്തപുരത്തെ രണ്ട് വ്യവസായ എസ്റ്റേറ്റുകളിലായി 137 സംരംഭങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 104 ഏക്കറില്‍ 92 ഉം 108 ഏക്കറില്‍ 45ഉം സംരംഭങ്ങള്‍. 800 കോടിയോളം രൂപയുടെ നിക്ഷേപം. വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളിലെ തറ, ശൗചാലയ വാതില്‍, ബെര്‍ത്ത് എന്നിവയുടെ നിര്‍മ്മാണവും ഇനി അനന്തപുരത്ത് നിന്നാവും. പഞ്ചാബ് ആസ്ഥാനമായ കമ്പനി പ്ലാന്റ് തുടങ്ങാന്‍ വ്യവസായ വകുപ്പുമായി ധാരണാപത്രം ഒപ്പിട്ടത് കഴിഞ്ഞ മാസമാണ്.
ചട്ടഞ്ചാല്‍ വ്യവസായ എസ്റ്റേറ്റില്‍ 27 ഏക്കറില്‍ 32 സംരംഭങ്ങളും ആരംഭിച്ചു. മടിക്കൈ എസ്റ്റേറ്റില്‍ അമ്പതിലധികം വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെങ്കിലും അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാവാത്തതിനാല്‍ പാതിവഴിയിലാണ്. ജില്ലയില്‍ അഞ്ച് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കുള്ള അപേക്ഷ ലഭിച്ചു. ഒന്നിന് അനുമതി ലഭിച്ചു.
ഈ കഴിഞ്ഞ ഒക്ടോബര്‍ 29ന് അനന്തപുരം വ്യവസായ എസ്റ്റേറ്റില്‍ ഏഴ് വ്യവസായ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും ആറെണ്ണത്തിന്റെ ശിലാസ്ഥാപനവും മന്ത്രി പി. രാജീവ് നിര്‍വഹിച്ചിരുന്നു. കാസര്‍കോട് ജില്ല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ജില്ല വ്യവസായത്തിന്റെ കേന്ദ്രമായി മാറുകയാണെന്നുമായിരുന്നു മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്.
സംരംഭകരെ ജില്ലയിലേക്ക് ആകര്‍ഷിക്കുന്നതിനായി റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമം സംഘടിപ്പിച്ചു. 2023ല്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ 282 കോടിയുടെ നിക്ഷേപം ഉറപ്പാക്കാനായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരംഭകരും ജില്ലയില്‍ നിക്ഷേപിക്കാന്‍ സന്നദ്ധത അറിയിച്ചുവെന്നതായിരുന്നു സംഗമത്തിന്റെ പ്രത്യേകത.
കാസര്‍കോട് വ്യവസായ ഹബ്ബായി മാറും
സര്‍ക്കാര്‍ ഭൂമിയുടെ ലഭ്യതയാണ് ജില്ലയുടെ വ്യവസായ നിക്ഷേപത്തിന്റെ അനുകൂല ഘടകം. ഒപ്പം തന്നെ ചെലവ് കുറഞ്ഞ അസംസ്‌കൃത വസ്തുക്കള്‍ മാനവവിഭവശേഷി എന്നിവ അതിന് മാറ്റ് കൂട്ടുന്നു. ജില്ലയുടെ നിക്ഷേപ സാധ്യത മനസിലാക്കി മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും സംരംഭകര്‍ എത്തുന്നുണ്ട്. നമ്മുടെ സാധ്യതകള്‍ കൃത്യമായി മനസിലാക്കി മുന്നോട്ട് പോയികഴിഞ്ഞാല്‍ വരും വര്‍ഷങ്ങളില്‍ കാസര്‍കോട് കേരളത്തിലെ അടുത്ത വ്യവസായ ഹബ്ബായി മാറുമെന്നതില്‍ സംശയം ഏതുമില്ല. സര്‍ക്കാര്‍ മേഖലയിലുള്ള വ്യവസായ എസ്റ്റേറ്റ് ഭൂമി പൂര്‍ണമായും സംരംഭകര്‍ക്ക് കൈമാറാനായി. അനന്തപുരം ചട്ടഞ്ചാല്‍ മടിക്കൈ എസ്റ്റേറ്റുകള്‍ ജില്ലയുടെ സംരംഭക മേഖലയിലെ പ്രധാന നിക്ഷേപ കേന്ദ്രമാണ്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലാത്ത സീതാംഗോളി കിന്‍ഫ്ര വ്യവസായ പാര്‍ക്ക്, സിഡ്കോ പാര്‍ക്ക് എന്നിവയും സംരംഭക മേഖലയിലെ സാന്നിധ്യമാണ്. സര്‍ക്കാര്‍ വ്യവസായ എസ്റ്റേറ്റുകള്‍ക്ക് പുറമെ സര്‍ക്കാറിന്റെ പുതിയ പദ്ധതിയായ സ്വകാര്യ വ്യവസായ പാര്‍ക്കിനായും ധാരാളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ ഒരു സ്വകാര്യ വ്യവസായ പാര്‍ക്കിന് അനുമതി ലഭിച്ചിട്ടുണ്ട്. നാലോളം അപേക്ഷകള്‍ പരിഗണനയിലാണ്. അതേപോലെ ക്യാമ്പസിനോട് ചേര്‍ന്നുള്ള ക്യാമ്പസ് വ്യവസായ പാര്‍ക്കിനും ജില്ലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വലിയ തോതില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.