എന്തിനും സോറി!

Update: 2025-06-24 10:48 GMT
നിത്യജീവിതത്തിലെ വ്യവഹാരങ്ങള്‍ക്കിടയില്‍ ഒരുപക്ഷേ നാം ഉച്ചരിക്കുന്ന വാക്കും ഇതുതന്നെയാണ്. നമ്മുടെ സാമൂഹികമായ ഇടപെടലുകളുടെ ഒരു അനുപേക്ഷണീയമായ ഘടകമാകുന്നു 'സോറി' എന്നര്‍ത്ഥം. നിത്യജീവിതത്തില്‍ നിരന്തരം നാം അണിയുന്ന മുഖംമൂടിയുടെ അല്ലെങ്കില്‍ ആധുനിക ജീവിതശൈലിയുടെ ഭാഗമായി തീര്‍ന്നിട്ടുള്ള ആത്മവഞ്ചനയുടെ ഒരു പ്രതീകമാണ് യാതൊരു അര്‍ത്ഥവുമില്ലാത്ത ഒരു ചെണ്ടയോ മദ്ദളമോ പോലെ പൊള്ളയായ 'സോറി' എന്ന പദം.

നമുക്ക് ഏവര്‍ക്കും സുപരിചിതമായ 'സോറി' എന്ന കൊച്ചുവാക്കിനെ കുറിച്ച് നാം എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു ദിവസം എത്ര പ്രാവശ്യം ഈ വാക്ക് ഉച്ചരിച്ചിട്ടുണ്ട് എന്ന് കണക്കുകൂട്ടിയിട്ടും ഉണ്ടാകില്ല. ഉച്ചരിക്കുന്നത് പലപ്പോഴും ബോധപൂര്‍വ്വം അല്ലാത്തത് കൊണ്ടാണിത്. ഒന്ന് തുമ്മുന്നതുപോലെ അല്ലെങ്കില്‍ ഒരു ഏമ്പക്കം വിടുന്നത് പോലെ യാന്ത്രികമായി മനപ്പൂര്‍വമല്ലാതെയാണ് നാം ഈ പദത്തെ എടുത്ത് ഉപയോഗിക്കുന്നത്.

നിത്യജീവിതത്തിലെ വ്യവഹാരങ്ങള്‍ക്കിടയില്‍ ഒരുപക്ഷേ നാം ഉച്ചരിക്കുന്ന വാക്കും ഇതുതന്നെയാണ്. നമ്മുടെ സാമൂഹികമായ ഇടപെടലുകളുടെ ഒരു അനുപേക്ഷണീയമായ ഘടകമാകുന്നു 'സോറി' എന്നര്‍ത്ഥം. ദിവസവും നാം ഇത്രയേറെ ആവര്‍ത്തിക്കുന്ന ഈ വാക്കിന് സത്യത്തില്‍ നാം എന്തെങ്കിലും അര്‍ത്ഥം കല്‍പ്പിക്കുന്നുണ്ടോ? ആരോടെങ്കിലും 'സോറി' എന്ന് പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം നാം ഓര്‍ക്കാറുണ്ടോ? നിത്യജീവിതത്തില്‍ നിരന്തരം നാം അണിയുന്ന മുഖംമൂടിയുടെ അല്ലെങ്കില്‍ ആധുനിക ജീവിതശൈലിയുടെ ഭാഗമായി തീര്‍ന്നിട്ടുള്ള ആത്മവഞ്ചനയുടെ ഒരു പ്രതീകമാണ് യാതൊരു അര്‍ത്ഥവുമില്ലാത്ത ഒരു ചെണ്ടയോ മദ്ദളമോ പോലെ പൊള്ളയായ 'സോറി' എന്ന പദം. നാം അറിഞ്ഞോ അറിയാതെയോ നാം ഉപദ്രവിച്ച വ്യക്തി പ്രയോഗിക്കാവുന്ന പ്രത്യാക്രമണത്തിനെതിരെയുള്ള ദുര്‍ബലമായ ഒരു മുന്‍കൂര്‍ ജാമ്യമായി മാത്രമേ ഈ 'സോറി'യെ കാണാന്‍ കഴിയൂ.

ആള്‍ത്തിരക്ക് കാരണം ഇടംവലം തിരിയാന്‍ വയ്യാത്ത ഒരു ബസില്‍ നാം ശ്വാസംമുട്ടിനില്‍ക്കുന്നു! 'ടിക്കറ്റ് എടുത്തോ ഹേ' എന്ന് കണ്ടക്ടര്‍ ചോദിക്കുന്നു. അയാളുടെ കോപാഗ്‌നിയില്‍ ദഹിക്കുന്നതിന് മുമ്പ് പേഴ്‌സ് എടുക്കാന്‍ ശ്രമിക്കവേ തൊട്ടടുത്ത് നില്‍ക്കുന്ന സ്ത്രീയുടെ താഴെ വെച്ചിരിക്കുന്ന വട്ടിയില്‍ ചവിട്ടിപ്പോകുന്നു. ചന്തയില്‍ നിന്നും വാങ്ങിയ പച്ചക്കറി സാധനങ്ങളാണ് വട്ടിയില്‍ നിറയെ. 'അയ്യോ എന്റെ തൃക്കണ്ണാലപ്പാ, ഈ മഹാപാപി എന്റെ പച്ചക്കറികള്‍ എല്ലാം ചവിട്ടിയരച്ചു. ഞാനിനി എന്ത് ചെയ്യും? നൂറുരൂപ കൊടുത്തുവാങ്ങിയതാണ്' എന്ന് വലിയ വായില്‍ കരഞ്ഞുകൊണ്ട് നഷ്ടത്തിന്റെ പട്ടിക നിരത്തുകയാണ്... സഹയാത്രികരെല്ലാം സ്ത്രീപക്ഷക്കാരായി മാറുന്നു. നടപ്പുശൈലിയില്‍ 'മിസ്റ്റേക്ക്' എന്റെ ഭാഗത്ത് തന്നെ എന്നവര്‍ നിര്‍ദ്ദാക്ഷിണ്യം വിലയിരുത്തുന്നു. പതിവുപോലെ പ്രയോഗിക്കാന്‍ തുടങ്ങിയ 'സോറി' നമ്മുടെ തൊണ്ടയില്‍ തന്നെ തങ്ങും. സ്‌ഫോടകമായ സാഹചര്യത്തില്‍ 'സോറി' പറഞ്ഞാല്‍ ആ നിമിഷം സ്ത്രീ രക്തദാഹിയായി മാറും. സഹയാത്രികര്‍ നമ്മെ കൈയേറ്റം ചെയ്‌തെന്നും വരാം.

'സോറി' ഒരര്‍ത്ഥവുമില്ലാത്ത പൊള്ളയായ വാക്കാണെന്ന് നമുക്ക് ബോധ്യംവരുന്ന സന്ദര്‍ഭങ്ങള്‍ വേറെയുമുണ്ട്. കുടുംബസമേതം മൂന്നുനാല് ദിവസത്തേക്ക് നാം ഒരു ദൂരയാത്ര പോകാന്‍ തീരുമാനിക്കുന്നു. നമ്മുടെ കോളനിയില്‍ നിത്യവും നടക്കുന്ന ഭവന ഭേദനങ്ങളും മറ്റും ഓര്‍ത്ത് നമുക്ക് ഉറക്കമില്ലാതെ ആകുന്നു. നാം വീട്ടില്‍ ഇല്ലാത്ത ദിവസങ്ങളില്‍ സ്ഥലം പൊലീസിന്റെ നിരീക്ഷണം ഉണ്ടാകണമെന്ന് കാണിച്ച് ഹര്‍ജി തയ്യാറാക്കി പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലുന്നു. ഭയത്തോടെ അവിടെ കയറുന്ന നമ്മെ സ്വാഗതം ചെയ്യുന്നത് 'ഏയ് നില്‍ക്കവിടെ' എന്ന പരുക്കന്‍ ഉത്തരവായിരിക്കും. അത് കേള്‍ക്കുന്നതോടെ നമ്മുടെ സപ്ത നാഡികളും തളരും. രണ്ടും കല്‍പ്പിച്ച് ധൈര്യം സംഭരിച്ച് ചുരുങ്ങിയ വാക്കുകളില്‍ ഉദ്ദേശം വെളിപ്പെടുത്തുന്നു. 'അയ്യോ സാറാണോ, സോറി ആളെ മനസിലായില്ല. പെറ്റീഷന്‍ ഇങ്ങ് തന്നേക്കൂ' എന്ന പ്രതികരണം കേട്ട് ശ്വാസം നേരെവീഴുന്നു. പുലിമടയില്‍ നിന്ന് രക്ഷപ്പെട്ടുപോകുന്ന ആശ്വാസത്തോടെ മടങ്ങുന്നതിനിടയില്‍ ആ സോറിയുടെ പരിഹാസ്യമായ നിരര്‍ത്ഥകതയെ പറ്റി നാം ചിന്തിച്ചുപോകും. 'ഛീ, ആരെടാ നേരം വെളുത്തപ്പോള്‍ വലിഞ്ഞുകേറി വന്നിരിക്കുന്നത്...' എന്ന് ആക്രോശിച്ചുകൊണ്ട് കുപ്രസിദ്ധമായ ഒരു നടയടി തരികയും തുടര്‍ന്ന് 'ഓ... സാറോണോ, സോറി ആളെ മനസിലായില്ല' എന്നൊരു ചട്ടപ്പടിയുള്ള ക്ഷമാപണവും ഉണ്ടാകാമായിരുന്നു എന്നോര്‍ത്ത് നാം നടന്നകലും. അവിടെയും ഒരു കൊച്ചു കാശിന്റെ വിലപോലുമില്ലാത്ത 'സോറി'.

സോറി= ചെയ്തുപോയ എന്തിനെയെങ്കിലും പറ്റി തോന്നുന്ന ദുഃഖവും ലജ്ജയും.

Similar News