പ്രൊഫ. ടി.സി. മാധവ പണിക്കര്‍ എല്ലാവര്‍ക്കും വഴികാട്ടി

Update: 2024-12-20 10:54 GMT

ഭൗമശാസ്ത്ര പണിക്കര്‍ എന്ന പേര് അതിശയോക്തി അല്ല. ഈ മേഖലയില്‍ എല്ലാവര്‍ക്കും വഴികാട്ടി ആയിരുന്നു പ്രൊഫ. ടി.സി മാധവ പണിക്കര്‍. ശേഷാദ്രി സാറും പണിക്കര്‍ സാറും ഒരേ തൂവല്‍ പക്ഷികളായിരുന്നു. കാസര്‍കോട് ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ വന്ന് ഇവിടത്തുകാരായി മാറിയ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍. ലോകമെമ്പാടും പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന ശിഷ്യ സമ്പത്തിന്റെ ഉടമകളായിരുന്നു രണ്ടുപേരും. ആദര്‍ശവാദികളായ ഇവര്‍ കര്‍ക്കശ സ്വഭാവക്കാരും അച്ചടക്കത്തില്‍ ഏറെ ശ്രദ്ധ ചെലുത്തിയവരുമായിരുന്നു.

പ്രൊഫ. ടി.സി മാധവ പണിക്കര്‍ ചെറുപ്പത്തില്‍ തന്നെ കോളേജിന്റെ നായകത്വം ഏറ്റെടുക്കുകയായിരുന്നു. ദീര്‍ഘകാലം അഞ്ചുവര്‍ഷത്തോളം റെഗുലര്‍ പ്രിന്‍സിപ്പാള്‍ ആയിരുന്നു. വിദ്യാര്‍ത്ഥി സംഘട്ടനം മൂലം പലപ്പോഴും കലുഷിതമായ അന്തരീക്ഷം അദ്ദേഹത്തിന്റെ മുഖം നോക്കാതെയുള്ള സമീപനം മൂലം നേരെയാക്കാനായി. പക്ഷെ പ്രീഡിഗ്രി ബോര്‍ഡ് സമരവും തുടര്‍ന്നുണ്ടായ പൊലീസ് നടപടികളും അദ്ദേഹത്തെ വേദനിപ്പിച്ചു. വിദ്യാര്‍ത്ഥി സംഘട്ടനം ഉണ്ടായപ്പോള്‍ മുഖം നോക്കാതെ രണ്ട് പക്ഷത്തുള്ളവരെയും കോളേജില്‍ നിന്ന് പുറത്താക്കി. മുകളില്‍ നിന്നുള്ള ഇടപെടല്‍ മൂലം പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന ഘട്ടം വന്നപ്പോള്‍ അവരെ തിരിച്ചെടുത്ത് വളരെ ഖിന്നനായി ലീവില്‍ കസേര വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു. ഒരു യാത്രാമൊഴിയും ഉണ്ടായില്ല. പിന്നീട് പ്രൊമോഷന്‍ ലഭിച്ച് കോഴിക്കോട് ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി നിയമിതനായി. 1991ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു.

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ശിഷ്യരുടെ സ്‌നേഹ സമ്മാനമായി എന്‍ഡോവ്‌മെന്റ് ലഭിച്ചു. അദ്ദേഹത്തിന്റെ സേവനം വേണ്ടത്ര അംഗീകരിക്കപ്പെട്ടില്ല എന്ന തോന്നല്‍ ശിഷ്യന്മാര്‍ക്കുണ്ടായി.

കോളേജിലെ ബി.എസ്.സി, എം.എസ്.സി കോഴ്‌സുകള്‍ നല്ല സൗകര്യമൊരുക്കി സജ്ജമാക്കിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മറക്കാനാവുന്നതല്ല. ഭൗമശാസ്ത്ര മേഖലയില്‍ വഴികാട്ടിയായി നിലനിന്ന പ്രൊഫ. ടി.സി മാധവ പണിക്കരുടെ പേരില്‍ ഒരു എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്താന്‍ ശിഷ്യന്മാര്‍ തീരുമാനിച്ചു. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം 1991ല്‍ അന്നത്തെ പി.ഡബ്ല്യു.ഡി മന്ത്രി സി.ടി അഹമ്മദലി നിര്‍വഹിച്ചു. പല സമയങ്ങളിലായി ഇതിനെത്തിച്ചേര്‍ന്നത് അദ്ദേഹത്തിന്റെ ശിഷ്യന്മാരായ മുന്‍ ചീഫ് സെക്രട്ടറി വിജയനുണ്ണി നമ്പ്യാര്‍, പ്രൊഫ ജി. ഗോപാലകൃഷ്ണന്‍, പി.വി. സുകുമാരന്‍, പി. ബാലകൃഷ്ണന്‍, ഡോ. കെ.കെ. രാമചന്ദ്രന്‍, പ്രൊഫ. മോഹന്‍കുമാര്‍ തുടങ്ങിയവരാണ്. എല്ലാ വര്‍ഷവും കണ്ണൂര്‍ സര്‍വകലാശാല ബി.എസ്.സി. ജിയോളജി എം.എസ്.സി. ജിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് വാങ്ങുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും എന്‍ഡോവ്‌മെന്റ് പ്രഭാഷണവും നടത്തിവരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള സ്മരണ എന്നെന്നേക്കുമായി നിലനിര്‍ത്താന്‍ നൂതന ആശയങ്ങളുമായി ജിയോളജി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന മുന്നോട്ട് വരുന്നു.

റിട്ടയര്‍ ചെയ്തതിന് ശേഷം തികഞ്ഞ സമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു പ്രൊഫ. ടി.സി മാധവ പണിക്കര്‍. പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് സാധാരണക്കാര്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പല പൊതുപരിപാടികളിലും നല്ല മോഡറേറ്റര്‍ ആയിരുന്നു. ലോക്‌സഭ-നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കാസര്‍കോട്ടെ നീറുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സ്ഥാനാര്‍ത്ഥികളോട് സംവദിച്ചിരുന്നു.

എല്ലാ രാഷ്ട്രീയ കക്ഷികളോടും സമഭാവനയോടെ പെരുമാറിയ അദ്ദേഹത്തെ പലതവണ സ്വതന്ത്രനായി തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഇടത്-വലത്-ബി.ജെ.പി. കക്ഷികള്‍ ശ്രമിച്ചിരുന്നു. ഇതുതന്നെ അദ്ദേഹം സര്‍വ്വസമ്മതനായിരുന്നു എന്ന അംഗീകാരം എത്രമാത്രം വലുതാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ബാവിക്കര തടയണ

മാറിമാറി വന്ന സര്‍ക്കാറുകളുടെ കാലത്ത് കാസര്‍കോട് ജനത ഉപ്പുവെള്ളം കുടിക്കേണ്ടി വന്നപ്പോള്‍ അദ്ദേഹം നേതൃത്വം വഹിച്ച കാസര്‍കോട് പീപ്പിള്‍സ് ഫോറത്തിന്റെ ശബ്ദം തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ വരെ എത്തിച്ച പ്രൊഫ. ടി.സി മാധവ പണിക്കര്‍ ഇന്ന് ആത്മസംതൃപ്തി അനുഭവിക്കുന്നുണ്ടാവും; ശുദ്ധമായ ജലമാണ് കാസര്‍കോട്ടുകാര്‍ക്ക് ലഭിക്കുന്നതെന്നതില്‍. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പ്രായാധിക്യം അദ്ദേഹത്തിന് പ്രശ്‌നം ആയിരുന്നില്ല.

വേണം കാസര്‍കോടിന് എയിംസ്

കാസര്‍കോട് പീപ്പിള്‍സ് ഫോറത്തിന്റെ ഐക്കണ്‍ ആണ് പ്രൊഫ. ടി.സി മാധവ പണിക്കര്‍ എന്ന് പറയാം. ആതുര ശുശ്രൂഷ രംഗത്ത് ഏറെ അവഗണന നേരിടുന്ന കാസര്‍കോടിന് അര്‍ഹതപ്പെട്ടതാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എയിംസ്. അത് ഇവിടെ വരാന്‍ വേണ്ടി ശക്തമായി നിലകൊള്ളുകയും ശബ്ദിക്കുകയും ചെയ്തവരില്‍ മുന്നില്‍ പണിക്കര്‍ സാറായിരുന്നു. എയിംസ് അല്ലെങ്കില്‍ കേന്ദ്ര സര്‍വകലാശാലയുടെ കീഴില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി ആയാലും മതിയായിരുന്നു. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് എല്ലാറ്റിനും ഉടക്ക് വെച്ച് ഏറെ സൗകര്യങ്ങള്‍ ഉള്ള മറ്റു സ്ഥലത്തേക്ക് എയിംസ് പ്രൊപ്പോസ് ചെയ്യുന്നത് കാസര്‍കോട്ടും വേരോട്ടമുള്ള പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ തന്നെയാണ്. പണിക്കര്‍ സാറിന്റെ സ്വപ്‌നം അദ്ദേഹത്തിന്റെ ജീവിതകാലത്ത് സംഭവിച്ചില്ല. ജില്ലയിലെ എം.എല്‍.എമാര്‍, എം.പി തുടങ്ങി മുഖ്യമന്ത്രി, മറ്റു കേന്ദ്ര-സംസ്ഥാന മന്ത്രിമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.

കാസര്‍കോട്ടെ സാമൂഹ്യ-കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ-പരിസ്ഥിതി മേഖലയിലെ നിറസാന്നിധ്യമായിരുന്നു പ്രൊഫ. ടി.സി മാധവ പണിക്കര്‍. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം കത്തിനിന്ന കാലത്ത് നിരവധി സമരപോരാട്ടങ്ങളില്‍ നേതൃത്വം വഹിച്ച പണിക്കര്‍ സര്‍ ശ്രീപഡ്രെ, ഡോ. വൈ.എസ്. മോഹന്‍കുമാര്‍, കജംപാടി, പുഞ്ചിരി, എന്‍ഡോസള്‍ഫാന്‍ സമര സമിതി, ജനകീയ മുന്നണി തുടങ്ങിയവരുമായി ചേര്‍ന്ന് നിരവധി പോരാട്ടങ്ങള്‍ നടത്തി. സാമ്പത്തികമായ സഹായങ്ങളും അകമഴിഞ്ഞ് നല്‍കി. നദീസംരക്ഷണ റാലി, പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനം, ജല സംരക്ഷണ പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. കാസര്‍കോട്ടെ കണ്ടല്‍ വനവല്‍ക്കരണ പരിപാടി ആദ്യമായി സംഘടിപ്പിച്ചത് പള്ളം പ്രദേശത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. കാസര്‍കോട്ടെ പുഷ്-ഫല പ്രദര്‍ശനങ്ങളും അഗ്രിഹോര്‍ട്ടി സൊസൈറ്റിയുടെ അഭിമുഖ്യത്തില്‍ നടത്തി. പുഴയോര ക്യാമ്പുകളും സമുദ്രതീരപഠനവും കുട്ടികള്‍ക്കുവേണ്ടി നടത്താനായി. കുമ്പള, ആരിക്കാടി, മൊഗ്രാല്‍, പള്ളം മേഖലകളില്‍ വനം വകുപ്പ് ഗവ. കോളേജ് ജിയോളജി എന്‍.എസ്.എസ് വിഭാഗവുമായി ചേര്‍ന്ന് നടത്തിയ കണ്ടല്‍ വനവല്‍ക്കരണം ഏറെ ശ്രദ്ധ നേടിയിരുന്നു. കല്ലേന്‍ പൊക്കുടനെ ആദ്യമായി ആദരിച്ചത് കാസര്‍കോട് ഗവ. കോളേജില്‍ വെച്ച് പ്രൊഫ. ടി.സി മാധവ പണിക്കരുടെ സാന്നിധ്യത്തിലായിരുന്നു. ഇതൊന്നുമല്ല, ഇതിലും വലിയ പ്രവര്‍ത്തനം പണിക്കര്‍ സാറിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഈ വര്‍ഷത്തെ ആറാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ സീനിയര്‍ പത്രപ്രവര്‍ത്തകന്‍ ശശിധരന്‍ മങ്കത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു.

ഡിസംബര്‍ 21ന് ഉച്ചകഴിഞ്ഞ് 2.30ന് കാസര്‍കോട് ഗവ. കോളേജില്‍. പ്രിന്‍സിപ്പാള്‍ ഡോ. വി.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.



കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോട് പീപ്പിള്‍സ്‌ഫോറം സംഘടിപ്പിച്ച ഇ.എന്‍.വി.ഐ.എസ്. പരിശീലന പരിപാടിയില്‍



 



1991ലെ പ്രൊഫ. ടി.സി. മാധവപ്പണിക്കര്‍ എന്‍ഡോവ്‌മെന്റ് വിതരണത്തിന്റെ ഉദ്ഘാടന പരിപാടിക്കായി എത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി സി.ടി. അഹമ്മദ് അലിയെ പ്രിന്‍സിപ്പാള്‍ പ്രൊഫ. പി. ബാലകൃഷ്ണന്‍ നായര്‍ സ്വീകരിക്കുന്നു


കാസര്‍കോട് പീപ്പിള്‍സ് ഫോറം കുടുംബ സംഗമത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാടിനൊപ്പം

 



 


Similar News