അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണം

By :  Sub Editor
Update: 2025-09-15 09:55 GMT

കേരളത്തില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം കൂടുന്നത് തികച്ചും ആശങ്കാജനകം തന്നെയാണ്. ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത് 16 മരണമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ക്കാണ് ഈ രോഗം പിടികൂടുന്നത്. കേരളത്തില്‍ ശുചീകരിക്കാത്ത നിരവധി ജലാശയങ്ങളുണ്ട്. ഇത്തരം ജലാശയങ്ങളില്‍ കുളിക്കുന്നവര്‍ രോഗബാധിതരായി മാറുന്നു. മരരണസംഖ്യ കൂടുമ്പോഴും അധികാരികളും ജനപ്രതിനിധികളും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല.

സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. രാമനാട്ടുകര സ്വദേശിയായ 30 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയാണ് രോഗം സ്ഥരീകരിച്ച മറ്റൊരാള്‍. മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഒമ്പത് പേരില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. ജലത്തില്‍ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോള്‍ ഈ അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല.

പനി, തീവ്രമായ തലവേദന, ഛര്‍ദ്ദി, ഓക്കാനം, കഴുത്തു വേദന, വെളിച്ചത്തിലേയ്ക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പൊതുവേ കാണുന്ന ലക്ഷണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മ്മക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ തേടണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കണം. വെള്ളത്തില്‍ കുളിക്കുമ്പോള്‍ മൂക്കിലൂടെ വെള്ളം കയറാതെ ശ്രദ്ധിക്കണം. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കരുത്.

രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക. പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ രോഗബാധ തടയാന്‍ സാധിക്കും.

Similar News