കൊപ്പല്‍ അബ്ദുല്ല വിട പറഞ്ഞിട്ട് എട്ടാണ്ട് പിന്നിടുമ്പോള്‍...

Update: 2024-11-22 10:05 GMT

ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണമെന്ന് സമൂഹത്തില്‍ തെളിയിച്ച നന്മയുടെ, സ്‌നേഹത്തിന്റെ നിറകുടമായിരുന്നു കൊപ്പല്‍ അബ്ദുല്ല. 2024 നവംബര്‍ 23 കടന്നുവരുമ്പോള്‍ ഈ ശൂന്യതയ്ക്ക് എട്ട് വര്‍ഷം പിന്നിടുകയാണ്. എന്നും കാലൊച്ച നിലക്കാത്ത ഫിര്‍ദൗസ് റോഡിലെ സഅദിയ ലോഡ്ജിന് താഴെയുള്ള കൊപ്പല്‍ എക്‌സ്പ്രസ് എന്ന സ്ഥാപനം ഇന്നവിടെയില്ല. സമൂഹത്തിലെ ധനികനും ദരിദ്രനും വലിയനും ചെറിയവനും രാഷ്ട്രീയക്കാരനും അരാഷ്ട്രീയക്കാരനുമെല്ലാം അദ്ദേഹത്തിന്റെ ആ ചെറിയ ഓഫീസില്‍ ഒരു കാലത്ത് എത്തിയിരുന്നു. കൊപ്പലിന്റെ ആവശ്യത്തിനല്ല അവരുടെ ആവശ്യത്തിന് വേണ്ടിയായിരുന്നു. രാഷ്ട്രീയവും മതവും നോക്കാതെ അഹോരാത്രം സേവനം മാത്രം കൈമുതലാക്കി ജീവിച്ച് അവസാനം ഒന്നും സമ്പാദിക്കാതെ വിട പറഞ്ഞുപോയ കൊപ്പല്‍ അബ്ദുല്ലയെ സമൂഹവും അദ്ദേഹം വെള്ളവും ഊര്‍ജവും നല്‍കിയ പ്രസ്ഥാനവും മറന്നുപോയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ജീവിതത്തിലുടനീളം നന്മയും സേവനവും വിതറിയ കൊപ്പല്‍ അബ്ദുല്ലയുടെ അരിക് പറ്റാത്തവര്‍ വിരളമാണ്. കൊപ്പല്‍ കൈ വയ്ക്കാത്ത മേഖലയും കുറവാണ്. വില്ലേജ്, താലൂക്ക് ഓഫീസുകളിലായാലും പഞ്ചായത്ത്, മുനിസിപ്പല്‍ ഓഫീസുകളിലായാലും സാധാരണക്കാരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റി കൊടുക്കാന്‍ കൊപ്പലിന് വലിയ ഉത്സാഹമായിരുന്നു. കൊപ്പലിനെ ഒരു കാര്യം ഏല്‍പിച്ചാല്‍ അത് സാധ്യമാവുന്നത് വരെ വിശ്രമമില്ല. ഇങ്ങ് മുനിസിപ്പല്‍ ഓഫീസ് മുതല്‍ അങ്ങ് സെക്രേട്ടറിയറ്റ് വരെ കോപ്പലിന്റെ സ്പര്‍ശനം അവിടെത്തെ ഉദ്യോഗസ്ഥന്‍മാര്‍ക്ക് അറിഞ്ഞിരുന്നു. കോഴിക്കോട്ടെ പാസ്‌പോര്‍ട്ട് ഓഫീസിന്റെ ചുമരിന് പോലും കൊപ്പലിനെ അറിയാം. 18 വയസ് പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ അത് കൊപ്പല്‍ ഓര്‍മ്മിപ്പിക്കും. പിന്നെ പാസ്‌പോര്‍ട്ട് സമ്പാദിക്കാന്‍ കൊപ്പലിന് മാത്രം ഉത്സാഹമേറെ. ഗള്‍ഫ് സ്വപ്‌നം കണ്ട എത്ര യുവാക്കളെയാണ് കൊപ്പലിന്റെ ഉത്സാഹത്തില്‍ ഗള്‍ഫിലെത്തിച്ചത്. വിധവാ പെന്‍ഷന്‍, ചികിത്സ സഹായം പോലുള്ളവ എത്ര എളുപ്പത്തിലായിരുന്നു കൊപ്പല്‍ സാധാരണക്കാര്‍ക്ക് ശരിയാക്കി നല്‍കിയത്. മാപ്പിളപ്പാട്ട് പരിപാടിയായാലും കായിക പരിപാടിയായാലും കൊപ്പലിനെ ഏല്‍പിച്ചാല്‍ നൂറുശതമാനം വിജയിപ്പിക്കുമെന്ന് ഉറപ്പ്. അത് അദ്ദേഹം തെളിയിച്ചതായിരുന്നു. തളങ്കര ഗവ. മുസ്ലിം ഹൈസ്‌ക്കുള്‍ ഒ.എസ്.എ, നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ മാനേജ്‌മെന്റ്, നെല്ലിക്കുന്ന് ഗേള്‍സ് സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട്, നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്, ടൂ വീലേഴ്‌സ് അസോസിയേഷന്‍ എന്നു വേണ്ട എത്രയെത്ര സംഘടനകളുടെ തലപ്പത്താണ് കൊപ്പല്‍ പ്രവര്‍ത്തിച്ചത്. സ്ഥാനമാനങ്ങള്‍ക്ക് പിറകെ പോയില്ല. സ്ഥാനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. അന്തരിച്ച കെ.എസ് അബ്ദുല്ല, ചെര്‍ക്കളം അബ്ദുല്ല, ടി.ഇ അബ്ദുല്ല... തുടങ്ങി അങ്ങ് തിരുവനന്തപുരം വരെ കൊപ്പലിന്റെ സൗഹൃദങ്ങളുടെ ചങ്ങല നീണ്ടു. ഒരു പാര്‍ട്ടിക്കും പിറകെ പോയില്ലെങ്കിലും മാറിമാറി അദ്ദേഹം രാഷ്ട്രീയം പരീക്ഷിച്ചപ്പോള്‍ കാലിടറി വീണത് അദ്ദേഹം അറിഞ്ഞില്ല. അറിഞ്ഞപ്പോള്‍ ചെറുപുഞ്ചിരിയില്‍ ഒതുക്കി. നഗരസഭ ചെയര്‍മാന്‍ സ്ഥാനം കപ്പിനും ചുണ്ടിനുമിടയിലായപ്പോള്‍ പോലും കൊപ്പല്‍ നിരാശനായില്ല. വിധിച്ചതേ വരൂ എന്ന് അദ്ദേഹം പറഞ്ഞു. കാല്‍ നൂറ്റാണ്ടിലധികം നഗരസഭാ അംഗമായപ്പോള്‍ അദ്ദേഹം പ്രതിനിധീകരിച്ച വാര്‍ഡില്‍ വികസനം എത്തിക്കാന്‍ പരിശ്രമിച്ചു. കുടിവെള്ളം, തെരുവ് വിളക്ക് എന്ന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ അനുവദിക്കാന്‍ അദ്ദേഹം ഓടി. നഗരത്തിലെ വീഥികളില്‍ അദ്ദേഹം വെള്ള വെസ്പ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴും ഇതേ ചിന്തയായിരുന്നു. ഒരു രാഷ്ട്രീയക്കാരനെയും രാഷ്ട്രീയക്കാരനായി കണ്ടില്ല. അതിലും സൗഹൃദ്ബന്ധം നിലനിര്‍ത്തിപോന്നു. കൊപ്പല്‍ എക്‌സ്പ്രസിലെ തിരക്കിട്ട ജോലി കഴിഞ്ഞ് വീടണഞ്ഞാലും പുള്ളിക്ക് വിശ്രമമില്ലായിരുന്നു. ബങ്കരക്കുന്നിലെ ഗാര്‍ഡന്‍ ഹൗസിലിരുന്നും തന്റെ കൈയിലുള്ള ഫോണുകളില്‍ വിളിച്ച് മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കായി സംസാരിച്ചു കൊണ്ടേയിരുന്നു. കൊപ്പലിന്റെ മൊബൈല്‍ ഫോണുകള്‍ക്ക് വിശ്രമമില്ലായിരുന്നു. അത് യാത്രയിലായാലും അങ്ങനെ. പലരേയും അല്‍ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഈ സേവനങ്ങളായിരുന്നു. മലയാളത്തിലെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍, സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്‍ പോലുള്ള പ്രഗല്‍ഭരുമായി കൊപ്പലിന്റെ ചങ്ങാത്തം മരിക്കുന്നത് വരെ തുടര്‍ന്നു. ഓടി തളര്‍ന്നപ്പോഴും സ്വന്തം ആരോഗ്യം മറന്നു. അനാരോഗ്യം വന്നപ്പോഴും വകവെച്ചില്ല. കൊപ്പലിന്റെ വിടവ് കാസര്‍കോടിന് മാത്രമല്ല ഉത്തര കേരളത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ സഹായവും സഹകരണവും കിട്ടിയ പലരും പിന്നീട് മറന്നുപ്പോയോ എന്ന് എഴുതുന്നതില്‍ തെറ്റില്ല.


Similar News