എം.ടി വാസുദേവന്‍ നായര്‍ എന്ന മഹാപ്രതിഭയുടെ വേര്‍പാട് മലയാളസാഹിത്യരംഗത്ത് വരുത്തിയിരിക്കുന്ന നഷ്ടം വാക്കുകളില്‍ ഒതുങ്ങുന്നതല്ല. അത്രക്കും വലിയ ആഘാതമാണ് ഈ വിയോഗം. അതിന്റെ ആഴത്തിനും വ്യാപ്തിക്കും അളവുകളുമില്ല. എഴുത്തിന്റെ വിവിധ തലങ്ങളിലാണ് എം.ടിയുടെ പ്രതിഭാവിലാസങ്ങള്‍ നിറഞ്ഞുനിന്നത്.
നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്ത മേഖലകളിലും എം.ടി നേടിയ സ്വാധീനം മലയാളത്തിലെ മറ്റ് എഴുത്തുകാര്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത വിധം വിപുലമായിരുന്നു. പ്രതിഭാസമ്പന്നരായ ഒട്ടേറെ എഴുത്തുകാര്‍ മലയാളത്തില്‍ വേറെയുമുണ്ടെങ്കിലും സാഹിത്യരംഗത്തെ മഹാമേരു, വടവൃക്ഷം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരേ ഒരാള്‍ ഉണ്ടെങ്കില്‍ അത്തരം വിശേഷണങ്ങള്‍ക്ക് കൂടുതലും അര്‍ഹതയുള്ളത് എം.ടി വാസുദേവന്‍ നായര്‍ക്ക് തന്നെയാണ്.
പത്രാധിപര്‍ എന്ന നിലയിലും എം.ടി പ്രാഗല്‍ഭ്യം തെളിയിച്ചിരുന്നു. ഏറെക്കാലം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്നു. പ്രതിഭയുള്ള പുതിയ എഴുത്തുകാരെ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ കൈ പിടിച്ചുയര്‍ത്തിക്കൊണ്ടുവരാന്‍ എം.ടി ഒരിക്കലും മടി കാണിച്ചിരുന്നില്ല. മലയാള സിനിമയിലെ ക്ലാസിക്ക് സിനിമകളില്‍ മുന്‍നിരയിലുള്ള എം.ടിയുടെ നിര്‍മാല്യം എന്ന സിനിമ കാലത്തെ അതിജീവിക്കുന്ന സിനിമ കൂടിയാണ്. ഈ സിനിമയുടെ ആശയവും സന്ദേശവും ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നിര്‍മാല്യം ഉള്‍പ്പെടെ ആറ് സിനിമകളും രണ്ട് ഡോക്യുമെന്ററികളും എം.ടി സംവിധാനം ചെയ്തിട്ടുണ്ട്. നിര്‍മ്മാല്യത്തിലൂടെ നല്ല മലയാളസിനിമയുടെ ഭാഗമായി മാറാന്‍ കഴിഞ്ഞ എം.ടി ഈ രംഗത്തും നല്‍കിയത് വിലമതിക്കാനാകാത്ത സംഭാവനകളാണ്. എഴുത്തിന്റെ മേഖലയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ജ്ഞാനപീഠം വരെ എം.ടിക്ക് ലഭിച്ചു. 2005ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ജെ.സി. ഡാനിയേല്‍ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ കരസ്ഥമാക്കാന്‍ എം.ടിക്ക് സാധിച്ചത് അദ്ദേഹത്തിലെ അനിതരസാധാരണമായ പ്രതിഭാ സമ്പന്നത കൊണ്ടുതന്നെയാണ്. മികച്ച തിരക്കഥയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നാലുതവണ നേടിയ അദ്ദേഹം മികച്ച സംവിധായകന് മൂന്നുവട്ടം സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടി. 11 തവണ മികച്ച തിരക്കഥയ്ക്കും എം.ടിക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, പഴശിരാജ തുടങ്ങി ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമകളുടെ ഉജ്വലവിജയത്തിന് അടിസ്ഥാനമായത് എം.ടിയുടെ ശക്തമായ കഥയും തിരക്കഥയുമായിരുന്നു. പ്രേക്ഷക മനസുകളുടെ ഉള്ള് പൊള്ളിക്കുന്ന നിര്‍മാല്യം, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, അസുരവിത്ത്, സദയം, സുകൃതം തുടങ്ങിയ സിനിമകള്‍ക്കെല്ലാം പിന്‍ബലമേകിയത് എം.ടിയുടെ തിരക്കഥകളാണ്.