മാടത്ത് തെക്കേപ്പാടത്ത് വാസു പോയി. അപാരതയിലേക്ക്. തിരിച്ചുവരാത്ത യാത്ര. തിരിച്ചുവരാന്‍ വേണ്ടിയുള്ള യാത്രകളായിരുന്നു എം.ടി. വാസുദേവന്‍ നായരുടെ സാഹിത്യം. ഭൂതവര്‍ത്തമാനത്തിലേക്കുള്ള ഊഞ്ഞാലാട്ടം. നാലുകെട്ടിലെ അപ്പുണ്ണി ലോകങ്ങള്‍ താണ്ടി തിരിച്ചുവന്നപ്പോള്‍ നാലുകെട്ട് പൊളിച്ച് പുതുക്കിപ്പണിയാനാണ് തീരുമാനിക്കുന്നത്.
അസുരവിത്തിലെ ഗോവിന്ദന്‍കുട്ടി തിരിച്ചുവരുന്നത് അസുരവിത്തായിട്ടല്ല, നാടിന്റെ പ്രിയപ്പെട്ടവനായാണ്. നാട് കള്ളനായും അക്രമിയായും നീചനായും മുദ്രകുത്തി തിരസ്‌ക്കരിച്ച ഗോവിന്ദന്‍ കുട്ടിയാണ് നാട് കോളറയില്‍ വിറങ്ങലിച്ചപ്പോള്‍, ഭീതികൊണ്ട് നാട് കുലുങ്ങിയപ്പോള്‍ രക്ഷകനെപ്പോലെ തിരിച്ചെത്തിയ ഗോവിന്ദന്‍ കുട്ടി.
എം.ടി വാസുദേവന്‍ നായര്‍ കഥാകൃത്തായിരുന്നു, നോവലിസ്റ്റായിരുന്നു, പ്രബന്ധകാരനായിരുന്നു, നാടകകൃത്തായിരുന്നു, തിരക്കഥാകൃത്തായിരുന്നു, സംവിധായകനായിരുന്നു, പത്രാധിപരായിരുന്നു, സാംസ്‌കാരിക സംഘാടകനായിരുന്നു... എം.ടി എല്ലാമായിരുന്നു. അങ്ങനെ മറ്റൊരാള്‍ നമ്മുടെ ഭാഷയിലെന്നല്ല, ഇന്ത്യന്‍ ഭാഷകളിലൊന്നിലും ഇല്ല. തൊട്ടതെല്ലാം പൊന്നാക്കിയ മഹാപ്രതിഭയെന്ന് വിശേഷിപ്പിച്ചാല്‍ പോലും അത് മതിയാകുന്നില്ല. നമ്മുടെ ഭാഷയുടെ സുകൃതവും സൗഭാഗ്യവും...
രക്തംപുരണ്ട മണ്‍തരികള്‍ എന്ന കഥാസമാഹാരവുമായാണ് എം.ടി സാഹിത്യ ലോകത്ത് പിച്ചവെച്ചത്. കൂടല്ലൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് ജനജീവിതത്തിന്റെ സ്പന്ദനങ്ങള്‍ ആവാഹിച്ച് മന്ത്രമധുരമായ ഭാഷയില്‍ ആവിഷ്‌ക്കരിച്ച കഥകള്‍. കോളേജില്‍ പഠിക്കുന്ന കാലത്താണ് രക്തംപുരണ്ട മണ്‍ത്തരികള്‍ പുറത്തുവന്നത്. അമേരിക്കയിലെ പ്രമുഖ പത്രസ്ഥാപനമായ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രൈബ്യൂണ്‍ നടത്തിയ ലോക ചെറുകഥാ മത്സരത്തിന്റെ ഭാഗമായി മലയാളത്തില്‍ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തില്‍ എം.ടിയാണ് ഒന്നാമനായത് വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥ. ആ കഥയാണ് പില്‍ക്കാലത്ത് എം.ടി തന്നെ വികസിപ്പിച്ച് വളര്‍ത്തുമൃഗങ്ങള്‍ എന്ന ചലച്ചിത്രമുണ്ടാക്കിയത്. സര്‍ക്കസ് തമ്പുകളിലെ മിണ്ടുന്ന പ്രാണികളെ കുറിച്ചുള്ള ഇതിഹാസം.
നാലുകെട്ടുകളുടെ തകര്‍ച്ച കണ്ണുകൊണ്ട് കണ്ടും അനുഭവിച്ചുമാണ് എം.ടി വളര്‍ന്നത്. നാലുകെട്ടുകള്‍ക്കിടയില്‍ അരപ്പട്ടിണിയുമായി മല്ലിടുന്ന ദൈന്യത്തിന്റെ പ്രതിരൂപങ്ങള്‍. നാലുകെട്ടില്‍ മാത്രമല്ല കാലം എന്ന നോവലിലും ആ പ്രമേയത്തിന്റെ വികസിത രൂപം കാണാം. അപ്പുണ്ണിയെ പോലെ സേതുവും ചെറുപ്പത്തില്‍ തനിക്ക് കിട്ടാത്തതുമെല്ലാം നേടണമെന്ന വാശിയോടെയാണ് സേതുവിന്റെ സഞ്ചാരം. വലിയ ആളാകണം എന്ന ഇച്ഛ. വലിയ ആളാകാണമെങ്കില്‍ പലതും മറക്കണം. സ്വാര്‍ത്ഥനാവണം. അതുകൊണ്ടാണ് ആദ്യ കാമുകിയായ സുമിത്ര സേതുവിനോട് തുറന്നു തന്നെ പറയുന്നത്. സേതുവിന് എന്നും ഒരാളോട് മാത്രമെ ഇഷ്ടമുണ്ടായിരുന്നുള്ളൂ. സേതുവിനോട് മാത്രം.
എം.ടിയുടെ രണ്ടാമൂഴം എന്ന നോവല്‍ മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട കൃതികളിലൊന്നാണ്. പാണ്ഡവരില്‍ രണ്ടാമനായ ഭീമന്റെ സംഘര്‍ഷങ്ങള്‍, ധര്‍മ്മസങ്കടങ്ങള്‍ ആവിഷ്‌കരിച്ച ക്ലാസിക് കൃതി. വ്യാസന്റെ മഹാഭാരതത്തിന്റെ നവീനമായ പുനരാഖ്യാനം. വ്യാസന്റെ മൗനത്തെ കണ്ടെത്തി പൂരിപ്പിക്കല്‍. മറാത്തിയില്‍ വി.എസ്. ഖാണ്ഡേക്കര്‍ എഴുതിയ യയാതിയും മലയാളത്തില്‍ പി.കെ. ബാലകൃഷ്ണന്‍ എഴുതിയ ഇനി ഞാന്‍ ഉറങ്ങട്ടെയും നമ്മുടെ വായനക്കാര്‍ ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയ കൃതികളാണ്. ആ കൃതികള്‍ക്ക് ശേഷമാണ് രണ്ടാമൂഴം വരുന്നത്. ഹൃദയം കൊണ്ട് എഴുതുന്ന അപൂര്‍വ്വ സുന്ദരമായ വരികള്‍... പാതി പറഞ്ഞ് അവസാനിപ്പിക്കല്‍... എം.ടിയുടെ അര്‍ധവിരാമത്തിന് പോലും സവിശേഷ സൗന്ദര്യമുണ്ട്. എം.ടി. സംവിധാനം ചെയ്ത നിര്‍മാല്യം ഇന്നാണെങ്കില്‍ പുറത്തുവരുമായിരുന്നോ എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. വെളിച്ചപ്പാടിന്റെ ദൈന്യത. അന്നന്ന് കഴിഞ്ഞുകൂടാന്‍ കാല്‍ക്കാശില്ലാത്ത ജീവിതം. കടം വീട്ടാന്‍ വഴിയില്ലാതെ കച്ചവടക്കാരന് മുമ്പില്‍ തുണിയഴിക്കേണ്ടി വന്ന ഭാര്യ. ഭാര്യയുടെ അപഥസഞ്ചാരം കണ്ട് ഹൃദയം പൊട്ടുന്ന വെളിച്ചപ്പാട്, തനിക്ക് ദൈന്യവും ദുരിതവും മാത്രം തന്ന ദൈവത്തെ തന്നെ തുപ്പുകയാണ് ഒരു പ്രത്യേക നിമിഷത്തില്‍. വിഗ്രഹത്തില്‍ അതിന്റെ പരിപാലകനായ വെളിച്ചപ്പാട് തുപ്പുക... പി.ജെ. ആന്റണി എന്ന മഹാനടന്‍ അനശ്വരമാക്കിയ മുഹൂര്‍ത്തം. ഇന്നാണെങ്കില്‍ അങ്ങനെയൊരു ദൃശ്യം ആവിഷ്‌കരിക്കാന്‍ ഒരു എഴുത്തുകാരനും സംവിധായകനും തയ്യാറാകുമോ എന്ന ചോദ്യം.
എം.ടിയുടെ കഥകളേക്കാള്‍ അദ്ദേഹത്തിന്റെ സിനിമകളാണ് സാധാരണക്കാര്‍ക്ക് ഏറെ പഥ്യം. നിര്‍മാല്യവും വളര്‍ത്തുമൃഗങ്ങളും ബന്ധനവും ഇരുട്ടിന്റെ ആത്മാവും മുറപ്പെണ്ണും മുതല്‍ പഴശിരാജ വരെ. വൈശാലിയും വടക്കന്‍ വീരഗാഥയും ഓപ്പോളും... ഓപ്പോളില്‍ ബാലന്‍ കെ. നായര്‍ക്ക് ഭരത്, നിര്‍മാല്യത്തില്‍ പി.ജെ. ആന്റണിക്ക് ഭരത്, വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടിക്ക് ഭരത്... മലയാള സിനിമയെ ഏറ്റവും ഉദാത്തതയില്‍ എത്തിച്ച സര്‍ഗപ്രതിഭ. മലയാളത്തിലെ ഏറ്റവും തലയെടുപ്പുള്ള സാഹിത്യ പത്രാധിപരാണ് എം.ടി. മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കഥാ മത്സരത്തില്‍ സമ്മാനത്തിനര്‍ഹനായ എം.ടിയെ മാതൃഭൂമി അതിന്റെ ആഴ്ചപ്പതിപ്പിന്റെ ഉപപത്രാധിപരായി നിയമിച്ചത് തൊള്ളായിരത്തി അമ്പതുകളിലാണ്. പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. മലയാള സാഹിത്യത്തിന്റെ ഭാവി വിഭാവനം ചെയ്യാന്‍ ആ പത്രാധിപത്യത്തിന് സാധിച്ചു. ഒ.വി. വിജയനും എം. മുകുന്ദനും സക്കറിയയും കുഞ്ഞബ്ദുല്ലയും സാറാ ജോസഫും അങ്ങനെയങ്ങനെ മലയാളത്തിലെ ഏറ്റവും പ്രതിഭാശാലികളായ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയത് ആ പത്രാധിപരാണ്. താന്‍ പത്രാധിപരായ ആഴ്ചപ്പതിപ്പില്‍ താന്‍ കഥയെഴുതില്ല, നോവലെഴുതില്ല എന്ന് ശാഠ്യം പിടിച്ച ആളാണ് എം.ടി. എന്നാല്‍ കിളിവാതിലിലൂടെ എന്ന മഹത്തായ പംക്തിയെഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിനെ അദ്ദേഹം ധന്യമാക്കി. സര്‍ഗാത്മക സാഹിത്യത്തില്‍ മാത്രമല്ല, പത്രലേഖന വിഭാഗത്തിലും ഏറ്റവും ഉയര്‍ന്ന സ്ഥാനമാണ് എം.ടിക്ക്. പ്രഭാഷകന്‍ എന്ന നിലയിലും ഉയര്‍ന്ന സ്ഥാനം.
യാത്രാവിവരണത്തിലും എം.ടിയുടെ തനത്മുദ്ര പതിഞ്ഞിട്ടുണ്ട്. ഒരു അമേരിക്കന്‍ യാത്രയെക്കുറിച്ച് അദ്ദേഹം എഴുതിയ ആള്‍ക്കൂട്ടത്തില്‍ തനിയെ മലയാളത്തിലെ സഞ്ചാര സാഹിത്യത്തില്‍ ഒരു മുതല്‍ക്കൂട്ടാണ്. അമേരിക്കയില്‍ ഒരു ട്രെയിന്‍ യാത്രക്കിടയില്‍ ഒരു യാത്രക്കാരി വായിക്കുന്ന പുസ്തകം എം.ടി എടുത്തുനോക്കുന്നുണ്ട്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ വണ്‍ ഹണ്‍ഡ്രഡ് ഇയേര്‍സ് ഓഫ് സോളിറ്റിയൂഡ് പില്‍ക്കാലത്ത് നോബല്‍ സമ്മാനം നേടിയ കൃതി. ആ കൃതി നമ്മുടെ നാട്ടില്‍ ആദ്യം എത്തിച്ചതും അതിനെക്കുറിച്ച് എഴുതിയതും എം.ടിയാണ്. ആള്‍ക്കൂട്ടത്തില്‍ തനിയെ അവസാനിക്കുന്നത് ഇങ്ങനെയാണ്. നമുക്ക് വീണ്ടും കാണാം. ഇവിടെവെച്ച്, അവിടെവെച്ച്. അല്ലെങ്കില്‍ എവിടെയെങ്കിലും വെച്ച് -വാസ്തവത്തില്‍ എം.ടി. സാഹിത്യത്തിന്റെ ഒരു പ്രകടന പത്രിക തന്നെയാണ് ഈ വാചകങ്ങള്‍.
നാലുകെട്ടിലും കാലത്തിലും ഷെര്‍ലക്കിലും വാനപ്രസ്ഥത്തിലും ബന്ധനത്തിലുമെല്ലാം ഈ തിരിച്ചെത്തല്‍ വീണ്ടും കാണലുണ്ട്. എം.ടി. എഴുതിയ തിരക്കഥകള്‍ പോലെത്തന്നെ ശ്രദ്ധേയമാണ് അദ്ദേഹമെഴുതിയ ഏക നാടകവും-ഗോപുര നടയില്‍... മലയാളത്തിലെ ചെറുകഥ, നോവല്‍, സിനിമ, പത്രപ്രവര്‍ത്തനം എന്നിങ്ങനെ എല്ലാ മേഖലയിലും സുവര്‍ണ മുദ്ര ചാര്‍ത്തിയാണ്, മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഔന്നത്യവും ഉദാത്തതയും സൃഷ്ടിച്ചാണ് എം.ടി മടങ്ങിയത്.
മഞ്ഞിന്റെ ഡി കണ്‍സ്ട്രക്ഷന്‍
35 വര്‍ഷം മുമ്പാണ്. ഞാനന്ന് ദേശാഭിമാനിവാരികയില്‍ സബ് എഡിറ്ററാണ്. യാ ദേവി സര്‍വ ഭൂതേഷു എന്ന പുസ്തകമൊക്കെ പ്രസിദ്ധപ്പെടുത്തിയ ശേഷം എഴുത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്ന വി.സി. ശ്രീജനെ വീണ്ടുമെഴുതാന്‍ ഞാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അല്‍ത്തൂസറെക്കുറിച്ചുള്ള ഒരു ലേഖനം അദ്ദേഹം തന്നു. പിന്നീട് ചിന്തയിലെ രൂപകങ്ങളുമായി ബന്ധപ്പെട്ട ഏതോ ലേഖനം. (അദ്ദേഹത്തിന്റെ ഗവേഷണവിഷയമാണത്). അടുത്തതായി വീണ്ടും മഞ്ഞ് എന്ന ലേഖനം. വിവാദ ലേഖനം. ഡീ കണ്‍സ്ട്രക്ഷന്‍ ശബ്ദായമാനമായി കടന്നുവരുന്ന കാലമാണ്. ശ്രീജന്‍ മഞ്ഞിനെ അറുത്തുമുറിച്ച് ശിഥിലമാക്കിയാണ് പരിശോധിച്ചത്. മഞ്ഞ് ഏറ്റവും പ്രസിദ്ധമായതിനാല്‍ ആ ലേഖനം നന്നായി വായിക്കപ്പെട്ടു. വിവാദമായി. ആ ദിവസങ്ങളിലൊന്നില്‍ എം.എന്‍. വിജയന്‍ മാഷെ കാണാന്‍ പോയപ്പോള്‍ വീണ്ടും മഞ്ഞ് എന്ന ലേഖനത്തിന്റെ ഗാംഭീര്യത്തെക്കുറിച്ച് ഞാന്‍ വാചാലനായി. അപ്പോള്‍ സ്വത സിദ്ധമായ പൊട്ടിച്ചിരി...
മഞ്ഞ് ഒന്നുകൂടി എടുത്ത് വായിക്ക്.. അപ്പോള്‍ കാണാം ആ കഷണങ്ങളെല്ലാം കൂടിച്ചേര്‍ന്ന് കൂടുതല്‍ സുന്ദരമായ മഞ്ഞ്... അതാണ് കല... അതിനെയൊന്നും ചീന്തിയിടാനാവില്ല വീണ്ടും പൊട്ടിച്ചിരി -മറ്റൊരവസരത്തില്‍ വിജയന്‍ മാഷ് എം.ടിയുടെ താന്‍പോരിമയെക്കുറിച്ച് പറയുകയാണ് -എം.ടി.യുടെ യൗവ്വനകാലം... കോഴിക്കോട്ട് ഒരു സാഹിത്യ സമ്മേളനം നടക്കുന്നു. എം.ടി. പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് മുണ്ടശ്ശേരി പരിവാരസമേതം ഹാളിലേക്ക് മുന്‍വാതിലിലൂടെ പ്രവേശിക്കുന്നത്. സദസിന്റെ മുന്‍നിരയില്‍ ഒഴിഞ്ഞു കിട്ടിയ കസേരയിലിരുന്ന് മുണ്ടശ്ശേരി ചെല്ലം തുറന്നു. വെറ്റിലയെടുത്ത് നാര് കളയാന്‍ തുടങ്ങി. ഹാളില്‍ ചെറിയ ബഹളം. ജനശ്രദ്ധ മുണ്ടശ്ശേരിയില്‍... തടസ്സം നേരിട്ട എം.ടി. കീശയില്‍ നിന്ന് ബീഡിയും തീപ്പെട്ടിയുമെടുത്തു. ബീഡി കത്തിച്ച് തീപ്പെട്ടിക്കോല്‍ മുണ്ടശ്ശേരി ഇരിക്കുന്നതിനടുത്തേക്ക് വലിച്ചെറിഞ്ഞു. ഒരു പുകയെടുത്ത് ബീഡി ചവിട്ടിക്കെടുത്തി... സദസ് ഞെട്ടിത്തരിച്ചു. വേദിയെ അവഗണിച്ചിരുന്ന മുണ്ടശ്ശേരി ചെല്ലം മാറ്റിവെച്ച് സദസ്യന്‍ തന്നെയായി. ഹാള്‍ പൂര്‍ണ നിശ്ശബ്ദം. പിന്നെ എം.ടിയുടെ ഒരു കത്തിക്കയറലായിരുന്നു.