വാടാത്ത 'കമലം'

Update: 2025-02-08 11:28 GMT

അത്യുത്തര കേരളത്തിലെ ബഹുശതം ജ്ഞാനാര്‍ത്ഥികള്‍ക്ക് വിദ്യാമൃതം പകര്‍ന്നു നല്‍കിയ ഗുരുസത്തവ ഐ.വി കമല നെല്യാട്ട് എന്നന്നേക്കുമായി യാത്രയായി. കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ്, നെല്ലിക്കുന്ന്, എന്ന അപൂര്‍വ്വ വിദ്യാലയ ശിശുവിനെ പിള്ളത്തൊട്ടിലില്‍ നിന്ന് മടിയിലേറ്റുവാങ്ങി താലോലിച്ചു വളര്‍ത്തി. അതിന് മുമ്പ് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലും കാസര്‍കോട് ഗവ. ഹൈസ്‌കൂളിലും വിദ്യാദാനം. അവിടെ സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഒരു ഹൈസ്‌കൂള്‍ അനുവദിക്കണം എന്ന ആവശ്യവുമായി കെ.എസ് അബ്ദുല്ല സാഹിബ് വിദ്യാഭ്യാസ മന്ത്രിയെ സമീപിക്കുന്നത്. സ്‌കൂള്‍ അനുവദിച്ചു കിട്ടി.

റെയില്‍വെ സ്റ്റേഷന്‍ റോഡിന് സമീപം ഹമീദലി ഷംനാട് സാഹിബിന്റെ മാളിക വീട്ടിലെ ഒരു ഭാഗത്ത് സ്‌കൂള്‍ ആരംഭിച്ചു. ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഇംഗ്ലീഷും സാമൂഹ്യപാഠവും പഠിപ്പിച്ചുകൊണ്ടിരുന്ന സീനിയര്‍ അധ്യാപിക കമല നെല്ലിയാട്ടിനെ ഗേള്‍സ് ഹൈസ്‌കൂളിന്റെ ഹെഡ്മിസ്ട്രസ് ആയി നിയമിച്ചു. പിന്നീട് സ്‌കൂള്‍ നെല്ലിക്കുന്നില്‍ പുതിയ കെട്ടിടത്തിലേക്ക് മാറി. ഇല്ലായ്മകള്‍ മാത്രം ഉണ്ടായിരുന്ന ഹൈസ്‌കൂളിനെ നെല്യാട്ട് ടീച്ചര്‍ പരിപാലിച്ചു. ഔദ്യോഗികമായി 'വൃത്തിനിവൃത്ത'യായ ശേഷവും (സര്‍വീസ് റിട്ടയര്‍മെന്റ്) ടീച്ചറുടെ കണ്ണും മനസ്സും ഇങ്ങോട്ടുണ്ടായിരുന്നു.

ഞാന്‍ ഇങ്ങോട്ട് സ്ഥലം മാറി വരുന്നതിന് മുമ്പേ നടന്ന കാര്യങ്ങള്‍. ഗേള്‍സ് ഹൈസ്‌കൂളിന്റെ പ്രാരംഭ ചരിത്രം-പറഞ്ഞുകേട്ടതാണ്. പത്രപ്രവര്‍ത്തകനായ കെ.എം അഹ്മദ് മാഷും അധ്യാപക വരേണ്യനും സാഹിത്യവിവര്‍ത്തക ഗുരുവുമായ സി. രാഘവന്‍ മാഷും നെല്യാട്ട് ടീച്ചറുടെ സഹപ്രവര്‍ത്തകരായിരുന്ന അപ്പുക്കുട്ടന്‍ മാഷും പി.വി.സി നമ്പ്യാര്‍ മാഷും പി.വി കൃഷ്ണന്‍ മാഷും (സാക്ഷി) മറ്റും പറഞ്ഞ കാര്യങ്ങള്‍.

പില്‍ക്കാലത്ത് ഞാനും ഗേള്‍സ് ഹൈസ്‌കൂളില്‍ എത്തി. അപ്പോഴേക്കും നെല്യാട്ട് ടീച്ചര്‍ അവിടെ നിന്നും സ്ഥലം മാറി പോയിട്ടുണ്ടായിരുന്നു. എങ്കിലും അവരുടെ സഹപ്രവര്‍ത്തകര്‍ ചിലര്‍ അവിടെ ഉണ്ടായിരുന്നു. സ്‌കൂള്‍ യൂണിഫോം ടീച്ചര്‍ അവതരിപ്പിച്ചതാണ്. സ്‌കൂളിന്റെ രജത ജൂബിലി ആഘോഷവേളയില്‍ നെല്യാട്ട് ടീച്ചറെ പ്രത്യേകം ക്ഷണിച്ചുവരുത്തി ആദരിക്കുകയുണ്ടായി. വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വവിദ്യാര്‍ത്ഥികള്‍ ഒരു സുഹൃത് സംഗമം സംഘടിപ്പിച്ചപ്പോള്‍ പൂര്‍വ്വ അധ്യാപകരായ ഞങ്ങളെയും ക്ഷണിക്കുകയുണ്ടായി. ഞങ്ങള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന പി. സാവിത്രി ടീച്ചറുടെ നേതൃത്വത്തില്‍ ഞങ്ങള്‍ നെല്യാട്ട് ടീച്ചറെ വീട്ടില്‍ കാണാന്‍ പോയി. കുഡ്‌ലു ഗംഗെ റോഡരികിലെ 'മയൂഖം' എന്ന ഭവനത്തില്‍. ശാരീരിക അവശതകള്‍ കാരണം ശയ്യാവലംബിയായിരുന്നു ടീച്ചര്‍. ഇത്ര പെട്ടെന്ന് ഈ ലോകം വെടിഞ്ഞ്... തീരെ പ്രതീക്ഷിച്ചിരുന്നേയില്ല. നിലയ്ക്കാത്ത കണ്ണുനീര്‍ തുള്ളികള്‍... മറ്റെന്ത്?

Similar News