കേരളം ലഹരിയുടെ കരാളഹസ്തത്തിലോ...

Update: 2025-02-28 11:11 GMT

ലഹരിക്കടിമപ്പെട്ടവരുടെ ഒട്ടുമിക്ക ചരിത്രം പരിശോധിച്ചാല്‍ ധാര്‍മ്മിക വിദ്യാഭ്യാസവും ആത്മീയ വിദ്യാഭ്യാസവും തീരെ കുറഞ്ഞു പോകുന്നു എന്നത് വലിയ ഒരു വസ്തുതയായിട്ടാണ് സൈക്കോളജിസ്റ്റുകള്‍, ക്രിമിനോളജിസ്റ്റുകള്‍ തുടങ്ങിയ മാനസികരോഗ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒരു രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വരെയുള്ള വിദ്യാഭ്യാസ രീതിയല്ല ഇന്നത്തേത്. ആകെ തകിടം മറിഞ്ഞ നിലയിലാണ്.

അധ്യാപകര്‍ ചൂരല്‍ തൊടാന്‍ പാടില്ല, കുട്ടികളെ പേടിപ്പിക്കരുത്, ശാസിക്കരുത് തുടങ്ങി സമൂഹവും സര്‍ക്കാറും അധ്യാപകര്‍ക്ക് കൂച്ചുവിലങ്ങ് അണിയിച്ചതിന്റെ പരിണിതഫലമാണ് യുവതലമുറയുടെ ഈ വഴിവിട്ട പോക്ക്. അധ്യാപകരാകട്ടെ തങ്ങളുടെ ദൗത്യം നടപ്പാക്കാന്‍ പറ്റാത്ത ആത്മരോഷത്തില്‍ ശ്വാസം മുട്ടി നീറുകയാണ്.

അതുകൂടാതെ മത്സര ഗെയിമുകള്‍, അതും അത്യാധുനിക എംജിത്രീ മെഷീന്‍ ഗണ്‍, എഫ്.എന്‍.എഫ് 2000, അസോള്‍ട്ട് റൈഫിള്‍ തുടങ്ങി പുറത്ത് ഒരു മുറിവുപോലും അവശേഷിപ്പിക്കാതെ ആളെ തീര്‍ക്കുന്ന തോക്കുകള്‍ തൊട്ട് എ.കെ. 47 വരെയുള്ള മാരകായുധങ്ങള്‍ കൊണ്ടാണ് നാല് വയസ് തൊട്ടുള്ള കുട്ടികള്‍ മൊബൈലിലും കമ്പ്യൂട്ടറിലും ഗാഡ്ഗറ്റിലും ഓണ്‍ലൈന്‍ ആയും അല്ലാതെയും കളിക്കുന്നത്. ഇത് അവരില്‍ അക്രമവാസന വളര്‍ത്താന്‍ ഇടവരുത്തും. കൂടാതെ ഒരു പരിധിവരെ ഈയിടെ പുറത്തിറങ്ങുന്ന സിനിമകളും.

ഇത്തരം ഗെയിമില്‍ നിന്നും മറ്റും ആര്‍ജിച്ച കരുത്തും വീറും അവരില്‍ അവരുടെ പ്രായത്തിന് താങ്ങാവുന്നതിലുമധികം സംഘര്‍ഷഭരിതരാക്കുന്നു. ഇവ മറികടക്കാന്‍ ലഹരിയോ ഡ്രഗ്‌സോ ഉപയോഗിച്ച് അവസാനം പെറ്റ തള്ളയെപ്പോലും തിരിച്ചറിയാന്‍ പറ്റാത്തവിധം അവര്‍ അരുംകൊല നടത്തുന്നു. ഇതിനെതിരെ സമസ്ത രാഷ്ട്രീയ-സാമൂഹ്യ-മത-സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍ ഒന്നിച്ചുണര്‍ന്ന് പ്രവര്‍ത്തിക്കണം. ലഹരിയെ പ്രോത്സാഹിപ്പിച്ച് സമൂഹത്തിന്റെ ചോര ചവിട്ടി സ്വാര്‍ത്ഥ ലാഭം കൊയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ആരായാലും അവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കണം.

ഈ സ്ഥിതി മാറണം, പഴയ വിദ്യാഭ്യാസ രീതി പുന:ക്രമീകരിക്കണം.

അവിടന്ന് തുടങ്ങട്ടെ നമ്മുടെ വരും തലമുറ സ്‌നേഹം, ദയ, കാരുണ്യം ആര്‍ദ്രത, പരസഹായം എന്നീ വികാരങ്ങള്‍ ചൊല്ലിപ്പഠിക്കാനും അനുവര്‍ത്തിക്കാനും. എല്ലാ മത സംഹിതകളും തത്വശാസ്ത്രവും നിരോധിച്ചിട്ടുള്ളതെല്ലാം വിശിഷ്യാ മയക്കുമരുന്നും ലഹരി വസ്തുക്കളും സമൂഹത്തിന്റെ നന്മയ്ക്കാണെന്നുമുള്ള തിരിച്ചറിവും അവബോധവും അവരുടെ ഞരമ്പുകളില്‍ ഓടാത്തിടത്തോളം കാലം ഈ അരുംകൊല തുടര്‍ന്നുകൊണ്ടേയിരിക്കും.

Similar News