കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററില്‍ എംഎസ് ഓഫീസ് ട്രെയിനിങ് ക്ലാസ് 28ന്
കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ ഫോട്ടോഷോപ്പ് ട്രെയിനിങ് ക്ലാസ് നടത്തും . വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 28 ന് രാവിലെ 10 മുതല്‍ 4വരെ (ശനി) എംഎസ് ഓഫീസ് ട്രെയിനിങ് ക്ലാസ് നടത്തും. രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം 10ന് സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍ സഹിതം 250 രൂപ ഫീസ് അടച്ച് രജിസ്‌ട്രേഷന്‍ അവസരം ഉണ്ടായിരിക്കും. രജിസ്‌ട്രേഷന്‍ ആജീവനാന്തം കാലാവധി ഉണ്ടാകും . പ്രായ പരിധി 18-35, യോഗ്യത എസ് എസ് എല്‍ സി . കൂടുതല്‍ വിവരങ്ങള്‍ക്ക് 9207155700.
മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ:
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് ജനുവരി 4 വരെ അപേക്ഷിക്കാം. റേഡിയോ അവതരണം (റേഡിയോ ജോക്കി), പോഡ്കാസ്റ്റിംഗ്, ഡബ്ബിംഗ്, ഓഡിയോ എഡിറ്റിംഗ്, മിക്സിംഗ് & മാസ്റ്ററിംഗ് തുടങ്ങിയ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന കോഴ്സിന്റെ കാലാവധി രണ്ടര മാസമാണ്. പ്രായപരിധി ഇല്ല. ഓരോ സെന്ററിലും 10 സീറ്റുകള്‍ വീതം ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 15,000/- രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ സുസജ്ജമായ ഓഡിയോ സ്റ്റുഡിയോകളിലാണ് പരിശീലനം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി 4. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0484-2422275, 0471-2726275, 9744844522, 7907703499.
മീഡിയ അക്കാദമി മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ:
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് ജനുവരി 4 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ രണ്ടര മാസമാണ് കോഴ്സിന്റെ കാലാവധി. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000/- രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പ്രമുഖ ക്യാമറ നിര്‍മ്മാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ലൈറ്റിംഗ്, ലെന്‍സ്, ചിത്രീകരണം മുതലായവയില്‍ ഊന്നല്‍ നല്‍കി സമഗ്ര പഠന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി 4. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0484-2422275, 9447607073
യുവജന കമ്മീഷൻ സംസ്ഥാനതല ചെസ്സ് മത്സരം ജനുവരി 4 ന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. 2025 ജനുവരി 4 ന് കണ്ണൂർ, പള്ളികുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ ഗവൺമെന്റ് വിമൺസ് കോളേജിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ട്രോഫിയും യുവജനദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫോട്ടോയും ഫിഡെ റേറ്റിംഗും ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നൽകാം.
റേഷൻ കാർഡിൽ ഉൾപ്പെട്ടവർ ഇ കെ വൈ സി ചെയ്യണം
റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ എല്ലാവരും ഇ കെ വൈ സി ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മരണപ്പെട്ട മുഴുവന്‍ ആളുകളെയും റേഷൻ കാർഡിൽ നിന്ന് ഒഴിവാക്കാന്‍ അക്ഷയ മുഖേന അപേക്ഷ നല്‍കണം. മരിച്ചു പോയവരെ റേഷന്‍ കാര്‍ഡില്‍ നിലനിര്‍ത്തി അനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു
രജിസ്ട്രേഷന്‍ ക്യാമ്പ് 30ന് ഹോസ്ദുർഗിൽ
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കി ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ ഡിസംബര്‍ 30 ന് രാവിലെ 10 മുതല്‍ ഒന്ന് വരെ രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം ഉയര്‍ന്ന യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും 250 രജിസ്‌ട്രേഷന്‍ ഫീസും അടച്ചു രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-45. യോഗ്യത എസ്.എസ്. എൽ. സി
സാക്ഷ്യപത്രം നൽകണം
വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ നിന്നും സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ വിധവ പെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിവ അനുവദിക്കപ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ ഡിസംബര്‍ മാസത്തില്‍ പുനര്‍വിവാഹിത/വിവാഹിത അല്ലെന്നുള്ള ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.