സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം ഡോ. അംബികാസുതന്‍ മാങ്ങാടിന്

Update: 2025-01-15 09:59 GMT

കാഞ്ഞങ്ങാട്: പുല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംസ്‌കൃതി പുല്ലൂര്‍ അധ്യാപക ശ്രേഷ്ഠനായിരുന്ന വി. കോമന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ചെറുകഥാ പുരസ്‌കാരത്തിന് ഡോ. അംബികാസുതന്‍ മാങ്ങാട് അര്‍ഹനായി. 2024ല്‍ രചിച്ച പുസ്തകവീട് എന്ന കഥയ്ക്കാണ് പുരസ്‌കാരം. കഥാകൃത്ത് ഡോ. സന്തോഷ് പനയാല്‍, മാധ്യമ പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ രാവണീശ്വരം, ജനാര്‍ദ്ദനന്‍ പുല്ലൂര്‍, കെ. ഗോപി എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 10000 രൂപയും പ്രശസ്തി ഫലകവുമാണ് നല്‍കുക. 26ന് 2മണിക്ക് പുല്ലൂര്‍ കണ്ണാങ്കോട്ട് സംസ്‌കൃതി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. കഥാകൃത്ത് വി.ആര്‍ സുധീഷ് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. പുല്ലൂര്‍ ഗവ. യു.പി സ്‌കൂള്‍, ഉദയനഗര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പഠന മികവിന് ഏര്‍പ്പെടുത്തിയ സംസ്‌കൃതി വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റുകളും വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ സംസ്‌കൃതി പ്രസിഡണ്ട് രത്‌നാകരന്‍ മധുരമ്പാടി, ഡോ. സന്തോഷ് പനയാല്‍, കെ. ഗോപി, വി.വി. ഉണ്ണികൃഷ്ണന്‍, വി.വി. ബാലകൃഷ്ണന്‍, അനില്‍ പുളിക്കാല്‍, ഭാസ്‌കരന്‍ പുല്ലൂര്‍ സംബന്ധിച്ചു.

Similar News