പി.ആര്‍. നമ്പ്യാര്‍ സ്മാരക പുരസ്‌കാരം കാനായി കുഞ്ഞിരാമന്
കാഞ്ഞങ്ങാട്: സ്വാതന്ത്രസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും അധ്യാപകപ്രസ്ഥാനത്തിന്റ സ്ഥാപകനേതാവുമായിരുന്ന പി.ആര്‍ നമ്പ്യാരുടെ സ്മരണക്കായി ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഏര്‍പ്പെടുത്തുന്ന പതിനൊന്നാമത് പുരസ്‌കാരം പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന് സമര്‍പ്പിക്കും. 11,111 രൂപയും പ്രശസ്തിപത്രവും മെമെന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്. ശില്‍പകലയിലൂടെ പൂരോഗമനാശയ പ്രചാരണം നടത്തിയ ശില്‍പിയാണ് കാനായി കുഞ്ഞിരാമനെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി. ടി.വി. ബാലന്‍, അജിത് കൊളാടി, എന്‍. ശ്രീകുമാര്‍, കെ.കെ സുധാകരന്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് കാനായി കുഞ്ഞിരാമനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. 13ന് വൈകിട്ട് 5 മണിക്ക് പുതിയകോട്ട ഹെറിറ്റേജ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് എ.കെ.എസ്.ടി.യു ജനറല്‍ സെക്രട്ടറി ഒ.കെ. ജയകൃഷ്ണന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ. പത്മനാഭന്‍ എന്നിവര്‍ അറിയിച്ചു.