കെ.വി കുമാരന്‍ മാഷിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
കാസര്‍കോട്: അംഗീകാരത്തിന് മേല്‍ അംഗീകാരമായി വിവര്‍ത്തകന്‍ കെ.വി കുമാരന്‍ മാഷിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ കാസര്‍കോടിന് അതിരറ്റ ആഹ്ലാദം. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് 2024 ജൂലായില്‍ കെ.വി കുമാരന് ലഭിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഇന്നലെ ഇദ്ദേഹത്തെ തേടിയെത്തിയത്. കാസര്‍കോട് ഉദുമ സ്വദേശിയായ കുമാരന്‍ മാഷ് വിദ്യാനഗര്‍ പ്രിന്‍സ് അവന്യുവിലെ സുപ്രഭയിലാണ് താമസം. കന്നഡയില്‍ എസ്.എല്‍ ബൈരപ്പ എഴുതിയ 'യാന' എന്ന നോവല്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയതിനാണ് പുരസ്‌കാരം. മുന്‍ അസി. വിദ്യാഭ്യാസ ഓഫീസറാണ്.
ഡോ. ശിവറാമ കാറന്തിന്റെ അനശ്വര നോവല്‍ 'ചോമന ദുഡി' യുടെ വിവര്‍ത്തകനാണ് കെ.വി കുമാരന്‍ മാസ്റ്റര്‍. യശ്പാലിന്റെ 'കൊടുങ്കാറ്റടിച്ച നാളുകള്‍' എന്ന കൃതി ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. യശ്പാലിന്റെ തന്നെ മറ്റൊരു കൃതി 'കൊലക്കയറിന്റെ കുരുക്ക് വരെ'യും മലയാളത്തിലാക്കി. കൊച്ചുവിപ്ലവകാരികള്‍, ഗോപാലകൃഷ്ണ പൈയുടെ സ്വപ്‌നസാരസ്വത എന്നിവയാണ് മറ്റു വിവര്‍ത്തന കൃതികള്‍. കന്നഡയില്‍ നിന്ന് സര്‍വ്വജ്ഞന്റെ 'വചനങ്ങ'ളും മലയാളത്തിലാക്കി. കന്നഡയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത കഥകളുടെ സമാഹാരം ഉടന്‍ മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്നുണ്ട്. കാസര്‍കോട് പീപ്പിള്‍സ് ഫോറം വൈസ് പ്രസിഡണ്ടാണ്. ഭാര്യ: ഉഷാ കുമാര്‍. മക്കള്‍: സുപ്രിയ സുനില്‍, സുലോക് കുമാര്‍.