കാസര്‍കോട്: പ്രമുഖ പത്രപ്രവര്‍ത്തകനും ഉത്തരദേശം സ്ഥാപകനും പ്രസ്‌ക്ലബ്ബ് പ്രസിഡണ്ടുമായിരുന്ന കെ.എം. അഹ്മദിന്റെ പേരില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബ് നല്‍കി വരുന്ന പത്രപ്രവര്‍ത്തക അവാര്‍ഡിന് മലയാള മനോരമയിലെ ഫോട്ടോ ഗ്രാഫര്‍ ജിതിന്‍ ജോയല്‍ ഹാരിമിനെ തിരഞ്ഞെടുത്തു. ഇത്തവണ മികച്ച വാര്‍ത്താ ചിത്രത്തിനാണ് അവാര്‍ഡ് നല്‍കുന്നത്. മലയാള മനോരമ കണ്ണൂര്‍ യൂണിറ്റിലെ ഫോട്ടോഗ്രാഫറായ ജിതിന്‍ പകര്‍ത്തിയ വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട് അഭയംതേടിയ കുടുംബത്തിലെ കുട്ടിയെ സൈന്യം മറുകരയിലേക്ക് സുരക്ഷിതമായി എത്തിക്കുന്ന ചിത്രമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ഫോട്ടോ എഡിറ്റര്‍മാരായ മധുരാജ്, ആര്‍.എസ്. ഗോപന്‍, ജി. പ്രമോദ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ജനുവരി 11ന് പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ 10,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് വിതരണം ചെയ്യും.