കാസര്‍കോട് കാഴ്ച സാംസ്‌കാരിക വേദിയുടെ കളത്തില്‍ രാമകൃഷ്ണന്‍ മാധ്യമ അവാര്‍ഡ് പി.പി ലിബീഷിനും ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി അവാര്‍ഡ് ടി.എ ഷാഫിക്കും

By :  Sub Editor
Update: 2025-01-08 10:58 GMT

കാസര്‍കോട്: കാഴ്ച സാംസ്‌കാരിക വേദിയുടെ സ്ഥാപക ഭാരവാഹിയും ഇന്ത്യന്‍ എക്‌സ്പ്രസ് കാസര്‍കോട് ബ്യൂറോ ചീഫുമായിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ കളത്തില്‍ രാമകൃഷ്ണന്റെ പേരിലുള്ള രണ്ടാമത് കളത്തില്‍ രാമകൃഷ്ണന്‍ അവാര്‍ഡിന് മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പി.പി ലിബീഷ് കുമാറും കാസര്‍കോടിന്റെ സ്പന്ദനങ്ങളറിഞ്ഞ് മാധ്യമ പ്രവര്‍ത്തനം നടത്തിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയുടെ പേരിലുള്ള പ്രഥമ അവാര്‍ഡിന് ഉത്തരദേശം ന്യൂസ് എഡിറ്റര്‍ ടി.എ ഷാഫിയും അര്‍ഹരായി.

മാതൃഭൂമിയില്‍ 2024 ഫെബ്രുവരി 15 മുതല്‍ 18 വരെ പ്രസിദ്ധീകരിച്ച 'വേണം പവര്‍ ഹൈവേ, ഉത്തര മലബാര്‍ കാത്തിരിക്കുന്നു' എന്ന പരമ്പരയാണ് ലിബീഷ് കുമാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

ഉത്തരദേശം പത്രത്തില്‍ 2024 ജൂണ്‍ എട്ടിന് പ്രസിദ്ധീകരിച്ച പലസ്തീനിലെ റഫയില്‍ ചിഹ്നഭിന്നമായ മൃതദേഹങ്ങള്‍ക്കിടയില്‍ ജീവനറ്റുപോകാത്ത കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കുന്ന യു.എ.ഇയിലെ റെഡ്‌ക്രോസ് വളണ്ടിയര്‍ ടീമിലെ ബദിയടുക്ക സ്വദേശി ബഷീറിനെ കുറിച്ചുള്ള ഫീച്ചറാണ് ടി.എ ഷാഫിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

വീക്ഷണം സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ പി. സജിത് കുമാര്‍, ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ചീഫ് വിനോദ് പായം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ക്യാഷ് അവാര്‍ഡും ശിലാഫലകവുമടങ്ങിയ അവാര്‍ഡ് ജനുവരി 16ന് ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് പ്രസ്‌ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ദേവദാസ് പാറക്കട്ട, അശോകന്‍ നീര്‍ച്ചാല്‍, അശോകന്‍ കറന്തക്കാട് എന്നിവരെ ആദരിക്കും.

പത്രസമ്മേളനത്തില്‍ കാഴ്ച സാംസ്‌കാരിക വേദി പ്രസിഡണ്ട് അഷ്‌റഫ് കൈന്താര്‍, സെക്രട്ടറി ഷാഫി തെരുവത്ത്, വൈസ് പ്രസിഡണ്ട് പത്മേഷ് കെ.വി, എ.പി വിനോദ് എന്നിവര്‍ സംബന്ധിച്ചു.

Similar News