ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ വീണ്ടും പുരസ്‌കാര നിറവില്‍

By :  Sub Editor
Update: 2025-02-20 10:01 GMT

കാസര്‍കോട്: ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ വീണ്ടും സംസ്ഥാന പുരസ്‌കാര നിറവില്‍. ഡിജിറ്റല്‍ സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ജില്ലാ കലക്ടര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായി. ജില്ലയില്‍ ഡിജിറ്റല്‍ സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുകയും മികച്ച രീതിയില്‍ സംഘടിപ്പിക്കുകയും ചെയ്തതിനാണ് അവാര്‍ഡെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. ഡിജിറ്റല്‍ സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിന് പ്രത്യേക അദാലത്തുകള്‍ വില്ലേജ് തലത്തില്‍ ജില്ലാ കലക്ടര്‍ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റല്‍ സര്‍വ്വെ സമ്പൂര്‍ണ്ണമായി പൂര്‍ത്തിയാക്കിയ ഉജാര്‍ ഉളുവാര്‍ വില്ലേജില്‍ കലക്ടര്‍ അദാലത്ത് സംഘടിപ്പിച്ചിരുന്നു. തളങ്കര ഉള്‍പ്പെടെയുള്ള വില്ലേജുകളിലും ജില്ലാ കലക്ടര്‍ നേരിട്ട് സന്ദര്‍ശിച്ച് അദാലത്തുകള്‍ നടത്തി. ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തീകരണത്തിന് ജനപ്രതിനിധികളും ജനങ്ങളും നല്‍കിയ പിന്തുണയ്ക്ക് കലക്ടര്‍ നന്ദി അറിയിച്ചു.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ നൂതനാശയങ്ങള്‍ ആവിഷ്‌കരിച്ച മികച്ച ജില്ലാ കലക്ടര്‍ക്കുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പുരസ്‌കാരത്തിനും കെ. ഇമ്പശേഖര്‍ അര്‍ഹനായിരുന്നു. ജില്ലാ കലക്ടര്‍ നേതൃത്വം നല്‍കിയ ഐ ലീഡ് പദ്ധതിക്കാണ് 2024 വര്‍ഷത്തെ സാമൂഹിക നീതി വകുപ്പിന്റെ പുരസ്‌കാരം ലഭിച്ചത്.

Similar News