ലോക ഡിജിറ്റല്‍ ഫെസ്റ്റില്‍ തിളങ്ങി കാസര്‍കോട് സ്വദേശികളായ സഹോദരങ്ങള്‍

Update: 2025-02-04 09:34 GMT

ദുഹാ എഫ്. ഉസ്മാനും സഹോദരന്‍ സാകി എഫ്. ഉസ്മാനും ഉപഹാരവുമായി

കാസര്‍കോട്: ബോസ്റ്റണ്‍ എം.ഐ.ടിയില്‍ സൈബര്‍ സ്‌ക്വയര്‍ സംഘടിപ്പിച്ച ലോക ഡിജിറ്റല്‍ ഫെസ്റ്റ്-2025 കോഡിംഗ് മത്സരത്തില്‍ സമ്മാനം നേടി കാസര്‍കോട് സ്വദേശികളായ സഹോദരങ്ങള്‍. കാനഡയില്‍ താമസിക്കുന്ന കാസര്‍കോട് ആനബാഗിലുവിലെ ഫിറോസ് മുഹമ്മദ് ഉസ്മാന്റെയും ചൗക്കിയിലെ ഷായിസ്താ അബ്ദുല്ല സുലൈമാന്റെയും മക്കളായ ദുഹാ എഫ്. ഉസ്മാനും സഹോദരന്‍ സാകി എഫ്. ഉസ്മാനുമാണ് അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയത്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിക്കുന്ന മത്സരത്തില്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള വിദ്യാര്‍ത്ഥി പ്രതിഭകള്‍ മത്സരിച്ചു. ഇതിലാണ് വ്യത്യസ്തങ്ങളായ പ്രൊജക്ടുകള്‍ അവതരിപ്പിച്ച് ദുഹായും സാകിയും രണ്ടാം സ്ഥാനം നേടിയത്. ഇരുവരും 2023 മുതല്‍ സൈബര്‍ സ്‌ക്വയറിലൂടെ കോഡിംഗ് പഠിച്ചുവരികയാണ്.

വെബ്/മൊബൈല്‍ ആപ്പ് വിഭാഗത്തില്‍ ഗ്ലോബല്‍ ക്വസ്റ്റ് എന്ന പ്രൊജക്ട് അവതരിപ്പിച്ചാണ് ദുഹാ സമ്മാനം നേടിയത്. പഠനത്തെ ആകര്‍ഷകവും രസകരവുമാക്കാന്‍ പറ്റുന്ന വെബ്‌സൈറ്റാണ് രൂപകല്‍പന ചെയ്തത്. എ.ഐ. കാറ്റഗറിയില്‍ ഉപഭോക്താവിന്റെ മാനസിക അവസ്ഥയെ അടിസ്ഥാനമാക്കി പാട്ടുകള്‍ തിരഞ്ഞെടുക്കപ്പെടുന്ന ഇമോമെലഡി സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്താണ് സാകി സമ്മാനം നേടിയത്. അധ്യാപകരായ അനു പ്രമോദിന്റെയും ആരതി കെ.എസിന്റെയും മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഈ സഹോദരങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത്. കാനഡയിലെ ജിബ്രാള്‍ട്ടര്‍ ലീഡര്‍ഷിപ്പ് അക്കാദമിയിയില്‍ നിന്ന് പരിശീലനം നേടിയ ഇരുവരും എ.ഐ, വെബ് സാങ്കേതിക വിദ്യകളില്‍ കഴിവുകള്‍ പ്രകടിപ്പിച്ച് ശ്രദ്ധ നേടുകയാണ്. ബോസ്റ്റണ്‍ എം.ഐ.ടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രൊജക്ട് അവതരിപ്പിക്കാനായതും മത്സരത്തില്‍ സമ്മാനങ്ങള്‍ നേടാനായതും അവിസ്മരണീയമായ അനുഭവമാണെന്ന് ഇരുവരും പറയുന്നു.


Similar News