തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ മികച്ച ആശയ സാക്ഷാത്കാരം; ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന് ബഹുമതി

By :  Sub Editor
Update: 2025-01-23 09:46 GMT

കാസര്‍കോട്: കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെ മികച്ച ആശയ സാക്ഷാത്കാരത്തിന് കാസര്‍കോട് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന് ബഹുമതി. ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലാ വരണാധികാരിക്ക് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഏര്‍പ്പെടുത്തിയ ബഹുമതി കെ. ഇമ്പശേഖറിനും എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, പാലക്കാട് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, തൃശൂര്‍ ജില്ലാ കലക്ടറായിരുന്ന കൃഷ്ണ തേജ എന്നിവര്‍ക്കാണ് ലഭിച്ചത്. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ചാണ് ബഹുമതികള്‍ പ്രഖ്യാപിച്ചത്. ദേശീയ സമ്മതിദായക ദിനമായ 25ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ബഹുമതികള്‍ സമ്മാനിക്കും.

വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നതിന് പ്രത്യേക ഗ്രാമസഭ, ഭിന്നശേഷിക്കാര്‍ക്കും കാഴ്ച പരിമിത വിഭാഗങ്ങള്‍ക്കുമായി കണ്‍ട്രോള്‍ റൂം, സപ്തഭാഷയിലും വിവരങ്ങള്‍ കൈമാറുന്നതിനുള്ള നൂതന സംവിധാനം, വോട്ടെണ്ണലിന് എത്തുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും ക്യു.ആര്‍ കോഡ് പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ വ്യത്യസ്തമായ നൂതന പരിപാടികളാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസര്‍കോട് മണ്ഡലത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കെ. ഇമ്പശേഖര്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയത്.

Similar News